Thursday 01 October 2020 11:22 AM IST

കോവിഡിനൊപ്പം ന്യുമോണിയയും, ഓക്സിജൻ ലെവല്‍ കുറഞ്ഞു...; ഒരു പരീക്ഷണത്തിന് സമയമുണ്ടായിരുന്നില്ല; ഈ മടങ്ങിവരവ് പുനർജന്മം

V.G. Nakul

Sub- Editor

s1

‘‘ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും ഞാൻ കടന്നു പോയിട്ടുണ്ട്. അപ്പോഴൊക്കെയും എല്ലാം അതിജീവിക്കാനാകും എന്ന ആത്മവിശ്വാസമായിരുന്നു കൈമുതൽ. മുന്നോട്ടു പോയല്ലേ പറ്റൂ എന്ന ചിന്തയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നത്. പക്ഷേ, ഇത്തവണ ഞാൻ തളർന്നു പോയി. ശരീരത്തെ ബാധിച്ച തളർച്ച മനസ്സിനെയും കീഴടക്കി. എന്തു ചെയ്യണമെന്നറിയാതെ പത്ത് ദിവസം. ഈശ്വരനിലും എന്ന പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരിലും എനിക്കു വേണ്ടി പ്രാർഥിക്കുന്ന പ്രിയപ്പെട്ടവരിലും മാത്രം വിശ്വാസമർപ്പിച്ചാണ് ഞാൻ ഐ.സി.യുവിൽ കഴിഞ്ഞത്...’’. – പറയുന്നത് മലയാളത്തിന്റെ പ്രിയ നടി സീമ ജി. നായർ. കോവിഡ് 19 രോഗബാധിതയായി പത്ത് ദിവസം കളമശേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സീമ, രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയ ശേഷം ‘വനിത ഓൺലൈനോ’ട് തന്റെ ജീവിതത്തിലെ നിർണായകമായ ആ ദിവസങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.

‘‘24-ാം തീയതിയാണ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയത്. ഇന്നലെക്കൊണ്ട് ക്വാറന്റീനും കഴിഞ്ഞു. എങ്കിലും കുറച്ചു ദിവസം കൂടി റെസ്റ്റ് ചെയ്യാനാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ ചെറിയ ചുമയുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ഭക്ഷണം കഴിക്കുന്നുണ്ട്. ഏറെത്താമസിയാതെ ദിവസങ്ങള്‍ സാധാരണ പോലെയാകും...’’.– സീമയുടെ ശബ്ദത്തിൽ ആശ്വാസത്തിന്റെ തിളക്കം.

ആ ദിവസങ്ങൾ

14–ാം തീയതി രാത്രി മുതൽ 25–ാം തീയതി വരെ കളമശേരി മെഡിക്കൽ കോളജിൽ ഐ.സി.യുവിൽ കഴിഞ്ഞു. കളമശേരിയിൽ അഡ്മിറ്റ് ആയ ശേഷമാണ് കോവിഡ് പോസീറ്റീവ് ആണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഷുഗർ കൂടിയെന്നും മനസ്സിലായത്. 14–ാം തീയതി രാത്രി മുതൽ ഓക്സിജൻ ലെവലും കുറഞ്ഞു തുടങ്ങി. ആർ.എം.ഒ ഗണേഷ് മോഹൻ സാറിന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ നോക്കിയത്.

അതോടെ ഐ.സി.യുവിലേക്ക് മാറ്റി. ഐ.സി.യുവിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്റെ കയ്യും കാലുമൊക്കെ തളരും പോലെ തോന്നി. ആരെയെങ്കിലും അറിയിച്ചോളൂ എന്നു പറഞ്ഞപ്പോൾ ഞാൻ എന്റെ മോനെയും ചേച്ചിയെയുമാണ് ആദ്യം വിളിച്ചത്.സംഭവമറിഞ്ഞതും ചേച്ചി വലിയ കരച്ചിൽ. മോൻ പാഞ്ഞ് ആശുപത്രിയിൽ വന്നു.

s4

തുടക്കം

സെപ്റ്റംബർ 4-ാംതീയതി ഞാൻ കാലടിയിൽ ഒരു വർക്കിന്‌ പോയി. അവിടെ വച്ചാണ് രോഗം പിടികൂടിയതെന്നു തോന്നുന്നു. 8–ാം തീയതി ചെറിയ ചുമ തുടങ്ങി. 9 നു രാത്രി ഷൂട്ടിന് വേണ്ടി തിരികെ ചെന്നൈയിലേക്കു പോയി. 10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു. 11–ാം തീയതി ശരീരത്തിനു ചെറിയ അസ്വസ്ഥത തോന്നി.

ഹോസ്പിറ്റലിൽ കൊണ്ടു പോകണം എന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. അവർ എന്നെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തിരികെ റൂമിലെത്തിയിട്ടും ആരോഗ്യ സ്ഥിതി മോശമായിരുന്നു. എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായി. ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ. എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു.

