Wednesday 02 June 2021 10:47 AM IST

മലയാള സിനിമയുടെ ആസ്ഥാന ‘ബംഗാളി’, ഇപ്പോൾ ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ: സന്തോഷ് ലക്ഷ്മൺ പറയുന്നു

V.G. Nakul

Sub- Editor

santhosh-lakshman-1

സിനിമയിൽ ചില ആസ്ഥാന വേഷക്കാരുണ്ട്. ആസ്ഥാന പൊലീസുകാരൻ, ആസ്ഥാന രാഷ്ട്രീയക്കാരൻ, ആസ്ഥാന ചായക്കടക്കാരന്‍ എന്നിങ്ങനെ ഒരേ തരം റോളുകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നവർ. അക്കൂട്ടത്തിൽ, അടുത്ത കാലത്തായി മലയാള സിനിമയിൽ ഒരു സ്ഥിരം ബംഗാളിയുണ്ട്. ലുക്കിലും സംസാരത്തിലുമൊക്കെ തനി ബംഗാളി. പക്ഷേ, ആ ബംഗാളിയുടെ ജീവചരിത്രം തപ്പിച്ചെന്നപ്പോൾ ഞെട്ടി. ‘സേട്ടാ...’എന്നല്ല, ‘ചേട്ടാ...’ എന്നു തന്നെ വ്യക്തമായി വിളിക്കുന്ന ഒരു തനി മലയാളിയാണ് കക്ഷി. പേര് – സന്തോഷ് ലക്ഷ്മൺ. കൊല്ലം ഇരവിപുരത്തുകാരൻ. ‘ഒരു വടക്കൻ സെൽഫി’, ‘ആൻമരിയ കലിപ്പിലാണ്’, ‘ഞാൻ പ്രകാശൻ’, ‘അഞ്ചാം പാതിര’ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ ‘തനി ബംഗാളിയായി ജീവിച്ച’ സന്തോഷിന്റെ ബയോഡാറ്റയിൽ നടൻ എന്ന വിശേഷണമല്ല പ്രധാനം. ആദ്യ സിനിമയിലൂടെ അഭിന്ദനങ്ങള്‍ സ്വന്തമാക്കുന്ന സംവിധായകൻ കൂടിയാണ് ഈ ചെറുപ്പക്കാരൻ. സന്തോഷ് സംവിധാനം ചെയ്ത് ദീപക് പരമ്പോൽ നായകനായ ‘ദ ലാസ്റ്റ് ടു ഡെയ്സ്’ ഇതിനോടകം ഒ.ടി.ടി പ്ലാറ്റ് ഫോമിൽ ഹിറ്റ് ചാർട്ടിൽ എത്തിക്കഴിഞ്ഞു. മുൻപ് മേജർ രവി, ജീത്തു ജോസഫ് ഉൾപ്പടെയുള്ളവരുടെ അസോഷ്യേറ്റ് ഡയറക്ടറും അസിസ്റ്റന്റുമൊക്കെയായി പ്രവർത്തിച്ചതിന്റെ വലിയ അനുഭവ സമ്പത്തുമായാണ് സന്തോഷ് ആദ്യം ചിത്രം സംവിധാനം ചെയ്തത്. അതിന്റെ മികവ് ‘ദ ലാസ്റ്റ് ടു ഡെയ്സ്’ നെ മനോഹരമായൊരു ത്രില്ലറാക്കുന്നു.

‘‘ഞാൻ ഒരു ബംഗാളിയാണെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. അഭിനയിച്ചു തുടങ്ങിയ ശേഷം എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ആളുകൾ വന്ന് ഹിന്ദിയിൽ സംസാരിച്ച്, പരിചയപ്പെടാൻ ശ്രമിക്കും. ഹിന്ദി അറിയാത്ത മലയാളികൾ പരിചയപ്പെടണമെന്ന ആഗ്രഹത്താൽ പാടുപെട്ടു സംസാരിക്കുന്നതൊക്കെ രസകരമായ അനുഭവമാണ്. അപ്പോൾ ഞാനും പറയും, മലയാളിയാണെന്ന്. ആ സമയത്തെ അവരുടെ റിയാക്ഷനാണ് കൗതുകം. ആൻമരിയക്കു ശേഷമാണ് ഞാൻ ഒരു യഥാർഥ ബംഗാളിയാണെന്ന് ജനം മുദ്രകുത്തിയത്. എന്റെ രൂപം തച്ചുടയ്ക്കാൻ പറ്റാത്ത ബംഗാളിയുടെതാണെന്ന് എനിക്കറിയാം. അപ്പോൾ പരമാവധി അതിനെ ഉപയോഗിക്കാനാണ് ഞാൻ ശ്രമിക്കാറ്. മിമിക്രി എനിക്കറിയില്ല. എങ്കിലും ബംഗാളികൾ മലയാളം പറയുന്ന സ്റ്റൈലൊക്കെ പിടിച്ച് വേഷം കൂടുതൽ സ്വാഭാവികമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്’’. – സന്തോഷ് ‘വനിത ഓൺലൈനോട്’ പറയുന്നു.

