Tuesday 21 April 2020 06:35 PM IST

'മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെടാ...'; ചിരിയുടെ ചമയം അഴിച്ചുവച്ച് ഷാബു പോകുമ്പോള്‍; കണ്ണീരോടെ ദീപു

Binsha Muhammed

shabu-deepu-f

'മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെടാ...'; ചിരിയുടെ ചമയം അഴിച്ചുവച്ച് ഷാബു പോകുമ്പോള്‍; കണ്ണീരോടെ ദീപു

'മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും ഒന്ന് മുഖം കാണിക്കണമെടാ... ഇങ്ങനെ നടന്നാല്‍ പറ്റില്ല, എങ്ങനെയെങ്കിലും ഒന്ന് കരകയറണം. രക്ഷപ്പെടണം. മക്കളെ നല്ല നിലയിലാക്കണം'

ചിരിയുടെ ചമയങ്ങളില്ല... ലൈം ലൈറ്റിന്റെ തിളക്കങ്ങളില്ല. കൈയടികളും ആരവങ്ങളും ഇല്ല. മൊബൈല്‍ മോര്‍ച്ചറിയുടെ തണുപ്പിലുറങ്ങുന്ന ആ കലാകാരന് അന്നേരം കൂട്ട് കണ്ണുനീര്‍ക്കണങ്ങള്‍ മാത്രം. ഇത്രവേഗമെന്തിന് വിധിയേ... ആ ചിരി മായ്ച്ചു കളഞ്ഞതെന്ന തേങ്ങലുകള്‍ മാത്രം... ശാന്തമായുറങ്ങുന്ന ഷാബുവിന്‍റെ മുഖത്തേക്ക്   നോക്കുമ്പോഴൊക്കെയും സുഹൃത്തും സഹതാരവുമായി ദീപുവിനെ ആ വാക്കുക്കള്‍ മാത്രം കുത്തിനോവിക്കുന്നു. 'മരിക്കും മുമ്പ് ഒരു സിനിമയെങ്കിലും നമുക്ക് ചെയ്യണ്ടേടാ...'

എത്രയോ ചിരിവേദികളില്‍  ഷാബുവിനൊപ്പം കൂട്ടായി നിന്ന ദീപു നാവായിക്കുളം ആ കണ്ണടയുന്ന വേളയിലും കൂട്ടിരുന്നത് കാലത്തിന്റെ നിയോഗം. കണ്ണുനീര്‍ വറ്റിയ നിമിഷങ്ങളിലെപ്പോഴോ ദീപു ഓര്‍ത്തെടുത്തു, മരണത്തിനും അകറ്റി നിര്‍ത്താനാകാത്ത ഷാബുരാജ് എന്ന കണ്ണീരോര്‍മ്മയെ.  അനിയനെപ്പോലെ തന്നെ ചേര്‍ത്തു നിര്‍ത്തിയ നാട്യങ്ങളില്ലാത്ത കലാകാരനെ വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഓര്‍ക്കുമ്പോള്‍ പെയ്യാന്‍ വെമ്പി നിന്ന മിഴിനീര്‍ അറിയാതെ പൊഴിയുന്നുണ്ടായിരുന്നു.

നഷ്ടമായത് ചേട്ടനെ

'ഷാബു അണ്ണന്‍..' .അങ്ങനെയേ വിളിച്ചിട്ടുള്ളൂ. ജന്മം കൊണ്ടല്ലെങ്കിലും എനിക്കാ മനുഷ്യന്‍ ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സ് വേദിയില്‍ ഞങ്ങള്‍ രണ്ടു പേരുമായിരുന്നു കോമ്പിനേഷന്‍. നിരവധി ട്രൂപ്പിലും ഒന്നിച്ചുണ്ടായിരുന്നു. നാലാളറിയുന്ന മിമിക്രി കലാകാരനായുള്ള യാത്രയ്ക്കിടെ അണ്ണനായിരുന്നു എന്റെ ബലം. ഒരു വര്‍ക് വന്നാലും ഷാബു അണ്ണനെയായിരുന്നു ആദ്യം വിളിച്ചു പറഞ്ഞിരുന്നത്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ച മനുഷ്യന്‍... എന്നെ ഒരനിയനെ പോലെ കണ്ട ജ്യേഷ്ഠന്‍- ദീപു കണ്ണീരോടെ പറഞ്ഞു തുടങ്ങുന്നു. 

ഷാബു അണ്ണനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന സത്യം എന്നെപ്പോലെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. പ്രോഗ്രാം നാളുകളില്‍ ഒരുമിച്ച് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടെന്നോ... അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്പോഴും 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പകുതി പ്രതീക്ഷകള്‍ ദൈവത്തിന് വിട്ടു കൊടുത്ത് ഞാനും ഉണ്ടായിരുന്നു ആശുപത്രിയില്‍. ഷാബു അണ്ണന്‍ തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിച്ചു. പക്ഷേ...

ചമയങ്ങളില്ലാത്ത ലോകത്തേക്ക്

 ഷോയിലെ പോലെ സദാസമയം ഉല്ലാസവാനായിരുന്ന മനുഷ്യന്‍. ജീവിതത്തിലും തമാശ ശീലമാക്കിയ വ്യക്തി... അതായിരുന്നു ഷാബു. എപ്പോഴും പുഞ്ചിരിച്ച് പോസിറ്റീവായി നടക്കുന്ന ഷാബു അണ്ണന്റെ കണ്ണുകള്‍ ഒരിക്കല്‍ നിറയുന്നത് ഞാന്‍ കണ്ടു. എങ്ങനെയെങ്കിലും കരകരയറണം... ചേച്ചിക്കും നാലു മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം നല്‍കണം എന്ന് പറഞ്ഞ് ആ കണ്ണുകള്‍ ഒരു വട്ടം നിറഞ്ഞൊഴുകി. അധികമൊന്നും ഷാബു അണ്ണന്‍ ആഗ്രഹിച്ചിരുന്നില്ല... അല്ലലില്ലാതെയുള്ള ജീവിതം... മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം... ആ സ്വപ്‌നത്തിന് കാത്തു നില്‍ക്കാതെയാണ് അദ്ദേഹം പോകുന്നത്.  

അദ്ദേഹത്തിന്റെ കുടുംബമാണ് ഞങ്ങളുടെ കണ്‍മുന്നിലുള്ള മറ്റൊരു വേദന. വീട്ടുകാര്‍ക്കു വേണ്ടി രാപ്പകലില്ലാതെ ഉത്സവപ്പറമ്പുകളിലും സ്റ്റേജ് ഷോകളിലും കയറിയിറങ്ങിയ മനുഷ്യനാണ് ജീവനറ്റ് അവരുടെ മുന്നിലുള്ളത്. മിമിക്രിയിലൂടെ സ്വരുക്കൂട്ടിയ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. നാലു മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു പെണ്ണും. മൂത്ത മകന് 12 വയസ് ആകുന്നതേയുള്ളൂ. സങ്കടമെന്തെന്നാല്‍ ഷാബു അണ്ണന്റെ ഭാര്യയും രോഗിയാണ്. ഹൃദ്രോഗവും വാതവും അവരെയും അലട്ടുന്നുണ്ട്. അങ്ങനെയുള്ള കുടുംബത്തിന്റെ തണലാണ് ദൈവം തിരിച്ചെടുത്തത്...ആ ചിരിയും... നിഷ്‌ക്കളങ്കതയും... എല്ലാം ഇനി കണ്ണീരോര്‍മ്മ. - ദീപു പറഞ്ഞു നിര്‍ത്തി.