Thursday 03 September 2020 02:18 PM IST

ഫഹദിന്റെ ഫ്ലാറ്റ് മെയിൻ ലൊക്കേഷൻ, എയർപോർട്ടായി ഗ്രാന്റ് ഹയാത്ത്, ആസ്റ്റർ മെഡിസിറ്റി ദുബായി ആയി! സീ യു സൂണിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ

Unni Balachandran

Sub Editor

c2

കൊറോണയുടെ പ്രതിസന്ധി കാലത്ത് മലയാള സിനിമ ശ്വാസം മുട്ടിനിൽക്കുമ്പോൾ , പുതുപ്രതീക്ഷയുടെ ടേക്ക് ഓഫ് ആയിരിക്കുകയാണ് മഹേഷ് നാരായണന്റെ ‘സീ യു സൂൺ’. സെപ്റ്റംബർ ഒന്നാം തീയതി, ആമസോൺ പ്രേമിൽ റിലീസായ സിനിമയ്ക്കു ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന എന്നീ താരങ്ങൾക്കൊപ്പം പരിമിതികൾ പ്രേക്ഷകരെ അറിയിക്കാതെ ‘സീ യു സൂൺ’ ഒരുക്കിയ കഥ പറയുകയാണ് മഹേഷ് നാരായൺ വനിത ഓൺലൈനുമായി.

സീ യു സൂൺ എന്ന പേരിന് പിന്നിൽ?

വളറെ സ്‌ട്രോങ്ങാണ് നമ്മുടെ ‘കീവേർഡ്’ ജീവിതത്തിലെ പല പ്രയോഗങ്ങളും. പല അർഥങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയും എന്നുറപ്പുള്ളതുകൊണ്ടാണ് അത്തരത്തിലൊരു പേരിട്ടത്. മാത്രമല്ല, കുറച്ച് നാളായി സിനിമകളും തിയറ്ററുമില്ലാതെ , പ്രേക്ഷകരുമായി അകന്നു നിൽക്കുന്നു. വൈകാതെ അവരിലേക്കെത്തും എന്നൊരു അർഥം നൽകാനും കൂടിയാണ് സീ യു സൂൺ.

സീ യു സൂണിന്റെ ഐഡിയ ഉണ്ടാകുന്നത് എങ്ങനെയാണ്?

കൊറോണ പ്രശ്നങ്ങൾ കാരണം വല്ലാതെ സ്ട്രെസ്സ് വരാൻ തുടങ്ങിയിരുന്നു. ഏപ്രിൽ പന്ത്രണ്ടാം തീയതി റിലീസിന് വച്ചിരുന്ന എന്റെ രണ്ടാം സിനിമ മാലിക്, ഈ വർഷം ഇനി റിലീസ് നടക്കുമോ എന്നു പോലും സംശയിച്ച അവസ്ഥ. രോഗം സ്പ്രെഡ് ചെയ്യാൻ തുടങ്ങിയപ്പോൾ കൂടുതൽ ഭയമായി. ആ ഭയം എല്ലാം ടെക്നീഷ്യൻമാരിലും ഉണ്ടായിരുന്നു. മറ്റെല്ലാ മേഖലയ്ക്കും പതുക്കെയാണെങ്കിലും പഴയ സ്ഥിതിയിലേക്ക് എത്താം, പക്ഷേ സിനിമയ്ക്കു അത് കഴിയില്ലല്ലോ . ഇത്രയധികം ആളുകൾ ജോലി ചെയ്യുന്നൊരു മീഡിയമല്ലെ. ഡിപ്രഷനിലേക്കു പോലും മനസ് പോകുകയായിരുന്നു.

c3

അപ്പോഴാണ് ഫഹദ് പറയുന്നത് നമുക്ക് എന്തെങ്കിലും പുതിയതായി ചെയ്യാമെന്ന്. എക്സ്പിരിമെന്റലായി എന്തെങ്കിലും ഒന്നു ചെയ്തു നോക്കികൂടെയെന്ന സജഷൻ ഫഹദിന്റെ ഭാഗത്ത് നിന്നു വന്നപ്പോൾ ഞാനും ഓണായി. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ ഒന്നുകിൽ നമ്മൾ മടി പിടിച്ചിരിക്കും അതല്ലെങ്കിൽ ക്രിയേറ്റീവ് ഡ്രൈവ് ഉണ്ടാകും. അങ്ങനെയുണ്ടായൊരു ക്രിയേറ്റിവ് ഡ്രൈവാണ് സീ യു സൂണിൽ എത്തിയത്.

