Tuesday 08 March 2022 12:35 PM IST

‘വീടിന്റെ പവർ ഓഫ് അറ്റോർണി അവളുടെ കയ്യിലാ, ശരണ്യ മരിച്ച് കഴിഞ്ഞ് അവൾ അതുകൊണ്ടു മുങ്ങും’: സീമ.ജി.നായർ പറയുന്നു

V.G. Nakul

Sub- Editor

seema-g-nair-new-1

സീമ.ജി.നായർ മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ്...മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ശ്രദ്ധേയ വേഷങ്ങളിലൂടെ സജീവസാന്നിധ്യം. നടി എന്ന നിലയിൽ മാത്രമല്ല നൻമ വറ്റാത്ത ഒരു മനസ്സിന്റെ ഉടമയെന്ന നിലയിൽ കൂടിയാണ് സീമ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ പരിമിതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന്, വേദനിക്കുന്ന മനുഷ്യരുടെ ഇരുള്‍ നിറഞ്ഞ ജീവിതത്തിൽ പ്രത്യാശയുടെയും കരുതലിന്റെയും സാന്നിധ്യമാകുന്നു സീമ...രോഗത്തിന്റെയും കഷ്ടപ്പാടുകളുടെയും ചുഴികളിലകപ്പെട്ട മനുഷ്യരെ സഹായിക്കാൻ സ്വന്തം അധ്വാനവും സമയവും മാറ്റി വയ്ക്കുമ്പോൾ അവർ പ്രതിഫലമൊന്നും പ്രതീക്ഷിക്കുന്നതേയില്ല...തന്നെക്കൊണ്ടാകുന്നതു ചെയ്യുക...നീറുന്ന മനസ്സുകളിൽ ആശ്വാസത്തിന്റെ ചെറുതെന്നലാകുക...അതാണ് സീമ...കാൻസറിന്റെ പിടിയിലമർന്ന് ദുരിത ജീവിതം നയിച്ച നടി ശരണ്യ ശശിയുടെ ചികിത്സയ്ക്കുൾപ്പടെ സീമയുടെ ഇടപെടലുകൾ വാർത്തയായിരുന്നു. എന്നാൽ ഇതിന്റെയൊക്കെ പ്രതിഫലമെന്നോണം സീമയെ തേടിയെത്തിയതാകട്ടെ, സത്യത്തിന്റെ കണിക പോലുമില്ലാത്ത നീചമായ ആരോപണങ്ങളും. വിഷമം തോന്നും. ‘എന്തിന് ? ’എന്നു ചിന്തിക്കും. എങ്കിലും അതൊന്നും മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതില്‍ നിന്നു തന്നെ പിന്തിരിപ്പിക്കുന്നില്ലെന്ന് സീമ പറയുന്നു. ഈ ശൈലിയാണ് അവരുടെ വിജയവും. ഇപ്പോഴിതാ, ഈ വനിതാ ദിനത്തിൽ തന്റെ ജീവിത കർമങ്ങളെക്കുറിച്ച് സീമ സംസാരിക്കുന്നു, ‘വനിത ഓൺലൈനോ’ട്.

