‘ഓപ്പറേഷൻ ജാവ’ കണ്ട ഓരോ പ്രേക്ഷകനും പറയും – ചിത്രത്തിലെ വില്ലൻ ‘വെള്ളയാന്‍’ കൊള്ളാം. വെള്ളയാന്‍ എന്ന മൈക്കിൾ: തമിഴ്നാട്ടിലെ ഒരു ചേരിയിൽ തരികിടക വേലകളുമായി ജീവിക്കുന്ന വിദേശി. ചിത്രം കണ്ടവരൊക്കെ അതിനു ശേഷം ആദ്യം ഗൂഗിളിൽ തിരഞ്ഞ പേരുകളിലൊന്നും ഈ ‘വിദേശ നടന്റെ’യാണ്. എന്നാൽ തിരഞ്ഞു തിരഞ്ഞു പോകുന്നവരെ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റ് ഈ നടനു പിന്നിലുണ്ട്. കക്ഷി വിദേശിയല്ല, സ്വദേശിയാണ്: നല്ല അസ്സൽ മലയാളി! പെരുമ്പാവൂർ ഓടക്കാലിയിൽ അയ്യപ്പൻ കുട്ടിയുടെയും ശ്യാമളയുടെയും രണ്ട് ആൺമക്കളിൽ മൂത്തവൻ ശരത് തേനുമൂല! ഞെട്ടും, ആരായാലും ഞെട്ടും! കാരണം, ലുക്ക് കണ്ടാൽ ശരത്തൊരു മലയാളിയാണെന്ന് ആരും വിശ്വസിക്കില്ല. വിദേശിയല്ലെന്നു പറഞ്ഞാലും....
‘‘ഞാനൊരു തനി മലയാളിയാണ്. ഞാനൊരു മലയാളിയാണെന്ന് എന്നെ അറിയുന്നവരൊഴിച്ച് ബാക്കിയുള്ളവരൊക്കെ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. ജാവ കണ്ട ആളുകളുടെ വിശ്വാസം വെള്ളയാന്‍ ഒരു സായിപ്പാണെന്നാണ്. ചിലപ്പോൾ തമാശയ്ക്ക് മറ്റുള്ളവരെ രസിപ്പിക്കാൻ ഞാൻ റിയൽ ലൈഫിലും വിദേശിയായി അഭിനയിക്കാറുണ്ട്. ആദ്യം ‘ഹായ്, ഹൗ ആർ യൂ’ എന്നൊക്കെ ചോദിച്ചിട്ട്, ‘എന്റെ പൊന്നളിയാ ഞാൻ അതല്ല, ഇതാ’ എന്നു പറയുമ്പോൾ അവർ കിടുങ്ങും ’’. – വനിത ഓൺലൈനോട് ശരത് ചിരിയോടെ പറഞ്ഞു തുടങ്ങിയതിങ്ങനെ.
‘‘എന്റെ ആദ്യ സിനിമ കുട്ടനാടൻ മാർപാപ്പയാണ്. അതിലും സായിപ്പിന്റെ റോളായിരുന്നു. അന്നും ഇന്നും ആളുകളുടെ വിശ്വാസം ഞാനൊരു വിദേശിയാണെന്നാണ്. എന്റെ തൊട്ടു മുന്നിൽ വന്നു നിന്നിട്ട് പലരും പറയാറുണ്ട് – ‘‘ഇത് ആ സിനിമയിലെ ആളാണ്. എങ്ങനയാടാ പോയി മിണ്ടുക. ഇംഗ്ലീഷൊന്നും നമുക്കു പിടിയില്ലല്ലോ’’ എന്ന്. ഇതു കേൾക്കുമ്പോൾ പലരോടും ഞാനാണ് അങ്ങോട്ട് പോയി സംസാരിക്കുക – ‘‘നിങ്ങൾ ഉദ്ദേശിച്ച ആള് ഞാനാണ്’’ എന്ന്. അപ്പോൾ അവര്‍ അന്തിച്ചു നിൽക്കും – ഇയാൾ മലയാളിയാണോ എന്നൊരു ഭാവത്തോടെ...’’.– ശരത് പറയുന്നു.

