Wednesday 15 September 2021 01:37 PM IST

‘മമ്മയ്ക്ക് തടിയുള്ളതു കൊണ്ടു ഷോർട്സ് ഇട്ട് ഡാൻസ് കളിച്ചതിന് ആൾക്കാർ എന്തൊക്കെയോ പറഞ്ഞു’: ആ കമന്റുകൾ വേദനിപ്പിച്ചോ ? സയനോര പറയുന്നു

V.G. Nakul

Sub- Editor

sayanora-1

കറുത്ത, തടിച്ച, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണിനെ ‘പുരോഗമന മലയാളികളിൽ’ പലർക്കും ഇപ്പോഴും അഗീകരിക്കുവാനാകില്ല. മലയാളികളുടെ പ്രിയഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് ഇത്തരം സൈബർ ആങ്ങളമാരുടെയും പെങ്ങമ്മാരുടെയും ആക്രമണം പലപ്പോഴും നേരിട്ടിട്ടുള്ളയാളാണ്. കഴിഞ്ഞ ദിവസവും ഈ വിഭാഗം സയനോരയെ സോഷ്യൽ മീഡിയയില്‍ പരിഹസിച്ച് രസിച്ചു.

തന്റെ പ്രിയസുഹൃത്തുക്കളും താരങ്ങളുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പമുള്ള ഒരു ഒത്തുചേരലിനിടെ പകർത്തിയ മനോഹരമായ ഡാൻസ് വിഡിയോ സയനോര ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ സയനോരയുടെ വസ്ത്രധാരണമാണ് പലരെയും വിറളി പിടിപ്പിച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് എന്തോ വലിയ പാപമാണെന്ന മട്ടിലായിരുന്നു കമന്റുകളിൽ ഏറെയും. മറ്റൊരു വിഭാഗം സയനോരയെ പിന്തുണച്ചും രംഗത്തെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. എന്നാൽ ഷോർട്സ് ധരിച്ചുള്ള തന്റെ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സയനോര വിമർശകരുടെ വായടപ്പിച്ചത്.

sayanora-4

‘‘ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതായത്, കാലാകാലങ്ങളായി നമ്മൾ ചില ധാരണകൾക്കനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതല്‍. വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ നഖശിഖാന്തം എതിർക്കുന്നവരാണ് പലരും. പുരോഗമനമെന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിനൊക്കെയപ്പുറം പല മാനങ്ങളുള്ള ഒരു ആശയമാണ്. അതിലേക്ക് ഭൂരിപക്ഷവും എത്തിപ്പെട്ടിട്ടില്ല. മാനസികമായുണ്ടാകേണ്ട ഒരു വികാസം കൂടിയാണത്. ഇപ്പോൾ പലരും പ്രകടിപ്പിക്കുന്ന, പറയുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണ്’’. – സയനോര ‘വനിത ഓൺലൈനോട്’ പറയുന്നു.

sayanora-3

സ്വന്തം ശരീരത്തെ സ്നേഹിക്കുക

ഒരാള്‍ സ്വന്തം ശരീരത്തെ സ്നേഹിക്കുകയെന്നത് ഈ ഒരു കാലഘട്ടത്തിൽ, സൊസൈറ്റിയില്‍ എന്തൊരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ടീനേജിൽ. കുറച്ചു തടിച്ച, കറുത്ത, എന്തെങ്കിലുമൊക്കെ സൗന്ദര്യ സങ്കൽപ്പങ്ങൾ കുറവാണെന്ന് സൊസൈറ്റി കൽപ്പിക്കുന്ന ആൾക്കാർക്ക് അതിജീവിക്കാൻ പ്രയാസമാണ്. അവർക്ക് ഒരു ഊർജം ഉണ്ടാക്കിയെടുക്കാൻ തന്നെ വളരെ വളരെ ബുദ്ധിമുട്ടാണ്.

ആ വിഡിയോയിലേക്കും അതിനു കിട്ടിയ നെഗറ്റീവ് കമന്റുകളിലേക്കും വരാം, എനിക്ക് ഒരു വിഷമവും ഇല്ല. അത് എന്റെ ഇഷ്ടത്തിനനുസരിച്ച് ഞാൻ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ്. ഞാൻ‌ വീട്ടിൽ ഉപയോഗിക്കുന്ന തരം വസ്ത്രമാണത്. അതിപ്പോൾ ആളുകൾ കണ്ടു, എന്റെ കാല് കണ്ടു എന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ കാലുകൾ ഒരാൾ കണ്ടതു കൊണ്ട് എന്താണ് കുഴപ്പം എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാൻ എന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്സാണ്. ഞാൻ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുക. ആരെ പേടിക്കാനാണ്. ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്നെ വ്യക്തിപരമായി വളരെ അടുത്തറിയാവുന്നവരും വിമർശനവുമായി എത്തി എന്നതാണ് വലിയ തമാശ.