‘‘വലിയ സാമ്പത്തികമുള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ അമ്മ ചേർത്തല സുമതി ഒരു നാടക നടിയായിരുന്നു. ഒരു ദിവസം അമ്മയ്ക്ക് നൂറു രൂപയാണ് പ്രതിഫലം കിട്ടുന്നതെങ്കിൽ, ആരുടെയെങ്കിലും കൈയിൽ നിന്നു അഞ്ഞൂറോ ആയിരമോ കൂടി കടം വാങ്ങിക്കൊണ്ടാകും അമ്മ വീട്ടിൽ വരുന്നത്. അത് മുഴുവൻ ചെലവാക്കുന്നത് അമ്മയോട് വിഷമം പറയുന്ന മറ്റുള്ള മനുഷ്യർക്ക് വേണ്ടിയാണ്. ഞങ്ങൾക്ക് ഓടിട്ട, രണ്ടു മുറിയെങ്കിലുമുള്ള ഒരു സ്വന്തം വീട് ഉണ്ടാകുന്നത് മുണ്ടക്കയം വിട്ട് പോരുന്നതിന് കുറച്ചു കാലം മുമ്പ് മാത്രമാണ്. അതു വരെ അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തിക്കൊടുക്കാനും ചികിത്സാച്ചെലവിനും ഒക്കെ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. നമ്മൾ സമ്പാദിക്കുന്നത് നമ്മളുടെ മക്കൾക്ക് അല്ലെങ്കിൽ നമ്മുടെ കുടുംബത്തിന് എന്നൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല. എന്റെ ചേച്ചിയുടെ കല്യാണത്തിന് കാൽ പവന്റെ സ്വർണം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനം ആഗ്രഹിക്കാത്ത, ചോദിക്കാത്ത ഒരാള്‍ വന്നതു കൊണ്ടാണ് അന്ന് ചേച്ചിയുടെ കല്യാണം നന്നായി നടത്തിയത്. ഇതായിരുന്നു അമ്മ. അമ്മയുടെ ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്’’. – സീമ പറയുന്നു.

അമ്മ എന്ന പാഠം

ഇപ്പോൾ എന്നെക്കുറിച്ച് എന്റെ കൂട്ടുകാർ പറയുന്നത്, ‘സീമ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങൾക്ക് ഇതൊന്നും ഒരു അൽഭുതമായി തോന്നുന്നില്ല’ എന്നാണ്. എന്റെ കൂട്ടുകാരി മേബിളിനെ ന്യൂസിലൻഡിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ച് സംസാരിക്കുന്നതിനിടെ, എന്നെക്കുറിച്ച് യാദൃശ്ചികമായി പറഞ്ഞത്രേ – ‘ആ സീമ ജി നായർ കുറേയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലേ...’ എന്ന്. അപ്പോൾ മേബിൾ പറഞ്ഞത്, ‘സീമയെക്കുറിച്ച് നിങ്ങൾക്കാണ് അൽഭുതം തോന്നുന്നത്. ഞങ്ങൾക്ക് അതില്ല’ എന്നാണ്. കാരണം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എനിക്കു കിട്ടുന്ന ചെറിയ ചെറിയ പോക്കറ്റ് മണി മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ചെലവാക്കുമായിരുന്നു. അതൊക്കെ എന്റെ സുഹൃത്തുക്കൾക്ക് അറിയാം. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടിയിട്ടുണ്ട്. അപ്പോൾ അമ്മ പറഞ്ഞിട്ടുണ്ട്, ‘എന്തു ചെയ്യും എന്റെ മോനെ നിന്നെക്കൊണ്ട്’ എന്ന്. അപ്പോള്‍ എന്റെ മറുപടി, ‘അമ്മയെ കണ്ടല്ലേ ഞാൻ പഠിച്ചത്’ എന്നായിരുന്നു. അതേ മറുപടിയാണ് എന്റെ മോൻ ഇപ്പോൾ എന്നോട് പറയുന്നത്. പല കാര്യങ്ങളും അവൻ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ ഞാൻ ചോദിക്കും, ‘അപ്പൂ നീ എന്താ ഇങ്ങനെ...അമ്മ ഒറ്റയ്ക്ക് വേണ്ടേ കഷ്ടപ്പെടാൻ എന്ന്’. അപ്പോ അവൻ പറയുന്നത് ‘അമ്മ കാണിക്കുന്നത് കണ്ടല്ലേ ഞാൻ പഠിക്കുന്നത്’ എന്നാണ്.

