കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചത് മലയാളത്തിന്റെ പ്രിയതാരം വിനയ് ഫോർട്ടിന്റെ പുത്തൻ ലുക്ക് ആണ്. ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമായാണ് പുതിയ ചിത്രമായ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ പ്രസ്മീറ്റിന് നിവിൻ പോളിക്കൊപ്പം വിനയ് എത്തിയത്. പ്രസ് മീറ്റിന്റെ വിഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഈ ലുക്ക് വൈറലായി.
‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്‌യുടെ ലുക്കാണിത്. ‘‘ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. ‘അപ്പൻ’ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്’. – ലുക്കിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് വിനയ് ഫോർട്ടിന്റെ മറുപടി ഇങ്ങനെ.
ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ് എന്ന ചിത്രത്തിലെ ജഗതിയുടെ ‘ഉമ്മൻ കോശി’ എന്ന കഥാപാത്രവുമായാണ് നടൻ അജു വർഗീസ് വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നതെങ്കിൽ വിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് വൈറൽ. വിനയ്‌യുടെ ലുക്കിനു സമാനമായ രീതിയിൽ പാതി മീശ വടിച്ച സഞ്ജുവിനെ ചിത്രങ്ങളിൽ കാണാം. ജസ്റ്റിസ്, വിനയ് ഫോർട്ട് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും വിനയ്‌യുടെ ലുക്ക് സിനിമാ ലോകത്തും തരംഗമാകുന്ന കാഴ്ചകളാണ് കാണാനാകുന്നത്.