ADVERTISEMENT

സൗഹൃദങ്ങളുടെ പൂമരമായിരുന്നു ഷാബു. ആരെയും ഹൃദയം തൊട്ടു സ്നേഹിക്കുന്ന, എല്ലാവരെയും തന്നോടു ചേർത്തു നിർത്തുന്ന നൻമയായിരുന്നു ആ ചെറുപ്പക്കാരൻ. താരങ്ങളും സാധാരണക്കാരുമടങ്ങുന്ന ഒരു വലിയ സൗഹൃദ ലോകമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യം. അതുകൊണ്ടാണ് ഷാബു പുൽപ്പള്ളിയുടെ മരണം സിനിമാലോകത്തെയാകെ ഞെട്ടിക്കുന്നതും ഒരിക്കലെങ്കിലും ഷാബുവിനെ പരിചയപ്പെട്ട ഓരോരുത്തരും ആ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ച് തകർന്നു നിസഹായരാകുന്നതും.

മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയുടെ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളി ഇന്നലെയാണ് അപകടത്തില്‍ മരണപ്പെട്ടത്. 37 വയസ്സായിരുന്നു. മരത്തിൽ നിന്നു വീണായിരുന്നു മരണം. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരനാണ്.

ADVERTISEMENT

8വ‍ര്‍ഷമായി നിവിൻ പോളിക്കൊപ്പം പ്രവ‍ര്‍ത്തിച്ചു വരികയായിരുന്നു ഷാബു. മേക്കപ്പ്മാൻ എന്നതിനൊപ്പം അടുത്ത സുഹൃത്തും സഹോദര തുല്യനുമായിരുന്നു ഷാബു നിവിന്.

‘‘ഷോക്കിങ് എന്നേ പറയാൻ പറ്റൂ. വളരെ ചെറുപ്പമാണല്ലോ അവൻ. ഷാബുവിന്റെ ചേട്ടൻ ഷാജി ഇപ്പോൾ എനിക്കൊപ്പം ‘റെസ്റ്റ് ഇൻ പീസ്’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോൾ വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂർ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി’’.– ഷാബുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ‘വനിത ഓൺലൈനോ’ട് പറയുന്നു.

ADVERTISEMENT

‘‘എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോൾ വിളിച്ചാലും കൃത്യമായി കാര്യങ്ങൾ പറയും അത് നിവിനെ അറിയിക്കും. താരങ്ങളോടും ടെക്നീഷ്യൻസിനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ആരെ പരിചയപ്പെട്ടാലും വളരെ വേഗം സൗഹൃദത്തിലേക്കെത്തുന്നതായിരുന്നു അവന്റെ രീതി. എപ്പോഴും ചിരിച്ചോണ്ടു മാത്രമേ ഷാബുവിനെ കാണാൻ പറ്റൂ.

എട്ടു വർഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിൻ നായകനായ ‘കനകം കാമിനി കലഹം’ എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു.

ADVERTISEMENT

സംഭവം അറി‍ഞ്ഞപ്പോൾ മുതൽ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകൻ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിൻ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന് അത്ര അടുപ്പമായിരുന്നു ഷാബുവുമായി’’.– ബാദുഷ പറയുന്നു.

ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്‍തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. വയനാട് സ്വദേശിയാണ്.



ADVERTISEMENT