സിനിമയിലാണ് തുടക്കമെങ്കിലും ഇപ്പോൾ മലയാളി കുടുബ പ്രേക്ഷകർക്ക് ശരണ്യ ആനന്ദിനെ കൂടുതൽ പരിചയം മിനിസ്ക്രീനിലൂടെയാണ്. ‘കുടുംബവിളക്കി’ലെ വേദിക എന്ന കഥാപാത്രം പ്രേക്ഷകർ അത്രകണ്ട് സ്വീകരിച്ചു കഴിഞ്ഞു. സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കി വിജയ യാത്ര തുടരുന്ന ശരണ്യ, ജീവിതത്തിലെ വലിയ സന്തോഷ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. നവംബറിൽ ശരണ്യയുടെ വിവാഹമാണ്. മനേഷ് രാജൻ നായർ ആണ് വരൻ.

ചാലക്കുടി സ്വദേശിയായ മനേഷ് നാഗ്പൂരിൽ ആണ് ജനിച്ചു വളർന്നത്. ഇപ്പോൾ അവിടെത്തന്നെ കുടുംബ ബിസിനസ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഗുജറാത്തിൽ ജനിച്ചു വളർന്ന മലയാളിപ്പെണ്ണിന് നാഗ്പൂരിൽ ജനിച്ചു വളർന്ന മലയാളിപ്പയ്യൻ ജീവിതപങ്കാളിയാകുന്നതിന്റെ വിശേഷങ്ങൾ ശരണ്യ ‘വനിത ഓൺലൈനി’ൽ പങ്കുവയ്ക്കുന്നു.
‘‘വീട്ടുകാർ കണ്ടെത്തിയതാണ് മനേഷിനെ. കുറച്ചു നാളായി വീട്ടിൽ വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അച്ഛന്റെ ഒരു സുഹൃത്ത് വഴി മനേഷേട്ടന്റെ ആലോചന വന്നത്. സത്യത്തിൽ ലോക്ക് ഡൗൺ കാലത്ത് ഞാൻ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. അതിനിടെയാണ് മനേഷേട്ടന്റെ വിവാഹാലോചന വന്നതും സംസാരിച്ച് നോക്കാൻ അച്ഛൻ പറഞ്ഞതും’’. – വിവാഹ വിശേഷങ്ങളെക്കുറിച്ച് ശരണ്യ മനസ്സ് തുറന്നു.
‘‘ഞങ്ങൾ ആദ്യം സംസാരിച്ചപ്പോൾ, ‘നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ആളാണ് ഞാന്‍’ എന്ന് മനീഷേട്ടൻ പറഞ്ഞപ്പോൾ, ‘ഹിന്ദി വാല ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ‘അല്ല മലയാളിയാണ്’ എന്നു പറഞ്ഞു. ഞാനും നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന മലയാളിയാണല്ലോ– ഗുജറാത്തില്‍. അപ്പോൾ പരസ്പരം മനസ്സിലാക്കാൻ എളുപ്പമാണ്.
അച്ഛൻ മനേഷേട്ടന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ ചാലക്കുടി എന്നേ പറഞ്ഞിരുന്നുള്ളൂ. ഈ നോർത്ത് ഇന്ത്യൻ കണക്ഷൻ സൂചിപ്പിച്ചില്ല. അവിടം കൊണ്ടും തീർന്നില്ല, അടുത്തതായി അദ്ദേഹം പറഞ്ഞ ആഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു. എന്റെയും വലിയ ആഗ്രഹം അതായിരുന്നു. എങ്കിലും ഇതിലൊക്കെ പ്രധാനപ്പെട്ട മറ്റുകാര്യങ്ങൾ വരുന്നതയുണ്ടായിരുന്നുള്ളൂ.

മനീഷേട്ടൻ എം.ബി.എ കഴിഞ്ഞ് ഫാമിലി ബിസിനസ്സിൽ ചേരുകയായിരുന്നു. അവരുടെ ബിസിനസ്സ് ഫാഷൻ മേഖലയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ പലയിടത്തും ബ്രാഞ്ചുകളുണ്ട്. അതിൽ എനിക്കും വലിയ താൽപര്യമുണ്ട്. എന്റെ കരിയറിന്റെ കാര്യത്തിൽ എനിക്കു തീരുമാനമെടുക്കാം എന്നായിരുന്നു പുള്ളിയുടെ ലൈൻ. അഭിനയം തുടരാനാണ് പ്ലാനെങ്കിൽ തുടർന്നോളൂ എന്നു പറഞ്ഞതോടെ ഞാൻ ഉറപ്പിച്ചു, കാര്യങ്ങൾ ഒത്തു വന്നാൽ മനേഷേട്ടൻ തന്നെയാകും എന്റെ ജീവിത പങ്കാളി. ജാതകം നോക്കിയപ്പോൾ അതും ചേരുന്നത്. എല്ലാം കൊണ്ടും എനിക്കു ചേരുന്ന ആളാണ് എന്നു മനസ്സിലായപ്പോൾ ഒന്നിച്ചു ജീവിക്കാം എന്നുറപ്പിച്ചു. വീട്ടുകാർക്കും പരസ്പരം ഇഷ്ടമായി’’. – ശരണ്യ പറയുന്നു.

ആനന്ദാണ് ശരണ്യയുടെ അച്ഛൻ. അമ്മ സുജാത. അനിയത്തി ബി.ബി.എ വിദ്യാർത്ഥിനിയായ ദിവ്യ. രാജൻ – ലത ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയയാളാണ് മനീഷ്. സഹോദരങ്ങൾ–പ്രശാന്ത്, മോനിഷ. ‘ആകാശഗംഗ 2’’ ലെ മയൂരി എന്ന യക്ഷിയുടെ കഥാപാത്രമാണ് സിനിമയിൽ ശരണ്യയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്ന്. ‘മാമാങ്കം’, ‘ചാണക്യതന്ത്രം’ എന്നിവയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ശരണ്യ.