Tuesday 21 September 2021 03:08 PM IST

‘ഓർമകൾ മായാൻ തുടങ്ങിയപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്യാൻ കൊതിച്ചു’! അൽഷിമേഴ്സിൽ തട്ടിയുടഞ്ഞ ജീവിതം: സാജൻ പറയുന്നു

V.G. Nakul

Sub- Editor

sajan-surya

ജീവിതത്തിന്റെ ഒരു വളവ് തിരിയുമ്പോൾ പെട്ടെന്ന് ഒരാൾ മനസ്സിലാക്കുകയാണ്, താന്‍ പിന്നിട്ട പാതകൾ ഇപ്പോൾ തന്റെ ഓർമയിലില്ലെന്ന്. പതറി നിൽക്കുമ്പോൾ ഏതോ ഒരു തുരുത്തിൽ തന്റെ അത്രകാലത്തെ ജീവിതയാത്രയുടെ പൊട്ടും പൊടിയും മാത്രം ശേഷിക്കുന്നുവെന്ന തിരിച്ചറിവിലേക്കെത്തുന്ന അയാൾ പോകെപ്പോകെ അവിടെയൊക്കെ ഇരുൾ മൂടുന്നതും നിസ്സഹായനായി കണ്ടു നിൽക്കുന്നു. ഏറെ വൈകാതെ സ്വയമൊരു വലിയ മറവിയായി, താനാരെന്നോ നനിക്കു ചുറ്റുമുള്ളവരാരെന്നോ മനസ്സിലാകാതെ ആ ജീവിതം ദുരിതത്തിന്റെ കടൽക്കരയിലേക്ക് നടന്നു നീങ്ങുന്നു.

അൽഷിമേഴ്സ് എന്ന ഈ രോഗം ഇപ്പോൾ ലോകത്തിന് പുതുമയല്ല. ഓരോ വർഷവും എത്രയെത്ര മനുഷ്യരാണ് മറവിയുടെ തീക്കാടുകളിലേക്ക് വലിച്ചെറിയപ്പെടുന്നത്. എന്നാൽ കൗമാരം കടക്കും മുമ്പേ സ്വന്തം അച്ഛൻ മറവിയുടെ കയങ്ങളിലേക്ക് ആണ്ടു പോകുന്നത് നിസ്സഹായനായി കണ്ടു നിൽക്കേണ്ടി വന്ന ഒരു മകനുണ്ട് – മലയാളികളുടെ പ്രിയതാരം സാജന്‍ സൂര്യ. സാജന്റെ പിതാവും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശൻ നായര്‍ മറവി രോഗത്തെത്തുർന്നാണ് മരണപ്പെട്ടത്. ഏഴു വർഷമാണ് അൽഷിമേഴ്സിന്റെ പിടിയിലമർന്ന് സതീശൻ നായര്‍ ജീവിതം തള്ളിനീക്കിയത്.

‘‘എന്താണ് സംഭവിക്കുന്നതെന്ന് അവർ അറിയുന്നില്ലല്ലോ. കണ്ടു നിൽക്കുന്നവരാണല്ലോ അതിന്റെ ഭീകരത മനസ്സിലാക്കുന്നത്. ഇപ്പോൾ എല്ലാവർക്കും ഈ രോഗത്തെക്കുറിച്ച് അറിയാം. പണ്ട് അങ്ങനെയല്ല. മറന്നു പോകുന്ന അസുഖം എന്നൊക്കെ പറയുമ്പോൾ ഭ്രാന്ത് എന്ന രീതിയിലൊക്കെ പലരും തെറ്റിദ്ധരിച്ചിരുന്നു. അതിന്റെ വിഷമം കൂടി താങ്ങേണ്ടി വരും’’. – സാജൻ ആ കാലത്തിന്റെ വേദനകളിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടു പറഞ്ഞു തുടങ്ങുന്നു.