അവയെലിബിൾ ആക്ടേഴ്സ് എന്നൊരു ചിന്തയുണ്ടായിരുന്നൊ കാസ്റ്റിങ് നടത്തുമ്പോൾ?

കുറേക്കാലം മുൻപുണ്ടായ ഐഡിയ ആയിരുന്നു ഈ കഥ. ഐഡിയ മാത്രമായി ആക്ടേഴ്സിനടുത്തു പോകുന്നതിനോട് ഇഷ്ടമുള്ള ആളല്ല, ഞാനതിൽ ഒട്ടും കംഫർട്ടബിളല്ല. നാൽപത് പേജിന്റെ  ഡ്രാഫ്റ്റ്  എഴുതി തീർന്നപ്പോഴെ ആദ്യം മനസിൽ വന്നത് റോഷനും ദർശനയുമാണ്. ഇവരുടെ രണ്ടുപേരുടെയും നാടകങ്ങള്‍ ഞാൻ കണ്ടിട്ടുണ്ട്. മികച്ച ആക്ടേഴ്സാണവർ. നമുക്ക് ടാലന്റട് ആയിട്ടുള്ള ഒരുപാട് ചെറുപ്പക്കാരുണ്ട്. അവരെ നമ്മൾ യൂസ് ചെയ്യണം എന്നേയുള്ളൂ. ബാക്കി ആക്ടേഴ്സും അതുപോലെ സിലക്ട് ചെയ്തവരാണ്.

c5

എങ്ങനെയായിരുന്നു തികച്ചും പുതിയ ഈ ഷൂട്ടിങ് പ്രോസസ്സ്?

ഫഹദിന്റെ ഫ്ലാറ്റിലായിരുന്നു പ്രധാന ഷൂട്ടിങ്. ആ ഫ്ലാറ്റിനടുത്തായി അറ് അപ്പാർട്മെന്റുകൾ ഞങ്ങൾ റെന്റിനെടുത്തു അവിടെ ബാക്കി ആക്ടേഴ്സിനെയെല്ലാം താമസിപ്പിച്ചു. അടുത്തുള്ളവരൊന്നും പ്രശ്നം ഉണ്ടാക്കിയില്ല, ഒരു ഹോം വിഡിയോയുടെ എക്സ്‍റ്റെൻഷൻ എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ബാക്കി കാര്യങ്ങളൊക്കെ മാനേജ് ചെയ്യാൻ ഫഹദിന്റെ അനിയൻ ഫർഹാനും, നസ്റിയയുടെ അനിയൻ നവീനും ഉണ്ടായിരുന്നു. ഭാഗ്യത്തിന് നമ്മുടെ ആക്ടേഴ്സെല്ലാം കൊച്ചിയിൽ ഉള്ളവരാണ് . അവിടെയെത്തി എല്ലാവരെയും ക്വാറന്റൈൻ ചെയ്യിപ്പിച്ചു. എല്ലാവരുടെയും ഐഫോണും, പിന്നെ സ്ക്രീൻ ക്യാപ്ചറിനായി ലാപ്ടോപ്പിന്റെ വെബ് ക്യാമിന് പകരം പാനാസോണിക്കിന്റെ ക്യാമറയുമാണ് ഷൂട്ടിങ്ങിനായി ഉപയോഗിച്ചത്. ഫോർ–കെ ക്യാപ്ചറിങ്ങായിരുന്നു മുഴുവനും.

ആക്ടേഴ്സിന് ഷോട്ട് ഡിവിഷൻ ഇല്ലായിരുന്നു, ഓരോ സീനും പൂർണമായി അഭിനയിക്കണം. ഓരോ ഡയലോഗും മൊബൈൽ സ്ക്രീനിൽ നോക്കി പറയണം. പക്ഷേ, മറുപടി വരുന്നത് ആ മൊബൈൽ സ്ക്രീനിൽ നിന്നാകില്ല. ഉദാഹരണത്തിന്, ദർശനയും രോഷനും സംസാരിക്കുന്ന സീനിൽ, റോഷൻ മൊബൈൽ സ്ക്രീനിൽ നോക്കി സംസാരിക്കുമ്പോൾ അതിന്റെ മറുപടി വരുന്നത് , ആ ഫ്ലാറ്റിൽ തന്നെ ദൂരെ മാറി നിന്ന് റോഷന് വേണ്ടി മോക്ക് ചെയ്യുന്ന ദർശനയിൽ നിന്നാകും. ആ ശബ്ദത്തിന് റിയാക്ട് ചെയ്യാത, ആകടേഴ്സ് സ്ക്രീനിൽ തന്നെ നോക്കി റിയാക്‌ഷൻ കൊടുക്കണം. അത് വളരെ ടയറിങ്ങായൊരു പ്രോസസ് ആയിരുന്നു. അത് അറിയാവുന്നതുകൊണ്ട് തന്നെയാണ് ഫഹദ് തന്നെ ഇതിന്റെ പ്രൊഡക്‌ഷൻ ഏറ്റെടുക്കാം എന്ന് പറഞ്ഞതും. 18–20 ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് തീർത്തത്.

