ADVERTISEMENT

ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷാജി കൈലാസിൽ നിന്നു മലയാളികൾക്ക് കിട്ടിയ ചലച്ചിത്ര വിരുന്നാണ് ‘കടുവ’. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണെ’ന്ന് ഷാജി കൈലാസ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്‍ വീണ്ടും തെളിയിച്ചു. ‘കടുവ’ വൻ വിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, പൃഥ്വിരാജിനെ നായകനാക്കി ‘കാപ്പ’യുടെ ചിത്രീകരണത്തിരക്കുകളിലാണ് ഷാജി. ജി.ആർ ഇന്ദുഗോപന്റെ തിരക്കഥയിലൊരുങ്ങുന്ന ‘കാപ്പ’ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു ‘ആഡംബര വാർത്ത’ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്. താൻ വോൾവോ കാർ വാങ്ങിയെന്ന പ്രചാരണമാണ് അദ്ദേഹം തള്ളിക്കളയുന്നത്. ‘കടുവ’യുടെ വിജയത്തിന് പിന്നാലെ ഷാജി കൈലാസ് ആഡംബരകാർ സ്വന്തമാക്കിയെന്ന് ചിത്രം സഹിതം സൈബർ ഇടങ്ങളിൽ പ്രചരിച്ച വാർത്തയ്ക്കു പിന്നിലെ സത്യം വിശദമാക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായകൻ.

ADVERTISEMENT

‘ഞാൻ ‘കടുവ’യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ ‘കാപ്പ’ യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത്. ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ’ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘കടുവ ഹിറ്റായപ്പോൾ പൃഥ്വിരാജ് ഷാജി കൈലാസിന് വോൾവോ കാർ വാങ്ങിക്കൊടുത്തു എന്നൊക്കെയായിരുന്നു ചില പ്രചരണങ്ങൾ...പാവം ഡോൾവിന്‍ ഒരു വണ്ടി എടുത്തു. ഞാനതിന്റെ താക്കോൽ വാങ്ങി. അത്രയേ സംഭവിച്ചുള്ളൂ’’. – പൊട്ടിച്ചിരിയോടെ ഷാജി കൈലാസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ADVERTISEMENT

‘‘ഞാനൊരു പുതിയ വണ്ടി വാങ്ങിയാൽ കുടുംബവും അതിന്റെ താക്കോൽ വാങ്ങാൻ ഒപ്പമുണ്ടാകുമല്ലോ. മാത്രമല്ല, കൊച്ചിയിലുമായിരുന്നു. കാറിനൊപ്പം നിൽക്കുന്ന എന്റെയും സുഹൃത്തുക്കളുടെയും പടം കണ്ടപ്പോൾ ചിലർക്കു തോന്നി, അതു ഞാൻ വാങ്ങിയതാണെന്ന്. ഉടനേ വാർത്തയുമായി.

ബിലാല് പറയും പോലെ, ഷാജി പഴയ ഷാജിയാണ്. കാശും പ്രശസ്തിയും ഒന്നും എന്നെ ബാധിക്കുന്നതേയില്ല. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് എല്ലാക്കാലവും വലുത്. ആറു കൊല്ലം വെറുതേയിരുന്നതിന്റെ കടം തീർക്കുകയാണിപ്പോൾ...’’.– ഷാജി കൈലാസ് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു നിർത്തി.

ADVERTISEMENT

 

ADVERTISEMENT