‘‘എനിക്ക് 16 വയസ്സൊക്കെയുള്ളപ്പോഴാണ് അച്ഛനെ രോഗം ബാധിക്കുന്നത്. അസുഖം ബാധിച്ച ശേഷം അച്ഛന്റെ ഓർമിയിലുണ്ടായിരുന്നത് ഞാൻ ജനിച്ചപ്പോഴൊക്കെയുള്ള കാലമാണ്. അച്ഛന്റെ അനിയൻ പട്ടാളത്തിൽ ചേരുന്നതിന് തൊട്ടുമുമ്പുള്ള കാലമാണ് അത്. ഞാൻ മുമ്പിൽ ചെല്ലുമ്പോൾ ജയനാണോ (അച്ഛന്റെ അനിയന്‍) എന്നു ചോദിക്കും. ഇത് സാജുവാണെന്ന് പറഞ്ഞാൽ, ‘അല്ല സാജു കുഞ്ഞല്ലേ’ എന്നാകും മറുപടി. ഏഴു വർഷം ഈ അസുഖത്തിന്റെ തടവിലായിരുന്നു അച്ഛൻ. എപ്പോഴും വീടിനുള്ളിൽ തന്നെ. ആ ഏഴുവർഷം ഞങ്ങൾ വേദനയുടെ ഏഴു നൂറ്റാണ്ടുകളായാണ് അനുഭവിച്ചു തീർത്തത്. അതൊന്നും വിവരിക്കാൻ സാധ്യമല്ല. ഒടുവില്‍ അച്ഛൻ പോയി’’. – സാജൻ വനിത ഓൺലൈനോട് പറയുന്നു.

മറവി പടർന്ന ദിനങ്ങൾ

അച്ഛന്റെ അച്ഛന് മറവി രോഗമുണ്ടായിരുന്നു. അച്ഛനിലേക്ക് അതെങ്ങനെ, എപ്പോൾ വന്നു എന്നൊന്നും കൃത്യമായി പറയാനാകില്ല. ഒരു ഘട്ടം മുതൽ അച്ഛൻ പലതും മറക്കാൻ തുടങ്ങി. ആദ്യമൊക്കെ ചിലതൊക്കെ മറന്നു എന്ന് അച്ഛൻ പറയുമ്പോൾ, വെറുതെ പറയുന്നതാകും എന്നാണ് ഞങ്ങളൊക്കെ വിചാരിച്ചത്. വളരെ ഹാർഡ് വർക്കിങ് ആയ ആൾ ഓഫീസിൽ പോകാനൊക്കെ മടി കാണിച്ച് തുടങ്ങിയതോടെ അസുഖത്തിന്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടു. പതിയെപ്പതിയെ അച്ഛനെ ഈ രോഗം കീഴടക്കുകയായിരുന്നു. ആദ്യമൊന്നും ഇങ്ങനെയൊരു അസുഖമുള്ള കാര്യം അച്ഛൻ പുറത്തു പറഞ്ഞില്ല. സ്വന്തമായി ചികിത്സിക്കാനൊക്കെ ശ്രമിച്ചു. ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നത്രേ. ഒരു കൂട്ടുകാരനോട് അതു പറഞ്ഞിരുന്നു. ഒരു വർഷത്തിനുള്ളിൽ അച്ഛന് ഇങ്ങനെയൊരു അസുഖമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. ആദ്യം ന്യൂറോയിൽ കാണിച്ചു. അവർക്ക് രോഗം മനസ്സിലായില്ല. പിന്നീട് ബയോപ്സി എടുത്ത് അമേരിക്കയ്ക്ക് അയച്ചിട്ടാണ് രോഗം തിരിച്ചറിഞ്ഞത്. പിന്നീട് ചികിത്സയുടെ നാളുകൾ...

ചികിത്സ

കരകുളം ഏണിക്കരയാണ് നാട്. ധാരാളം ഭൂസ്വത്തുള്ള ആളായിരുന്നുവെങ്കിലും 90 ശതമാനവും ചികിത്സയ്ക്കായി വിറ്റു. ഉള്ളൂരിലും വീടുണ്ടായിരുന്നു. അച്ഛന്റെ ചികിൽസയ്ക്കാണ് അതു വിറ്റത്. അച്ഛന് മരുന്ന് പുറത്തുനിന്നെത്തിച്ചാൽ അസുഖം ഭേദമാകും എന്നൊരു ധാരണ വന്നു. ബാംഗ്ലൂരിൽ കൊണ്ടു പോയി സർജറിയൊക്കെ നടത്തി. ലണ്ടനിൽ ഒരു മരുന്നുണ്ട്, അതു വരുത്തിയാൽ രോഗം ഭേദമാകും എന്നു പറഞ്ഞതനുസരിച്ച്, അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം വില വരുന്ന രണ്ടു ബോട്ടില്‍ മരുന്നെത്തിച്ചു. അതിനാണ് ഉള്ളൂരിലെ വീടും 7 സെന്റും വിറ്റത്.