വിർച്വൽ സിനിമാറ്റഗ്രഫിയെന്നൊരു പുതിയ പ്രയോഗം ടൈറ്റിലിൽ കാണുകയുണ്ടായി?

ഷോട്ട് ഡിവിഷൻ ഇല്ലാത്ത സിനിമയാണ്. വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ടാണ് പലപ്പോഴും നമുക്ക് സിനിമയുടെ ടോട്ടാലിറ്റി ഉണ്ടാക്കിയെടുക്കുന്നത്. ഇവിടെ നമ്മൾ സ്ക്രീനീൽ ഓരോ കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്യുകയാണ് വേണ്ടത്. ഫോൾഡർ തുറക്കുന്നത്, സ്ക്രീനിൽ എന്തൊക്കെ ഐക്കൺസ് വേണമെന്നത്, എവിടെ സൂം ഇൻ ചെയ്യണം എന്നു തീരുമാനിക്കുന്നത് ഒക്കെ വളരെ പ്രധാനപ്പെട്ടൊരു പ്രോസസാണ് ഇത്തരത്തിലൊരു സിനിമയിൽ. അതാണ് വിർച്വൽ സിനിമാറ്റോഗ്രഫിയെന്ന് ടൈറ്റിൽ എന്റെ പേരിനൊപ്പം കൊടുത്തത്.

c4

ക്യാമറ ആക്ടേഴ്സ് കൈകാര്യം ചെയ്യുന്നതുകൊണ്ട് നമ്മുടെ സിനിമാറ്റോഗ്രഫറിന്റെ ജോലി സീൻ ലൈറ്റ് ചെയ്യുക, അതുപോലെ നടക്കുമ്പോൾ ഏത് വഴി ഉപയോഗിച്ചാലാണ് കൂടുതൽ നന്നാവുകയെന്ന് പറഞ്ഞ് ആക്ടേഴ്സിനെ ഗൈഡ് ചെയ്യുക എന്നതൊക്കെയായിരുന്നു. ഇത്തരം സിനിമകൾ , പോസ്റ്റ് പ്രൊഡക്‌ഷനിലാണ് മുഴുവൻ പ്രോസസും നടക്കുന്നത്. ഷൂട്ടിങ് തീരുന്നത് 40 ശതമാനം കംപ്ലീഷനായെ കാണാൻ കഴിയൂ. വിഷ്യൽ എഡിറ്റ് ചെയ്തിട്ട് വീണ്ടും , സ്ക്രീനിലെത്തുന്ന ബാക്കി ഇമേജസ് ( ഐക്കൺസ്, വിഡിയോ കോൾ വിൻഡോ, ഫോൾഡർസ്) കൂടെ സെറ്റ് ചെയ്യണം. നമുക്ക് കഥ കമ്യൂണിക്കേറ്റ് ചെയ്യുക എന്നതാണല്ലോ പ്രധാനം. അത് കഴിഞ്ഞ് ചിലപ്പോൾ വീണ്ടും എഡിറ്റിങ് വേണ്ടി വരും. ഞാൻ മുൻപ് പറഞ്ഞതുപോലെ വളരെ ക്ഷീണിപ്പിക്കുന്നൊരു പ്രോസസ്. ഒരിക്കൽ കൂടെ സ്ക്രീൻ ബേസ്ഡ് ഒരു സിനിമ എടുക്കാൻ പറഞ്ഞാൽ ‍ഞാനത് ചെയ്യില്ല.

എയർപോർട്ട്, ഡാൻസ് ബാർ, ദുബായ് ഓഫിസ്... ലോക്ഡൗണിൽ ഇതെല്ലാം എങ്ങനെ ഉൾപ്പെടുത്തി?