ഒരു അമ്മയാണ് നീ...’

ഇതിൽ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. അത് മാതൃത്വവുമായി ബന്ധപ്പെട്ടാണ്. ‘ഒരു അമ്മയാണ് നീ...ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. എനിക്ക് കുറേപ്പേർ പേഴ്സണൽ മെസേജായും ഈ ഉപദേശം തന്നു. അതെന്താണ് അമ്മമാർക്ക് ചെയ്യാൻ പാടില്ലാത്തത് ? എന്തുകൊണ്ട് ? അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാൾ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്. നമ്മളെക്കുറിച്ച് മറ്റുള്ളവർ എന്തു സംസാരിക്കും എന്നോർത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാൻ ഇനി എനിക്കു പറ്റില്ല. എനിക്കും നേരത്തെ സ്ലീവ് ലസ്സ് ഒക്കെയിടാൻ പേടിയായിരുന്നു. അയ്യേ...ആൾക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ നല്ല തടിച്ചിട്ടല്ലേ...എന്നൊക്കെ. ഞാൻ ആ ചിന്തകളിൽ നിന്നു പതിയെപ്പതിയെ പുറത്തു വന്നു.

sayanora-2

അതാണ് മറുപടി

ഇന്നലെ വൈകുന്നേരം പോസ്റ്റ് ചെയ്ത ചിത്രം അവർക്കുള്ള മറുപടിയാണ്. നിങ്ങൾ എങ്ങനെ വേണമെങ്കിലും എന്നെ വിധിച്ചോ, എനിക്ക് യാതൊരു പ്രശ്നവുമില്ല. നിങ്ങൾ എങ്ങനെ വേണമെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചോ, എനിക്ക് യാതൊരു കുഴപ്പവുമില്ല. അതാണ് ആ മറുപടി.

ഈ വിമർശിക്കുന്നവരെ എതിർത്ത് കുറേയേറെ ആളുകൾ എന്നെ പിന്തുണച്ച് പോസ്റ്റുകളും കമന്റുകളുമിട്ടു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നെഗറ്റീവ് കമന്റുകളെ എതിർത്ത് പലരും മറുപടികൾ കൊടുത്തിട്ടുണ്ട്. അതാണ് ഹൈലൈറ്റ്. ഇതൊക്കെ മനസ്സിലാക്കുന്ന ഒരു വിഭാഗം ഉണ്ടെന്നത് വലിയ സന്തോഷമാണ്.

അവളും സപ്പോർട്ട് ചെയ്തു

ഞാൻ എന്റെ ശരീരത്തെ ഇപ്പോഴാണ് സ്നേഹിക്കാൻ തുടങ്ങിയത്. അതൊരു വലിയ സത്യമാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തെ അളവുകോലുകളില്ലാതെ വളരെ ആത്മാർഥമായി സ്നേഹിക്കാൻ പറ്റുക എന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാനതാണ് ഇപ്പോൾ ചെയ്യുന്നത്. ശരീരം എന്നത് ഒരാളുടെത് മാത്രമാണ്. അയാൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് അയാളാണ്. മറ്റൊരാൾക്കും അതിൽ അവകാശമില്ല. നമ്മൾ നമ്മുടെ ജീവിതത്തിൽ നിന്ന് എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം. സ്വയം തിരുത്താൻ ശ്രമിക്കുക. മാതൃത്വത്തിൽ മാത്രം ഞാൻ എന്നെ ഒതുക്കി നിർത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ എന്റെ മോളോട് ഞാൻ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വിഡിയോയുടെ അടിയിൽ കമന്റുകൾ വന്നതൊക്കെ ഞാൻ മോളോട് പറഞ്ഞു. ‘മമ്മയ്ക്ക് തടിയുള്ളതു കൊണ്ട് ഷോർട്സ് ഇട്ട് ഡാൻസ് കളിച്ചതിന് ആൾക്കാൻ എന്തൊക്കെയോ പറഞ്ഞു’ എന്നു പറഞ്ഞു. ‘ഹൗ റൂഡ്’ എന്നായിരുന്നു മോളുടെ പ്രതികരണം. ‘മമ്മ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ പോകുന്നുണ്ട് കേട്ടോ’ എന്നു പറഞ്ഞപ്പോൾ അവളും സപ്പോർട്ട് ചെയ്തു. ആള് പുലിയാണ്.