സിനിമ തേടി
ഞാൻ മഹാരാജാസിലായിരുന്നു ഗ്രാജുവേഷന്. ചെറിയ പ്രായത്തിലെ സിനിമയുമായും നാടകവുമായുമൊക്കെ ബന്ധപ്പെട്ടു നിൽക്കുകയാണ്. മഹാരാജാസ് പോലെ കലയെ വളർത്തുന്ന ഒരു ഇടത്തേക്ക് വന്നപ്പോള്‍, സമാന മനസ്സുള്ള, ആ പ്രൊഫഷനുകളോട് അടുത്തുള്ള ഒരുപാട് പേരോട് ഇടപഴകാൻ അവസരം കിട്ടി. കോളജിൽ എന്റെ ജൂനിയറായിട്ട് പഠിച്ചവരാണ് ‘മാർപാപ്പ’യുടെ സ്ക്രിപ്റ്റ് അസിസ്റ്റന്റുമാർ. അങ്ങനെയാണ് ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത്. എന്റെ ആഗ്രഹം സംവിധായകനാകുക എന്നതാണ്. അതിനു വേണ്ടിയാണ് ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നത്. എന്റെ നിറം എനിക്ക് പ്രശ്നമായി തോന്നാതിരുന്ന കാലം മുതൽ ഉണ്ടായതാണത്. അഭിനയവും മനസ്സിലുള്ള ഇഷ്ടം തന്നെയാണ്. അതായത് എനിക്ക് എന്തോ ഒരു വ്യത്യാസമുണ്ടെന്ന് തിരിച്ചറിയുന്ന കാലത്തിന് മുൻപേ തന്നെ. എന്റെ പ്രത്യേകതകളെ മറ്റുള്ളവർക്ക് പ്രശ്നമാകുന്നിടത്താണ് – ഒരു ചെറിയ കാലഘട്ടം, കൗമാരത്തിലും യൗവനത്തിലും – നമ്മളൊക്കെ നമുക്ക് എത്ര പ്രശ്നമില്ല എന്നു തീരുമാനിച്ചാലും നമ്മൾ ഇടപെടുന്ന സ്ഥലങ്ങളിൽ അതു പ്രശ്നമായി മാറും.

പരിഹസിക്കപ്പെട്ട കാലം
ജൻമനാ എന്റെ നിറം ഇതാണ്. കുട്ടിക്കാലത്തൊക്കെ ധാരാളം പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ അതിജീവിക്കാൻ എനിക്കു കരുത്തായത് അച്ഛനും അമ്മയുമാണ്. ഇത്തരം ചെറിയ സങ്കടങ്ങളൊക്കെ പറയുമ്പോള്‍ അവരതിനെ വലിയ സംഭവമായി പരിഗണിച്ചിരുന്നില്ല. അതൊന്നും പ്രശ്നമല്ല, നിനക്കൊരു കുഴപ്പവുമില്ല എന്ന രീതിയിലായിരുന്നു അവരുടെ സമീപനം. അതാണ് അത്തരം പിന്നോട്ടടിക്കലുകളെ തകർക്കാൻ എനിക്കു കരുത്തായത്. മറ്റൊന്നുണ്ട്, നമ്മൾ ഒരു കൂട്ടം മനുഷ്യരെ കാണുമ്പോൾ അതിൽ ഒരാൾ പരിഹസിക്കുമ്പോൾ നാല് പേർ സ്നേഹം കാണിക്കുന്നവരായിരിക്കും. കോളജ് പഠനകാലമായപ്പോഴേക്കും ഇത്തരം വർത്തമാനങ്ങൾ കേൾക്കേണ്ടതില്ല എന്നു തീരുമാനിക്കാനുള്ള ബോധമൊക്കെ വന്നു. വിസിബിലിറ്റിയുടെ പേരിൽ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ അതേ വിസിബിലിറ്റിയുടെ പേരിൽ ഞാൻ തിരിച്ചറിയപ്പെടുന്നുമുണ്ട്. എത്ര വർഷം മുമ്പ് കണ്ടവരും ഞാൻ മറന്നാലും എന്നെ ഓർക്കുന്നു. ഈ രൂപത്തിലെ പ്രത്യേകതയാണ് അഭിനയത്തിലും എനിക്ക് അവസരം തന്നത്.

ജാവയിലേക്ക്
ഓപ്പറേഷൻ ജാവയുടെ മേക്കപ്പ്മാൻ രഞ്ജിത്ത് എന്റെ സുഹൃത്താണ്. അദ്ദേഹമാണ് ആ കഥാപാത്രത്തിനായി എന്നെ സജസ്റ്റ് ചെയ്തത്. ഫോറിനറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ക്രിമിനൽ വേഷം വന്നപ്പോൾ എന്റെ ചിത്രം കാസ്റ്റിങ് ഡയറക്ടർ അബു വളയംകുളത്തിനെയും സംവിധായകൻ തരുൺ മൂർത്തിയെയും കാണിക്കുകയായിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടു. ജാവ കഴിഞ്ഞ് ധാരാളം പേർ നല്ല അഭിപ്രായം പറയുന്നു. വലിയ സന്തോഷം. ഷീറോയാണ് പുതിയ ചിത്രം.

അയനിക
സൈക്കോളജിയിലാണ് പോസ്റ്റ് ഗ്രാജുവേഷൻ. അതിനു ശേഷം ബംഗലുരുവിൽ കുറച്ചു കാലം ജോലി ചെയ്തു. 2015 മുതൽ അയനിക എന്ന മെന്റൽ ഹെൽത്ത് ഇൻഷേറ്റീവിന്റെ ഒപ്പമാണ്. ഇപ്പോൾ ഡയറക്ടറാണ്. എല്ലാവര്‍ക്കും മാനസീകാരോഗ്യം എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തിക്കുന്ന ജനകീയ മാനസീകാരോഗ്യ ഗവേഷണ സ്ഥാപനവും സന്നദ്ധ സംഘടനയുമാണ് അയനിക– People's Mental Health Initiative. എറണാകുളമാണ് ആസ്ഥാനം.