മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടന്‍ ഷാജു ശ്രീധനും നടിയും നര്‍ത്തകിയുമായ ചാന്ദ്‌നിയും. ഇരുവരുടെയും മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. നന്ദന ടിക്ക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായപ്പോള്‍, നീലാഞ്ജന ‘അയ്യപ്പനും കോശി’യിലും പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയയായി. ഇപ്പോഴിതാ, നന്ദനയും അഭിനയത്തിൽ സജീവമാകുന്നു. നന്ദന നായികയായ ‘STD X-E 99 BATCH’ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുമ്പോൾ, ഷാജുവും നന്ദനയും ഒന്നിച്ചഭിനയിച്ച ഹ്രസ്വചിത്രം ‘മാര്യേജ് കോണ്ട്രാക്ട്’ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
പ്രമേയത്തിന്റെ പ്രസക്തിയാണ് ‘മാര്യേജ് കോണ്ട്രാക്ട്’ നെ വേറിട്ടു നിർത്തുന്നത്. ആഘോഷ് വൈഷ്ണവം കഥയെഴുതി സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രത്തിൽ നന്ദനയും ഷാജുവും അച്ഛനും മകളുമായിത്തന്നെയാണ് അഭിനയിച്ചിരിക്കുന്നതും.
ഭർത്താവില്‍ നിന്ന് ഒരു പെൺകുട്ടി നേരിടുന്ന മോശം അനുഭവങ്ങളും അവളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.

‘‘യഥാർഥ ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നാൽ ഞാൻ കൃത്യമായി ആലോചിച്ചേ ഒരു തീരുമാനം എടുക്കൂ. ഒരുപാടു കാലത്തെ മോശം അനുഭവങ്ങളിൽ നിന്ന് ഒരു കുട്ടി ഇറങ്ങി വരുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. മാനസികമായും ശാരീരികമായുമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോൾ നമ്മൾ കൂടി സ്വീകരിക്കാതിരുന്നാൽ അവരെങ്ങോട്ട് പോകും. രണ്ടു ഭാഗത്തും ആശ്രയം ഇല്ലാതെയാകുമ്പോഴാണ് മിക്ക പെൺകുട്ടികളും ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. ഭർതൃപീഢനം എന്നൊക്കെ വലിയ വാർത്തയുണ്ടാക്കി, പതിയപ്പെതിയെ അത് തേഞ്ഞ് മാഞ്ഞ് പോകുകയേയുള്ളൂ. നഷ്ടം നമുക്ക് മാത്രമാകും.
വിവാഹം കഴിച്ചയച്ചു, ഒരാളെ ഏൽപ്പിച്ചു എന്നു കരുതി പൂർണമായും നമ്മുടെ ഉത്തരവാദിത്വം തീർന്നു എന്ന് പറയാന്‍ പറ്റില്ല. പണ്ട് അങ്ങനെയാണ്. ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ച് വിട്ടാൽ ബാധ്യത തീർന്ന പോലെയാണ് എല്ലാവരും കരുതുക. ഒന്നോ രണ്ടോ പെൺകുട്ടികളുണ്ടെങ്കിൽ ഇവരെ എങ്ങനെ കല്യാണം കഴിപ്പിച്ച് വിടും എന്നതാണ് ഒരു അച്ഛന്റെ ഏറ്റവും വലിയ ആശങ്ക. ആ രീതി പത്തിരുപത് വർഷം മുമ്പ് അവസാനിച്ചു. അന്നും സ്ത്രീ പീഡനങ്ങളും മറ്റുമൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ കുടുംബത്തിനുള്ളിൽ തന്നെ ഒതുങ്ങിത്തീരുകയായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി’’. – ഷാജു ‘വനിത ഓൺലൈനോട്’ പറയുന്നു.
ആശയം വന്ന വഴി
മോളെ അഭിനയിപ്പിക്കാമോ എന്ന് ആഘോഷ് ചോദിച്ചപ്പോൾ ശരിയാകുമോ എന്ന് എനിക്കു സംശയമുണ്ടായിരുന്നു. അവളുടെ മുഖത്ത് വിവാഹിതയായ ഒരു പെൺകുട്ടിയുടെ മെച്യൂരിറ്റി ഫീൽ ചെയ്യുമോ എന്ന ചിന്തയായിരുന്നു കാരണം. ആഘോഷിന് ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നന്ദന ആ പ്രൊജക്ടിന്റെ ഭാഗമായത്. ഷൂട്ടിന്റെ തലേ ദിവസമാണ് ആഘോഷ് എന്നോട് അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. ആദ്യം ശബ്ദം മാത്രം എന്നാണ് പ്ലാൻ ചെയ്തത്. പിന്നീട് കഥയിൽ ചെറിയ മാറ്റം വന്നപ്പോൾ അഭിനയിക്കുകയായിരുന്നു.
സ്ത്രീധനം വിദ്യാഭ്യാസമാണ്
ഈ സിനിമ കണ്ട് രണ്ട് പെൺമക്കളുള്ള അച്ഛൻമാരാണ് എന്നെ കൂടുതൽ വിളിച്ചത്. പലരും അവരുടെ ആശങ്കകളും അനുഭവങ്ങളും പറഞ്ഞു.
മിക്കവരും മകൾക്ക് ഒരു വരനെ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ ജോലിയും സമ്പത്തും കുടുംബമഹിമയുമൊക്കെയാണ് ശ്രദ്ധിക്കുക. അവൻ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കില്ല. അതാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുക.
പെൺകുട്ടികൾ പരമാവധി പഠിക്കട്ടെ. അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണ്.