കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ മരിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം. വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണം. ഷൂട്ടിങ് നിർത്തിവച്ചു.
അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാൻ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തിട്ടുണ്ട്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഹിറ്റായ സർദാറിന്റെ രണ്ടാം ഭാഗമാണ്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 15 നാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. സംഭവത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.