Saturday 04 September 2021 11:53 AM IST

ഇനി ‘റോക്കറ്റ്റി’യിലെ മാധവൻ, ‘മരക്കാറി’ലെ സുനിൽ ഷെട്ടി: അന്യഭാഷകളിലെ സൂപ്പർതാരങ്ങൾ മലയാളം പറയുന്നത് ഈ ശബ്ദത്തിൽ

V.G. Nakul

Sub- Editor

saran-new

‘‘അറിയില്ലേ... ഇന്നയാളാണ്’’ എന്നൊന്നും പറയേണ്ടതില്ല, ശരണ്‍ പുതുമനയെ മലയാളികൾ തിരിച്ചറിയാൻ. മൂന്നു പതിറ്റാണ്ടിലധികമായി, ഈ ചെറുപ്പക്കാരൻ കുടുംബപ്രേക്ഷകരുടെ സ്വന്തക്കാരനായിട്ട്.

സിനിമയിലും സിരീയലുകളിലും നടന്‍ എന്ന നിലയിൽ ശ്രദ്ധേയമായ ഇടം നേടിയ ശരണിന്റെ ശബ്ദത്തിനും പൊന്നും വിലയാണ്. തമിഴ്, തെലുങ്ക് സിനിമകൾ മലയാളത്തിലേക്കു മൊഴിമാറ്റിയെത്തിയാലോ, അന്യഭാഷകളിലെ പ്രമുഖ താരങ്ങൾ മലയാളത്തില്‍ അഭിനയിക്കാനോത്തിയാലോ അണിയറ പ്രവർത്തകർ ശരണിന തേടിയെത്തും. അവിടുത്തെയൊക്കെ നായകൻമാർ മലയാളം പറയുന്നത് ശരണിന്റെ ശബ്ദത്തിലാണ്.

തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ എൻ.ടി.ആർ, നാനി, രാം ചരൺ തേജ എന്നിവരുടെ സിനിമകള്‍ മലയാളത്തിലേക്ക് ഡബ് ചെയ്തെത്തുമ്പോൾ നായകൻമാർക്ക് ശബ്ദം നൽകുക ശരണാണ്. തമിഴകത്തിന്റെ പ്രിയതാരങ്ങളായ അജിത്, വിജയ്, സൂര്യ, വിക്രം, കാർത്തി, വിജയ് സേതുപതി, ആര്യ തുടങ്ങിയവർക്കു വേണ്ടി പല ചിത്രങ്ങളിലും ശരൺ മലയാളത്തിൽ ഡബ് ചെയ്തിട്ടുണ്ട്.

‘‘പറയാം’ എന്ന ചിത്രത്തിൽ ജിഷ്ണുവിന് വേണ്ടിയാണ് ആദ്യം ശബ്ദം കൊടുത്തത്. ടൊവിനോ തോമസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് തുടങ്ങി പലർക്കും ആദ്യ കാലത്ത് ശബ്ദം കൊടുത്തു. ‘ലൂസിഫറിൽ’ ഉൾപ്പടെ ബാലയ്ക്ക് ശബ്ദം നൽകി. അഭിനയവും ഡബ്ബിങ്ങും ഒരേ ഗൗരവത്തോടെ മുന്നോട്ടു കൊണ്ടു പോകുകയാണ്’’.– ശരൺ ‘വനിത ഓൺലൈനോട്’ പറയുന്നു.

saran

പാലക്കാട് ചിറ്റൂരിനടുത്ത് നല്ലേപ്പിള്ളിയാണ് ശരണിന്റെ നാട്. കലാകുടുംബത്തിൽ നിന്നാണ് വരവ്. അച്ഛൻ പ്രശസ്ത നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമായ കാളിദാസ് പുതുമന. അമ്മ ശാന്തിനി ദാസ് ഗായികയാണ്.

അച്ഛൻ സംവിധാനം ചെയ്ത ‘പൂർണവിരാമം’ എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത് – ബാലതാരമായി. ശേഷം ‘തുഞ്ചത്താചാര്യൻ’ എന്ന സീരിയലിൽ എഴുത്തച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. മലയാളത്തിലെ ആദ്യ മെഗാസീരിയൽ ‘വംശം’ ആണ് ശരണിന്റെ ആദ്യ ടെലിവിഷൻ പരമ്പര. ശരത് എന്ന നായകകഥാപാത്രമായിരുന്നു അതിൽ. തുടര്‍ന്ന് കൈനിറയേ അവസരങ്ങൾ. ‘സ്നേഹാഞ്ജലി’, ‘ശ്രീരാമൻ ശ്രീദേവി’, ‘താലി’, ‘ഓളങ്ങൾ’, ‘അലകൾ’, ‘ഡിറ്റക്ടീവ് ആനന്ദ്’, ‘സ്ത്രീ’ തുടങ്ങി നൂറ്റി അമ്പതിലധികം സീരിയലുകളുടെ ഭാഗമായി. പിതാവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രവാസ’മാണ് ശരണിന്റെ ആദ്യ സിനിമ. തുടർന്ന് ബിഗ് സ്ക്രീനിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ തേടിയെത്തി. ഒപ്പം ഡബ്ബിങ്ങിലും സജീവമായി. അറുപതോളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മോഹൻലാലും മുകേഷും ചേർന്നഭിനയിച്ച ‘ഛായാമുഖി’ എന്ന നാടകത്തിലും പ്രധാന വേഷത്തില്‍ ശരണുണ്ടായിരുന്നു. ക്രിക്കറ്റ് താരവും ഗായകനുമാണ്.

saran 2

ഇതിനോടകം മുന്നൂറിലധികം സിനിമകൾക്ക് ശരണ്‍ ശബ്ദം നൽകി. റിലീസിനൊരുങ്ങുന്ന ‘റോക്കറ്റ്റി– ദ നമ്പി എഫക്ടിൽ’ മാധവനു വേണ്ടി മലയാളത്തില്‍ ശബ്ദം നൽകിയതും ‘മരക്കാർ – അറബിക്കടലിന്റെ സിംഹ’ത്തിൽ സുനിൽ ഷെട്ടിക്കും അശോക് സെൽവനും ശബ്ദം നൽകിയിരിക്കുന്നതും ശരൺ ആണ്. 2014 ലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ശരണിനെ തേടിയെത്തി.

അവതാരകയും മാധ്യമ പ്രവർത്തകയുമായ റാണിയാണ് ശരണിന്റെ ഭാര്യ. മകൾ – ഉപാസന. റിലീസിനൊരുങ്ങുന്ന ‘നിയോഗം’, ‘മറുത’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശരണുണ്ട്. ‘കയ്യെത്തും ദൂരത്ത്’ എന്ന പരമ്പരയിലെ കൃഷ്ണ പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി സീരിയൽ രംഗത്തും സജീവമാണ് താരം.