Wednesday 30 December 2020 12:42 PM IST

ഗർഭകാലം ആഘോഷമാക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല! അല്ലുവിന്റെ ചിത്രം പോസ്റ്റ് ചെയ്തതു ജനിച്ചു രണ്ടു മാസം കഴിഞ്ഞ്; കൺമണിയുടെ വിശേഷങ്ങളുമായി ഷാലു കുര്യൻ

V.G. Nakul

Sub- Editor

shalu-new-1

അല്ലുക്കുട്ടന്റെ ആദ്യത്തെ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരം ഷാലു കുര്യനും നല്ലപാതി മെൽവിൻ ഫിലിപ്പും. തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷത്തിന്റെ പുതിയ നറുനിലാവ് പടർത്തി മകൻ ജനിച്ച ശേഷമുള്ള ആദ്യത്തെ ക്രിസ്മസും ന്യൂ ഇയറും ഏറെ പ്രിയപ്പെട്ടതും സ്പെഷ്യലുമാണെന്ന് ഷാലു പറയുന്നു. രണ്ടു മാസം മുമ്പാണ് ഷാലുവിന്റെയും മെൽവിന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയായി അല്ലു എന്ന അലിസ്റ്റർ എത്തിയത്.

‘‘പഴയതു പോലെയല്ല. ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങൾ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്. നേരത്തെയാണെങ്കിൽ ഫോണിൽ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോള്‍ മോനൊപ്പമാണ് എപ്പോഴും. അവന്റെ കാര്യങ്ങൾ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വർത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു’’.– അമ്മയായ ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് ഷാലു ‘വനിത ഓൺലൈനോ’ട് മനസ്സ് തുറന്നു തുടങ്ങിയതിങ്ങനെ.

‘‘അലിസ്റ്റർ എന്നാണ് മോന് പേരിട്ടിരിക്കുന്നത്. അല്ലു എന്നാണ് വീട്ടിൽ വിളിക്കുക. ഭർത്താവിന്റെ സെലക്ഷനാണ് പേര്. പ്രഗ്നന്റായപ്പോള്‍ തന്നെ ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും അവർക്കു വേണ്ടി ഓരോ പേര് കണ്ടെത്തി വച്ചിരുന്നു. പേര് യൂണീക് ആയിരിക്കണം വിളിക്കുമ്പോൾ ഗാംഭീര്യമുണ്ടാകണം ഇഷ്ടം തോന്നണം എന്നൊക്കെ നിർബന്ധമുണ്ടായിരുന്നു. ഡിഫന്റർ എന്നാണ് പേരിന്റെ അർത്ഥം. പോരാളി എന്നും പറയാം. കക്ഷി പേരു പോലെ പോരാളി തന്നെയാണ്. നല്ല കുസൃതിയാണ്’’.– ഷാലുവിന്റെ ശബ്ദത്തില്‍ അമ്മയുടെ വാൽസല്യവും സന്തോഷവും.

അല്ലുവിന്റെ ആദ്യത്തെ ക്രിസ്മസ്

കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. ഇതുവരെയുള്ള ജീവിതരീതി ഇപ്പോൾ പൂർണമായും മാറി. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങും മുമ്പേ പ്രഗ്നന്റായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അധികം ആരോടും പറഞ്ഞതുമില്ല. ഒന്നാമത് ഗർഭകാലവുമായി ബന്ധപ്പെട്ട ഫോട്ടോസോ വാർത്തകളോ ഒന്നും പുറത്തു വിടുന്നതിൽ തീരെ താൽപര്യമുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ അറിയാമായിരുന്നു. അതിനനുസരിച്ചുള്ള കെയര്‍ അവർ തരുന്നുണ്ടായിരുന്നു. മകൻ ജനിച്ച് 2 മാസം കഴിഞ്ഞാണ് അതുമായി ബന്ധപ്പെട്ട ഒരു ചിത്രവും കുറിപ്പും ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു പോലും.

ലോക്ക് ഡൗൺ സമയത്തായിരുന്നു ഗർഭകാലം. ധാരാളം സമയം വിശ്രമത്തിനായി കിട്ടി. ഇപ്പോൾ വീണ്ടും വർക്കിൽ സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ്. ‘തട്ടീം മുട്ടീം’ ക്രിസ്മസ് എപ്പിസോഡിൽ ഞാൻ വിഡിയോ കോളിൽ വന്നിരുന്നു.

അല്ലുവിന്റെ ആദ്യത്തെ ക്രിസ്മസ് ഞങ്ങൾ ആഘോഷിച്ചു. ഇതൊക്കെ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണല്ലോ. ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. അത് മിസ് ചെയ്യരുത് എന്ന് തോന്നി. മിതമായിട്ടാണെങ്കിലും സന്തോഷത്തോടെ ആഘോഷിച്ചു....

‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ അത്രവേഗം മലയാളികൾ മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്.