Friday 13 August 2021 01:39 PM IST

മകളുടെ മരണമറിഞ്ഞത് സോഷ്യൽ മീഡിയയിൽ, ആ പാവത്തിന്റെ സമനില എങ്ങനെ തെറ്റാതിരിക്കും ? വേദനയോടെ സീമ.ജി.നായർ പറയുന്നു...

V.G. Nakul

Sub- Editor

seema-g-nair

കാൻസറിനോട് പൊരുതി, ഒടുവിൽ ശരണ്യ പോയി. മലയാളികളെ ഏറെ വേദനിപ്പിച്ച ഒരു വിയോഗം. കാൻസർ ബാധിതയായി, പത്ത് വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശിയുടെ ജീവിതം സമാനതകളില്ലാത്ത അതിജീവനത്തിന്റെ കൂടി അടയാളമാണ്.

മരണമെന്ന ചിന്ത ശരണ്യയെ ഒരിക്കൽ പോലും തൊട്ടിരുന്നില്ല.

തന്നെ വിഴുങ്ങിയ കാൻസറിനെ തോൽപ്പിച്ച്, ജീവിതത്തിലേക്കു മടങ്ങി വരുമെന്ന് ശരണ്യ അവസാന നിമിഷം വരെയും പ്രതീക്ഷിച്ചിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കും പോരാട്ടത്തിനുമിടയിലും, അഭിനയ രംഗത്ത് വീണ്ടും സജീവമാകണമെന്നും ജീവിതത്തെ തിരിച്ചു പിടിക്കണമെന്നും ശരണ്യ കൊതിച്ചു. എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു...

ശരണ്യയുടെ മരണം സൃഷ്ടിച്ച ഞെട്ടലിലും വേദനയിലുമാണ് താരത്തിന്റെ പ്രിയപ്പെട്ടവർ ഇപ്പോഴും. അതിലൊരാളാണ് നടി സീമ.ജി.നായർ. ശരണ്യയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ച സീമയ്ക്ക് ശരണ്യയുടെ മരണം താങ്ങാനാകുന്നതിനും അപ്പുറമാണ്.

കാൻസർ ബാധിതയായി, സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടുഴലുകയായിരുന്ന ശരണ്യയുടെ ജീവിതത്തിലേക്ക് ദൈവദൂതയെപ്പോലെയാണ് സീമ എത്തിയത്. തുടർന്ന്, ശരണ്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനും, ശരണ്യയ്ക്ക് സ്വന്തമായി ഒരു വീടൊരുക്കാനും സീമയാണ് മുന്നിൽ നിന്നത്.

തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ, ശ്രീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയില്‍ തനിക്ക് സ്വന്തമായി ഒരു വീടുമൊരുങ്ങിയപ്പോൾ ആ വീടിന് ശരണ്യ നല്‍കിയ പേര് ‘സ്‌നേഹസീമ’ എന്നാണ്. തന്റെ സ്‌നേഹത്തണലായ പ്രിയപ്പെട്ട സീമച്ചേച്ചിയോടുള്ള സ്‌നേഹവും കടപ്പാടുമാണ് സ്വന്തം വീടിന് ‘സ്‌നേഹസീമ’ എന്നു പേരിടാന്‍ ശരണ്യയെ പ്രേരിപ്പിച്ചത്.

ഇപ്പോഴിതാ, ശരണ്യയുടെ മരണ ശേഷം സീമ സംസാരിക്കുന്നു, ‘വനിത ഓൺലൈനി’ലൂടെ...

‘‘അവളിത്ര പെട്ടെന്ന് മരിക്കുമെന്ന് അവളും നമ്മളും വിചാരിച്ചില്ലല്ലോ. അസുഖം ഇത്ര ഗുരുതരമായിട്ടും അവൾ മരിക്കുമെന്ന് ചിന്തിച്ചിട്ടേയില്ല. അവൾക്ക് മരണത്തെ ഭയമുണ്ടായിരുന്നില്ല. ഇപ്പോഴൊന്നും മരിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു അവൾ. ആത്മവിശ്വാസത്തിന്റെ ഭാഗമായി ആത്മീയമായ ഒരു ജീവിത രീതിയിലേക്ക് അവൾ എത്തിയിരുന്നു. മരണത്തെക്കുറിച്ച് പേടിയോടെ അവൾ പറഞ്ഞി‍ട്ടില്ല. അങ്ങനെ പേടിച്ചിരുന്ന ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇത്രയും പ്രതിസന്ധികൾ അവൾ തരണം ചെയ്യില്ലല്ലോ. പണ്ടേ പേടിച്ച് മരിച്ചു പോയെനെ. കാലൊന്നു മുറിഞ്ഞാൽ പേടിച്ചു കരയുന്നവർക്കിടയിൽ, ഒൻപതും പത്തും തവണയാണ് അവളുടെ തലയിൽ സർജറി ചെയ്തത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അവൾ അതിനെയൊക്കെ നേരിട്ടത്. അവൾ അനുഭവിച്ച വേദനയുടെ പതിനായിരത്തിലൊരംശം പോലും നമ്മളാരും അനുഭവിച്ചിട്ടുണ്ടാകില്ല’’. – സീമ പറയുന്നു.