seema-g-nair-3

ശരണ്യയെ തേടി

ഞാൻ ആത്മയുടെ സജീവപ്രവർത്തകയായിരുന്ന കാലത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിഞ്ഞത്. കേട്ടപ്പോൾ വലിയ സങ്കടമായി. അങ്ങനെ ഒരു ടെഡി ബെയറൊക്കെ വാങ്ങി കാണാൻ പോയി. അപ്പോൾ എനിക്ക് ശരണ്യയുടെ അവസ്ഥയെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. വീട്ടിൽ ചെന്ന്, ടെഡി ബെയറൊക്കെ കൊടുത്ത് സംസാരിക്കുമ്പോഴാണ് ശരണ്യയുടെ അമ്മ അവരുടെ സാഹചര്യങ്ങളും പരാധീനതകളും എന്നോട് പറഞ്ഞത്. ആദ്യത്തെ സർജറി കഴിഞ്ഞ സമയത്താണത്. പിന്നീട് തുടർച്ചയായി ഞാൻ അവരുടെ കാര്യങ്ങൾ തിരക്കാനും സാധിക്കുന്നത്ര സഹായങ്ങൾ ചെയ്യാനും തുടങ്ങി. വർഷങ്ങളോളം ശരണ്യയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ഞാൻ പുറത്തറിയിച്ചിട്ടില്ല. അറിയിക്കണമെന്ന് തോന്നിയില്ല. ഏഴാമത്തെ സർജറിയുടെ സമയമായപ്പോഴാണ് അത് പുറം ലോകം അറിഞ്ഞത്. കയ്യിൽ ഒന്നുമില്ലാതെ വരികയും എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വരികയും ചെയ്തപ്പോഴാണ് നല്ല മനസ്സുകളുടെ സഹായം തേടിയത്. അതുവരെ കുറച്ച് പേർക്കു മാത്രമായിരുന്നു ഞാൻ ഇതിന്റെ പിന്നിലുണ്ടെന്ന് അറിയാമായിരുന്നത്. അതു പോലെ നന്ദു മഹാദേവ. അവന്റെ ചികിത്സയ്ക്കുള്ളത് അവൻ തന്നെ കണ്ടെത്തുകയായിരുന്നു. ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടില്ല. അവനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയിൽ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോൾ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു രണ്ടു പേർക്ക് ആ പണം കൊടുക്കണം എന്നാണ് അവൻ പറഞ്ഞത്. അത്ര നല്ല മനസ്സാണ് ആ കുട്ടിയുടേത്. രണ്ടാളും ഇപ്പോൾ ഇല്ല. എന്റെ മനസ്സിൽ മരണമില്ലാതെ അവർ ജീവിക്കുന്നു...ഞാൻ എന്റെ ജീവിതത്തിൽ സഹായിച്ചിട്ടുള്ള 90 ശതമാനം ആൾക്കാരും ഇപ്പോഴും എന്റെ ജീവിതയാത്രയിൽ കൂടെയുണ്ട്. അവർ എന്നെ വിട്ടു പോയിട്ടുമില്ല. ഞാൻ അവരെ വിട്ടു കളഞ്ഞിട്ടുമില്ല.

seema-g-nair-1

വേദനിപ്പിക്കുന്നവർ

വലിയ വരുമാനമുള്ള ആളല്ല ഞാൻ. അത്യാവശ്യം ജീവിച്ചു പോകാവുന്നത്ര പ്രതിഫലമൊക്കെയേ ഉള്ളൂ. അതിനുള്ളിൽ നിന്നാണ് ഇത്രയൊക്കെ ചെയ്യുന്നത്. സാമ്പത്തിക ഞെരുക്കത്തേക്കാളുപരി വേദന തോന്നുന്നത്, ചിലരുടെ കുത്തിനോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിനു വേണ്ടി എന്നു തോന്നുന്നത്. നമ്മൾ സ്വന്തം കഷ്ടപ്പാടിലൂടെയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയും പലതും ചെയ്യുന്നത് ഇങ്ങനെയുള്ള ആരോപണങ്ങൾ കേൾക്കാൻ വേണ്ടിയാണോ എന്നു ചിന്തിക്കും. അത് വലിയ സങ്കടമാണ്. എന്നാൽ ആരെങ്കിലും വിളിച്ച് സങ്കടം പറയുമ്പോൾ ഒക്കെയും മറക്കും. അവരെ എങ്ങനെ സഹായിക്കാം എന്ന് ആലോചിക്കും. ഓരോ മാസവും എത്രയെത്ര പേർക്കാണെന്നോ മരുന്നിനും മറ്റും സഹായങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്, ‘സീമ ദൈവമൊന്നുമല്ല. ദൈവത്തിനു പോലും എല്ലാവരുടെയും കാര്യങ്ങൾ ഒന്നിച്ച് നോക്കാൻ പറ്റില്ല. അപ്പോൾ ഒരു സാധാരണ സ്ത്രീയായ സീമയ്ക്ക് എല്ലാവരുടെയും ആവശ്യം നിറവേറ്റാന്‍ സാധിക്കില്ല. ആ നിർബദ്ധബുദ്ധിയും ശരിയല്ല. സീമയ്ക്ക് പറ്റുന്നതെങ്കിൽ ചെയ്യുക. അല്ലെങ്കിൽ വിടുക’ എന്ന്. പക്ഷേ, എന്റെ മനസ്സ് അതിനനുവധിക്കില്ല.