ആദ്യം വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. അതോടെ കാര്യങ്ങൾക്ക് വേഗത്തിലായി. എറണാകുളത്തെ കോവിഡ് ചികിത്സയുടെ ചാർജുള്ള ഡോ. അതുലിനെ വിളിച്ചു സംസാരിക്കുന്നു. അങ്ങനെ ചെന്നൈയിൽ നിന്നു കൊച്ചിയിലേക്കു മടങ്ങി.

s2

ആശങ്കയുടെ നാളുകൾ

ചെന്നൈയിൽ വച്ചും എറണാകുളത്തെ ആദ്യത്തെ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു. പക്ഷേ, ഡോക്ടർ അതുൽ ഒരു ടെസ്റ്റ് കൂടി നടത്താം എന്നു പറഞ്ഞു. അങ്ങനെയാണ് 14–ാം തീയതി രാത്രി പരിശോധനയ്ക്കായി കളമശേരിയിൽ എത്തിയത്. പക്ഷേ, എന്റെ ലക്ഷണം കണ്ടപ്പോൾ അവർക്ക് സംശയം തോന്നി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവിലേക്ക് മാറ്റണം എന്നു പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. കാര്യം ചോദിച്ചപ്പോഴാണ് ഓക്സിജൻ ലെവൽ കുറയുന്ന കാര്യവും ഇനി ഒരു പരീക്ഷണത്തിന് സമയമില്ലെന്നും അവിടുത്തെ ഹെഡ് പറഞ്ഞത്.

എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോന് ആരുണ്ട് എന്നതായിരുന്നു അപ്പോൾ എന്റെ ചിന്ത. അവനാണല്ലോ എന്റെ ലോകം. തൊട്ടു പിന്നാലെ ദീപക് ദേവ് കാര്യം അറിഞ്ഞു. ദീപു എന്റെ കസിനാണ്. ദീപു ഹൈബി ഈഡനെ വിളിച്ചു. ഹൈബി എന്നെ വിളിച്ച് ഒപ്പമുണ്ടാകും എന്നു ധൈര്യം തന്നു. അപ്പോഴേക്കും എന്റെ സുഹൃത്ത് ബാലു വിളിച്ചു. ഞാൻ കളമശേരിയിലേക്കു പോകുമ്പോൾ തന്നെ ബാലു ഗണേഷ് മോഹൻ സാറിനെ വിളിച്ചിരുന്നു.

തിരിച്ചു വരവ്

ഐ.സി.യുവിലേക്ക് മാറ്റിയ ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് അറി‍ഞ്ഞപ്പോൾ എനിക്കൊന്നും തോന്നിയില്ല. പക്ഷേ ന്യുമോണിയയും ഷുഗറും കൂടി ആയപ്പോൾ തകർന്നു പോയി. അവിടെ ചെല്ലും വരെ എനിക്ക് ഷുഗർ ഉണ്ടായിരുന്നില്ല. ടെൻഷൻ കാരണം ഉയർന്നതാണ്. അതെല്ലാം കൂടി ചേരുമ്പോൾ പ്രശ്നമാണല്ലോ. അതോടെ ഞാൻ തകർന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. ടെൻ‌ഷൻ കൂടി. ആരുമായും സംസാരിക്കാൻ പറ്റില്ല, മെസേജ് അയക്കാൻ പറ്റില്ല. ആകെ ഒറ്റപ്പെട്ടു. അതിനു ശേഷം ഞാൻ ദൈവത്തിൽ മാത്രം മനസ്സർപ്പിച്ച് യൂട്യൂബിൽ മോട്ടിവേഷൻ വിഡിയോസ് കണ്ടു കൊണ്ടിരുന്നു. പതിയെപ്പതിയെ ഞാൻ തിരികെ വന്നു. കോവിഡ് നെഗറ്റീവ് ആയെന്നു അറിഞ്ഞ ദിവസം ജീവിതത്തിൽ രണ്ടാം ജൻമം കിട്ടിയ പോലെയായിരുന്നു. ഇപ്പോൾ ഞാൻ ജീവിക്കുന്നത് ഒരു പുതിയ ജൻമത്തിലാണ്. എനിക്കു വേണ്ടി പലരും പ്രാർഥിച്ചു, വഴിപാടുകൾ നടത്തി...ഒപ്പം നിന്നവരോട് നന്ദി പറയുന്നില്ല, എല്ലാവരെയും ഹൃദയത്തോട് ചേർക്കുന്നു.– സീമ പറയുന്നു.

s3

നന്ദി

എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, ഹൈബി ഈഡൻ. എം.പി എന്നിവരെ മറക്കാൻ കഴിയില്ല. എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ, എന്റെ മോൻ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കർ, ബിബിൻ ജോർജ്, മായ വിശ്വനാഥ്‌, ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു.. അങ്ങനെ ഒരു പാടു പേർ... ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ.. എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ. ഞാൻ എന്റെ എല്ലാ ഭയവും ആശങ്കയും കളമശ്ശേരി മെഡിക്കൽ കോളജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വച്ചു....