അവർ നിസ്സഹായരായിരുന്നു...

അവസാന ദിവസങ്ങളിൽ ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ എല്ലാം അവസാനിക്കുന്നു എന്ന ഒരു അപകട സൂചന കിട്ടിയിരുന്നു. ബി.പി കുറഞ്ഞു. മരുന്നുകളോട് പ്രതികരിക്കാതെ ബി.പി കുറഞ്ഞു കുറഞ്ഞു പോകുകയായിരുന്നു. അപ്പോഴും ഞങ്ങളെല്ലാം വീണ്ടും വീണ്ടും ഡോക്ടർമാരോട് പ്രതീക്ഷയോടെ സംസാരിച്ചു കൊണ്ടിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചേദിക്കുകയായിരുന്നു. അവർ നിസ്സഹായരായിരുന്നു. എല്ലാം തീരുകയാണെന്നു ഞങ്ങളോടു പറയുകയും വേണം എന്നാൽ പറയാൻ പറ്റുന്നുമില്ല എന്ന അവസ്ഥയിലായിരുന്നു അവർ. ആ സത്യം ഞങ്ങൾക്ക് ഉൾക്കൊള്ളാനായില്ല. ഒടുവിൽ അവൾ പോയി...

seema g nair 2

ആ വേദനയിൽ ഇപ്പോഴും...

ശരണ്യയുടെ അമ്മ ഇപ്പോഴും ആ വേദനയിൽ നിന്നും ഞെട്ടലിൽ നിന്നും പുറത്തു കടന്നിട്ടില്ല. ശരണ്യ മരിക്കുമ്പോൾ അമ്മ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മോൾക്ക് വൈകുന്നേരത്തേക്കുള്ള ഭക്ഷണം കൊണ്ടുവരാൻ രാവിലെ പതിനൊന്നുമണിയോടെ വീട്ടിലേക്ക് പോയതാണ്. അതിനിടെയാണ്, ഒന്നരയോടെ ശരണ്യ മരിച്ചത്. അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ വിവരം അറിയുമായിരുന്നുള്ളൂ. ആരെങ്കിലും വീട്ടിലേക്ക് പോയി അമ്മയോട് സാവധാനം കാര്യം പറയാം എന്നായിരുന്നു പ്ലാൻ. പക്ഷേ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങിയത്. അതായത്, ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി. അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണായിരുന്നതിനാൽ അവയിൽ ചിലതിന്റെ നോട്ടിഫിക്കേഷന്‍ ഫോണിൽ കാണിച്ചു. അതിൽ ആദരാഞ്ജലികൾക്കൊപ്പം ശരണ്യയുടെ ഫോട്ടോ കണ്ട് അമ്മ ഓപ്പൺ ആക്കി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത് – മകൾ മരിച്ചെന്ന്! എങ്ങനെ ഒരു അമ്മയുടെ സമനില തെറ്റാതിരിക്കും. അമ്മയെ വിവരം അറിയിക്കാൻ ആശുപത്രിയിൽ നിന്നു തിരിച്ചവർ പകുതി വഴിയെത്തും മുമ്പേ അമ്മ വിവരം അറിഞ്ഞു. ഇപ്പോഴും അതിന്റെ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല. ഭയങ്കര കരച്ചിലാണ്. കണ്ടു നിൽക്കുക പ്രയാസം. ആർക്കും ആശ്വസിപ്പിക്കാനാകുന്നില്ല. മകളായിരുന്നു ചേച്ചിയുടെ ലോകം. മോൾക്കു വേണ്ടിയായിരുന്നു ആ ജീവിതം.