ഞങ്ങൾ ഷൂട്ടിങ് തുടങ്ങുന്നത് കംപ്ലീറ്റ് ലോക്ഡൗണിന്റെ സമയത്താണ്, വിദേശത്ത് നിന്ന് ആളുകൾ വന്നുതുടങ്ങിയിട്ടില്ല. റെസ്ട്രിക്ഷൻ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഇപ്പോഴുള്ളതിലും ലിമിറ്റഡായി മാത്രമേ ട്രാവൽ പറ്റൂ. മിഡിൽ ഈസ്റ്റ് ടെക്സ്ചെർ ഉള്ള കെട്ടിടങ്ങൾ നോക്കുകയായിരുന്നു ഞങ്ങളാദ്യം. അങ്ങനെയൊണ് ഗ്രാന്റ് ഹയാത്തില്‍, അനുവിന് യാത്ര ചെയ്യാനായി ദുബായ് എയർപോർട് സെറ്റ് ചെയ്തത്. കോവിഡ് കാലം ആയതുകൊണ്ട് അവിടെ തിരിക്കു കുറവായതും ഷൂട്ടിന് സഹായിച്ചു. ജിമ്മിയുടെ ദുബായിലെ ഓഫിസായത് ആസ്റ്റർ മെഡിസിറ്റിയിലെ ഒരു റൂമാണ്. ഡാൻസ് ബാർ , ഇവിടെയൊരു സ്റ്റുഡിയോയിൽ സെറ്റ് ചെയ്തു. ബാക്കി വിഷ്യൽസ് ഒറിജിനൽ ഫൂട്ടേജ് കൂടെ ചേർത്ത് മിക്സ് ചെയ്തതാണ്.

സിനിമ റിലീസ് ആയിട്ട് കിട്ടുന്ന ഫീഡ്ബാക്സ് എങ്ങനെയുണ്ട്?

വലിയ ആശ്വാസമാണ് തോന്നുന്നത്. ക്രൂ മെമ്പേഴ്സുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഫഹദുമായി സംസാരിച്ചിരുന്നു, ആള് ഹാപ്പിയാണ്. തിയറ്റർ തുറക്കാതിരിക്കുന്ന സമയത്തെ ആ ഡിസ്കംഫോർട് ടെക്നീഷ്യൻസിന് അടക്കം , പ്രൊഡക്ടീവ് ആക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തിയറ്റർ തുറക്കാൻ കാത്തിരിക്കുന്നവരാണ് എല്ലാവരും. അപ്പോ ആ സമയത്തേക്ക് ഞാൻ ചെയ്തൊരു വർക് ഫ്രം ഹോം ആയി, സീ യു സൂണിനെ കാണുകയാണ്.

c66

സിനിമ അവസാനിച്ചതും ഒരു തിയറ്റർ റിലീസിന്റെ സൂചനയിലാണ്?

സി യു സൂണിൽ ജിമ്മി അനുവിനെ കാണാൻ പോകുന്നത് തൊട്ട്, അവൾ അപ്പാർട്മെന്റിൽ എത്തുന്നത് വരെയുള്ള ഭാഗം നമ്മൾ കാണിച്ചിട്ടില്ല. അത് ഷൂട്ട് ചെയ്യാൻ നമ്മുടെ ഈ സാഹചര്യത്തിൽ പറ്റില്ല. മാത്രമല്ല, പല മിസ്സിങ് ലിങ്കുകളും സിനിമയിൽ ഇട്ടിട്ടുണ്ട് നമ്മൾ, ജിമ്മി അനുവിനെ കണ്ടുമുട്ടുമൊ എന്നത് അടക്കം. അതുകൊണ്ട് ആ സീനുകളുടെയെല്ലാം ഒരു സാധ്യതവച്ച്, കഥാപാത്രങ്ങളുടെ വിർച്വൽ ലൈഫ് അല്ലാതെ ‘റിയൽ ലൈഫുമായി’ തിയറ്ററിൽ വന്നാൽ കൊള്ളാമെന്ന് ഉണ്ട്.

മാലിക്കിനെക്കുറിച്ച്?

അതൊരു റെസിസിറ്റെൻസ് മൂവ്മെന്റിന്റെ സിനിമയാണ്. ഒരു വലിയ കമ്യൂണിറ്റിയെ പറ്റി സംസാരിക്കുന്ന കഥയാണ്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാൽ തിരുവനന്തപുരത്തെ തീരദേശവാസികളുമായി ബന്ധപ്പെടുന്നൊരു കഥയാണത്. വലിയ ഫോർമാറ്റ് സിനിമയായതുകൊണ്ട് തന്നെ തിയറ്ററിൽ മാത്രമെ അത് പുറത്തിറക്കുകയുള്ളൂ. അതുകൊണ്ട് നമ്മുടെ ലോകവും തിയറ്ററും നോർമലായി കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.

Tags:
  • Movies