semma-g-nair-new-2

ആരോപണങ്ങൾ

ശരണ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുറേയധികം ആരോപണങ്ങൾ എനിക്കു നേരെയുണ്ടായി. നല്ല വിഷമം തോന്നി. ശരണ്യയുടെ ചികിത്സാ സഹായം തേടി, എന്റെ അക്കൗണ്ട് നമ്പരല്ല ഒരിടത്തും കൊടുത്തിരുന്നത്. ഒരു കാര്യത്തിനും ഞാന്‍ എന്റെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കാറില്ല. ആരാണോ ആവശ്യക്കാര്‍ അവരുടെ വിവരങ്ങളാണ് നൽകുക. ശരണ്യയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. ജനങ്ങൾ പണം അയച്ചത് ശരണ്യയുടെ അക്കൗണ്ടിലേക്കാണ്. അവരാണ് പണം ഉപയോഗിച്ചിരുന്നതും. എത്ര രൂപ വന്നു, എത്രയായി അതൊന്നും ഞാൻ തിരക്കിയിട്ടില്ല. അതൊന്നും ഞാന്‍ അറിയേണ്ട കാര്യവുമില്ല. ചിലർ പറഞ്ഞത്, ശരണ്യയുടെ വീടിന്റെ പവർ ഓഫ് അറ്റോർണി ഞാൻ കയ്യിൽ കൊണ്ടു നടക്കുകയാണെന്നാണ്. ശരണ്യ മരിച്ച് കഴിഞ്ഞിട്ട് എനിക്ക് അതുകൊണ്ട് മുങ്ങാനാണത്രേ. ശരണ്യയുടെ വീടിന്റെ ആധാരം എന്റെയും അവളുടെയും പേരിലാണ് എഴുതിച്ചതെന്നായിരുന്നു മറ്റൊരു കഥ. അത് അറിഞ്ഞപ്പോൾ ശരണ്യ പറഞ്ഞത്, ‘ആധാരം കാണിച്ച് ഒരു വിഡിയോ ഇടാം. ചേച്ചിക്കുട്ടി വിഷമിക്കേണ്ട’ എന്നാണ്. നെഞ്ചിനെ കീറി മുറിക്കുന്ന ഇത്തരം വേദനകളാണ് എനിക്ക് കിട്ടിയത്. ഇതിനൊക്കെ എന്താണ് മറുപടി പറയുക. ഇങ്ങനെയൊക്കെ എന്തെങ്കിലും പറഞ്ഞ് സന്തോഷിക്കുക എന്നത് ചിലരുടെ വിനോദമാണ്...എല്ലാവരും എന്നെ ആരോപണ വിധേയരാക്കിയില്ലെന്നത് സന്തോഷം.

എന്നെക്കൊണ്ടാകുന്നതൊക്കെ ഇനിയും ഞാൻ ചെയ്യും. അതിനിടെ ഇത്തരം വേദനകളും ആരോപണങ്ങളുമൊന്നും ഞാൻ പരിഗണിക്കുന്നില്ല. ഈ മനുഷ്യജീവിതത്തിന്റെ ഏക നേട്ടം ഇതൊക്കെയാണല്ലോ....