Friday 27 November 2020 02:29 PM IST

ഹലോ മിസ്റ്റർ പെരേരാ...! കുടിക്കാൻ അൽപം പഴങ്കഞ്ഞി എടുക്കട്ടേ? മിമിക്രിക്കാരൻ ഹോട്ടൽ തുടങ്ങിയപ്പോൾ സംഭവിച്ചത്

V.G. Nakul

Sub- Editor

s1

‘ഹലോ മിസ്റ്റർ പെരേര..’ എന്നാരംഭിക്കുന്ന സൂപ്പർഹിറ്റ് ഡയലോഗ് പരിചയമില്ലാത്ത മലയാളികളുണ്ടാകില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് പിറന്നതെങ്കിലും മിമിക്രി വേദികളിൽ ജോസ് പ്രകാശിന്റെ അപരൻമാരിലൂടെ അതെപ്പോഴും മലയാളികൾക്കിടയില്‍ നിറഞ്ഞു നിൽക്കുന്നു. ഇപ്പോഴിതാ ‘ഹലോ മിസ്റ്റർ പെരേര..’ എന്ന പേരില്‍ ഒരു നാടൻ ഭക്ഷണശാല തുടങ്ങിയിരിക്കുന്നു. കൊട്ടാരക്കരയ്ക്കടുത്ത് വെട്ടിക്കവലയിലാണ് ഭക്ഷണ ശാലകൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത പേരിലുള്ള ഈ സംരംഭം. നടത്തിപ്പുകാരനാകട്ടെ ഒരു മിമിക്രി കലാകാരനും – സതീഷ് വെട്ടിക്കവല.

പഴങ്കഞ്ഞി മുതൽ ബിരിയാണി വരെ ‘ഹലോ മിസ്റ്റർ പെരേര..’യിൽ കിട്ടും, അതും വിലക്കുറവിൽ. കോവിഡ് കാലത്ത് ജീവിതത്തിന് മറ്റൊരു വരുമാന മാർഗം കൂടി അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ്, തന്റെ എക്കാലത്തെയും വലിയ ഒരു ആഗ്രഹം യാഥാർഥ്യമാക്കാൻ സതീഷ് തീരുമാനിച്ചത്.

മിമിക്രി വേദികളിലൂടെയും ‘കോമഡി സ്റ്റാർസ്’ ഉൾപ്പടെയുള്ള ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് സതീഷ്.

സൂപ്പർഹിറ്റ് പരമ്പര ‘മഞ്ഞുരുകും കാലം’ ത്തിലെ ശശിധരൻ, ‘ബന്ധുവാര് ശത്രുവാര്’ലെ പ്രകാശൻ എന്നീ വില്ലൻ കഥാപാത്രങ്ങളിലൂടെയും ‘കസ്തൂരിമാൻ’ ലെ വേഷത്തിലൂടെയും സീരിയൽ പ്രേമികൾക്കും പ്രിയങ്കരനാണ് സതീഷ്.

‘ഹലോ മിസ്റ്റർ പെരേര’യുെട കൗതുകങ്ങളെക്കുറിച്ച് സതീഷ് ‘വനിത ഓൺലൈനോട്’ പറയുന്നതിങ്ങനെ–

‘‘കോവിഡ് കാലത്ത് കലാരംഗം ഏറെക്കുറെ നിർജീവമായി, സ്റ്റേജ് പ്രോഗ്രാമുകളും മറ്റു പരിപാടികളുമൊക്കെ ഇല്ലാതായപ്പോൾ ജീവിതം പ്രതിസന്ധിയിലായി. അങ്ങനെ മറ്റൊരു വരുമാന മാർഗത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു ഹോട്ടൽ തുടങ്ങുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എങ്കിൽ പിന്നെ അതു തന്നെയാകാം എന്നു തീരുമാനിച്ചു. ഇതാണ് ഏറ്റവും നല്ല സമയം എന്നു തോന്നി. ’’–സതീഷ് പറയുന്നു.

s4

‘‘പഴങ്കഞ്ഞി, ഊണ്, പൊറോട്ട, ബിരിയാണി എന്നിങ്ങനെ എല്ലാ വിഭവങ്ങളും ഉണ്ട്. ഞാനും എന്റെ സുഹൃത്ത് രാജേഷും ചേർന്നാണ് കട തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ ചെറിയ തോതിലാണെങ്കിലും ഭാവിയിൽ കുറച്ചു കൂടി വിപുലപ്പെടുത്തണം എന്നുണ്ട്. ഇപ്പോള്‍ രണ്ടു മുറിയും കിച്ചണും. ‘ഹലോ മിസ്റ്റർ പെരേര..’യുടെ ചുവരുകളിൽ നിറയെ മലയാളത്തിന്റെ പ്രിയ നടൻമാരുടെ കാരിക്കേച്ചറുകളും ഹിറ്റ് ഡയലോഗുകളുമാണ്. എന്റെ ഭാര്യയാണ് അതിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ വരച്ചിരിക്കുന്നത് മിമിക്രി കലാകാരനായ മുത്തു’’.

s2

പേരിന് പിന്നിൽ

കട തുടങ്ങുമ്പോൾ പല പേരുകളും ആലോചിച്ചു. എന്റെ മോനെ വീട്ടിൽ വിളിക്കുന്നത് പുന്താലു എന്നാണ്. ആദ്യം ‘പുന്താലു’ എന്നിട്ടാലോ എന്നു ചിന്തിച്ചു. അതും മാറിയപ്പോൾ ആണ് ‘ഹലോ മിസ്റ്റർ പെരേര..’ എന്ന പേര് യാദൃശ്ചികമായി വന്നതും അതുറപ്പിച്ചതും. മിമിക്രിയാണല്ലോ നമ്മുടെ അന്നം. അപ്പോൾ ഇതിലും നല്ല മറ്റൊരു പേരില്ലെന്നു തോന്നി.

s3

പഴങ്കഞ്ഞിയാണ് പ്രധാന ഐറ്റം. പഴങ്കഞ്ഞി, കപ്പ, മീൻകറി, ചെമ്മീൻ ചമ്മന്തി, പുളിശേരി, തൈര്, മുളക്, അച്ചാറ് ഒക്കെച്ചേർത്ത് 60 രൂപയാണ് വാങ്ങുന്നത്. ബിരിയാണിക്ക് 130 രൂപയേ ഉള്ളൂ. താരതമ്യേന കുറവാണ് വാങ്ങുന്നതെങ്കിലും നാട്ടിൻപുറത്താണ് കടയെന്നതിനാല്‍ അതിൽ കൂടുതൽ വേണ്ട എന്നാണ് തീരുമാനിച്ചത്. രാവിലെ എട്ടര മുതൽ വൈകിട്ട് ഏഴര വരെയാണ് പ്രവർത്തിക്കുന്നത്.