santhosh-lakshman-2

എഴുതാനെത്തി, സഹസംവിധായകനായി

കൊല്ലം ജില്ലയിലെ ഇരവിപുരത്ത് തെക്കേവിളയാണ് എന്റെ സ്വദേശം. ഫാത്തിമ മാതാ ഇന്റർനാഷനൽ കോളജിലായിരുന്നു പഠനം. പിന്നീട് സിനിമ തലയിൽ കയറിയപ്പോൾ കൊല്ലത്തു നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായി. ആ സമയത്ത് കഥകളെഴുതാൻ പറ്റും എന്ന ആത്മവിശ്വാസമുണ്ടായി. കഥകളെഴുതി ചലച്ചിത്രപ്രവർത്തകരെ സമീപിക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് മേജർ രവി സാറിന്റെ അടുത്തെത്തുന്നത്. സാറിനോട് പറഞ്ഞ കഥ പ്രൊജക്ട് ആകാറായിട്ടും നടക്കാതെ പോയി. അതോടെ സാറിന്റെ കൂടെ സഹസംവിധായകനായി ചേർന്നു. അതായിരുന്നു വഴിത്തിരിവ്. അസിസ്റ്റന്റാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എഴുതുകയായിരുന്നു ലക്ഷ്യം. പക്ഷേ, സഹംസംവിധാനത്തിലേക്ക് കടന്ന ശേഷമാണ് സിനിമ വളരെ അടുത്തു നിന്നു മനസ്സിലാക്കാനായത്. എന്റെ ആദ്യ ചിത്രം സാറിന്റെ ആന്തോളജി ചിത്രമായ ‘അമ്മ’യാണ്. അതിനു ശേഷം ‘കർമയോദ്ധ’. ‘പിക്കറ്റ് 43’, ബോബൻ സാമുവൽ സാറിന്റെ ‘ഹാപ്പി ജേണി’, പ്രജിത് സാറിന്റെ ‘ഒരു വടക്കൻ സെൽഫി’യൊക്കെ വന്നു. ‘ഒരു വടക്കൻ സെൽഫി’യാണ് കരിയർ മാറ്റിയത്. അതിൽ ആണ് ആദ്യം അഭിനയിച്ചതും ബംഗാളിയായതും. നിവിൽ പോളിയോട് ഫോണിന്റെ ബാറ്ററി ചോദിക്കുന്ന വേഷമായിരുന്നു. അതിനു ശേഷം ബംഗാളി റോളുകൾ കൂടുതൽ തേടി വരാൻ തുടങ്ങി. ഇതിനോടകം 12 സിനിമകളിൽ അഭിനയിച്ചു. ‘അഞ്ചാം പാതിര’യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

santhosh-lakshman-3

വിളിക്കുന്നവർക്ക് നാണക്കേട്

അഭിനയിക്കുമ്പോഴും എന്റെ മനസ്സിൽ സംവിധാനമായിരുന്നു. ബംഗാളി റോളിലേക്ക് എന്നെ വിളിക്കുമ്പോള്‍ അവർക്ക് നാണക്കേടാണെങ്കിലും എനിക്ക് സന്തോഷമാണ്. മറ്റൊരു സംവിധായകന്റെ രീതി കൂടി പഠിക്കാമല്ലോ. ആ സെറ്റ് കൂടി പരിചയപ്പെടാമല്ലോ.

എട്ട് സിനിമളിൽ സഹസംവിധായകനായ ശേഷമാണ് ആദ്യ സിനിമ പ്ലാൻ ചെയ്തത്. ആദ്യം ചെയ്തത് രണ്ട് ഷോർട്ട് ഫിലിമുകളാണ്. ‘ഒറ്റമൂലി’യിൽ സംവിധായകൻ ജീത്തു ജോസഫ് സാറും ‘ലുട്ടാപ്പി’യിൽ ഞാനുമായിരുന്നു നായകൻ. ജീത്തു സാറിന്റെ ‘ആദി’യിൽ ഞാൻ അസോഷ്യേറ്റായിരുന്നു.

santhosh-lakshman-4

ദ ലാസ്റ്റ് ടൂ ഡെയ്സ്’

ധർമ ഫിലിംസിന്റെ തന്നെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ആദ്യ ഫീച്ചർ ഫിലിം പ്ലാൻ ചെയ്തപ്പോഴാണ് കൊറോണയുടെ പ്രശ്നങ്ങൾ വന്നതും ആ സിനിമ മുടങ്ങിയതും. അതിനു ശേഷമാണ് ‘ദ ലാസ്റ്റ് ടൂ ഡെയ്സ്’ലേക്ക് എത്തിയത്. വളരെ ചെറിയ ഇടത്ത് ചെയ്യാവുന്ന ഒരു ത്രില്ലറായിരുന്നു ലക്ഷ്യം. രണ്ട് ഷെഡ്യൂളിലാണ് പടം തീർന്നത്.

ചിത്രത്തിലെ നായകനായി ദീപക് തന്നെയായിരുന്നു എന്റെ ഫസ്റ്റ് ഓബ്ഷൻ. അദ്ദേഹം അത് ഗംഭീരമായി ചെയ്തു. സിനിമയെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് ദീപക്. ചിത്രത്തിന് നല്ല അഭിപ്രായം കിട്ടുന്നു. ധർമ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കുടുംബം

അച്ഛൻ – ലക്ഷ്മണൻ, അമ്മ – ലീന, സഹോദരി – സനുഷ. എന്റെ ഭാര്യ രേഖ. രണ്ട് മക്കൾ. ശ്രേയ മൂന്നാം ക്ലാസിലും യുവൻ യു.കെയജിയിലും.