തമിഴിന്റെ പ്രിയനായകനാണ് എസ്.ടി.ആർ. എന്ന സിലമ്പരസൻ ടി രാജേന്ദ്രൻ. ഇടക്കാലത്ത് കരിയറിൽ വേണ്ടത്ര വിജയങ്ങൾ നേടാനാകാതെ പോയ താരം വൻ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. അതിന്റെ ഭാഗമായി കഠിനമായ പരിശ്രമത്തിലുമാണ് താരം. ശരീര ഭാരം കുറച്ച് പുതിയ ലുക്കിലേക്കു മാറിയതിനൊപ്പം താരം ഭരതനാട്യവും അഭ്യസിച്ചു കഴിഞ്ഞു. ഭരതനാട്യത്തിൽ താരത്തിന്റെ ഗുരു തെന്നിന്ത്യയുടെ പ്രിയതാരമായ ശരണ്യ മോഹൻ ആണ്. ശരണ്യ സിമ്പുവിനെ നൃത്തം പരിശീലിപ്പിക്കുന്നതിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
‘‘സിമ്പുവിനെ ഞാൻ ഭരതനാട്യം പഠിപ്പിച്ചു എന്നതിനപ്പുറം അദ്ദേഹം ഈ തയാറെടുപ്പുകള്‍ നടത്തുന്നത് എന്തിനു വേണ്ടിയാണെന്നോ മറ്റോ കൂടുതൽ വിവരങ്ങൾ തൽക്കാലം എനിക്കു വെളിപ്പെടുത്തുവാനാകില്ല. സത്യത്തിൽ അത്രയധികം കാര്യങ്ങൾ എനിക്ക് അറിയില്ല എന്നും പറയാം’’.– സിമ്പുവിനെ നൃത്തം പരിശീലിപ്പിതിന്റെ അനുഭവം ശരണ്യ വനിത ഓൺലൈനിൽ പങ്കുവച്ചു തുടങ്ങിയതിങ്ങനെ.
‘‘സിമ്പുവിന്റെ അടുത്ത സുഹൃത്താണ് എന്നെ വിളിച്ച് ഈ ആവശ്യം പറഞ്ഞത്. ഞാൻ ആദ്യം വേറെ ഒരാളെയാണ് നിർദേശിച്ചത്. പക്ഷേ, കൊറോണയുടെയൊക്കെ പശ്ചാത്തലത്തിൽ അവരിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ വന്നപ്പോൾ, ഒടുവിൽ ഞാൻ തന്നെ പഠിപ്പിക്കാം എന്നു സമ്മതിക്കുകയായിരുന്നു.
ഭരതനാട്യമാണ് സിമ്പുവിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം തിരുവനന്തപുരത്തു വന്നു. രണ്ടാഴ്ച കൊണ്ടാണ് പരിശീലനം തീർന്നത്. അതിനിടെ ആവശ്യമുള്ള കുറച്ചു കാര്യങ്ങൾ അദ്ദേഹം പഠിച്ചെടുക്കുകയായിരുന്നു’’. – ശരണ്യ പറയുന്നു.
‘‘നേരത്തേ ‘ഒസ്തി’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല. വളരെ അർപ്പണ ബോധമുള്ള ആളാണ്. കഠിനാധ്വാനിയാണ്. കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ കൃത്യമായി മനസ്സിലാക്കി ചെയ്യും. നമ്മൾ ഒരു ചുവട് കാണിച്ചു കൊടുത്താൽ തൃപ്തിയാകും വരെ ചെയ്തു ശരിയാക്കിയെടുക്കും. നല്ലൊരു നർത്തകനാണ് അദ്ദേഹം. അതിന്റെ ഗുണം കിട്ടി. സന്തോഷത്തോടെയാണ് മടങ്ങിപ്പോയത്. പൊതുവേ വളരെ കൂളാണ് സിമ്പു. പക്കാ പ്രഫഷനലായ ഇടപഴകലായിരുന്നു. അതിന്റെ കംഫർട്ട് എപ്പോഴുമുണ്ട്’’.– ശരണ്യ പറഞ്ഞു.