Friday 28 August 2020 03:14 PM IST

അവർ ചാലഞ്ച് ചെയ്തിട്ടുണ്ട്, എന്റെ ആദ്യരാത്രി കുളമാക്കി കയ്യിൽ തരുമെന്ന്; ഷംനയുടെ ജീവിതത്തിലെ ‘ഫസ്റ്റ് നൈറ്റ്’ പ്രതികാര കഥ

Lakshmi Premkumar

Sub Editor

shamna-k
ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ, വീ ക്യാപ്ചര്‍ ഫൊട്ടോഗ്രഫി

നീണ്ട ഇടവേളയ്ക്കു ശേഷം വനിതയുടെ സ്പെഷൽ കവറിന്റെ ഭാഗമാകാൻ എത്തിയതാണ് ഷംന. ഓരോ തവണയും കാണുമ്പോൾ പിന്നെയും പിന്നെയും ഭംഗി കൂടുന്ന ഷംന. സിനിമയിലെത്തിയിട്ട് 13 വർഷമായെന്നും തനിക്ക് 30 വയസ്സുണ്ടെന്നും ഒരു മടിയുമില്ലാതെ തുറന്നു പറയുന്ന ഷംന.

ആ കുട്ടിയല്ല, ഈ കുട്ടി

വനിതയുടെ കവർ ചിത്രത്തിൽ എന്നോടൊപ്പമുള്ളത് എന്റെ കുഞ്ഞല്ല. പക്ഷേ, ആറു കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. ഞാൻ മമ്മിയോട് പറയും, ‘നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കും.’ അപ്പോൾ മമ്മി പറയും, ‘പറയാൻ നല്ല എളുപ്പമാ. ഒരെണ്ണം കഴിയുമ്പോൾ കാണാം.’

ഞാൻ വളരെ സീരിയസായാണ് പറയുന്നത്. ഗർഭിണിയാകുക, അമ്മയാകുക എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഉറപ്പായും ഞാൻ ആറു പ്രസവിക്കും. മമ്മിയെ പിന്നിലാക്കും.

വിശ്വാസം അതല്ലേ എല്ലാം...

കണ്ണൂര് തയ്യിലാണ് ഞങ്ങളുടെ കുടുംബം. എന്റെ ഡാഡി കാസിം. മമ്മി റംല ബീവി. ഞാനും നാലു സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്പോൾ സ്ട്രഗിൾ അനുഭവിച്ചത് ഞാനല്ല, മമ്മിയാണ്. ഞാനൊരു കലാകാരിയാകണം, അറിയപ്പെടണം എന്നൊക്കെ മമ്മിക്കായിരുന്നു നിർബന്ധം.

ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടേയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ, അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്കരിക്കുന്നയാളാണ് ഞാൻ. ഓർമ വച്ച നാൾ മുതൽ എല്ലാ നോമ്പും എടുത്തിട്ടുണ്ട്. നോമ്പു കാലമായാൽ മറ്റൊരു ഷംനയാണ്. ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്. ഇതൊന്നും അറിയാതെ വിമർശിക്കുന്നവരോട് എ നിക്ക് മറുപടിയില്ല.

എന്റെ ‘ഫൈവ് സ്റ്റാർ’

എന്റെ മമ്മി ബാക്കി നാലു മക്കളേയും കണ്ണൂരിലുള്ള വ ലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെൽത് റൂമിൽ. ആശുപത്രി സൗകര്യം കുറവുള്ള നാട്ടിൻപുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെ ഒരു മുറിയുണ്ടായിരുന്നു.

ഇപ്പോള്‍ അതൊക്കെ തകർന്ന് തരിപ്പണമായി, നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലെ റോഡിലൂടെ പോകുമ്പോൾ മമ്മി പറയും ‘വല്യ നടിയായ’ ഷംനാ കാസിമിനെ പ്രസവിച്ച ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റല്‍’ ആണ് ആ കാണുന്നത്’.

അത്രേ ഞാൻ ചെയ്തുള്ളൂ...

രഹസ്യമായിട്ടായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ, ക്ലൈമാക്സ് മാസ് സീനായി മാറി. അന്ന് മൂന്നോ നാലോ വയസ്സേയുള്ളൂ. വീടിന്റെ ടെറസ്സിന്റെ മുകൾ വശത്തായി ഒരു പൂച്ച പ്രസവിച്ചു. ഇത്താത്തയാണ് വിവരം പറഞ്ഞത്. അടുത്തു പോയി കാണണമെന്ന് ഒരാഗ്രഹം.

ആരും കാണാതെ നേരെ ടെറസ്സിന്റെ മുകളിലേക്ക്. അവിടെ നിന്നു പിന്നെയും കുറെ മുകളിലേക്ക് കയറണം. പിന്നെ, എന്താ സംഭവിച്ചതെന്ന് ഒരു ഐഡിയയുമില്ല, ഞാൻ വായുവിലൂടെ താഴേക്ക് പതിക്കുകയാണ്.

നേരെ വന്നു വീണത് കിണറിന്റെ കെട്ടിന് മുകളിൽ. ഇത്തിരി അങ്ങോട്ട് മാറിയിരുന്നെങ്കിൽ നേരെ കിണറ്റി ൽ. ഇത്തിരി ഇങ്ങോട്ട് മാറിയിരുന്നേൽ മുറ്റത്തെ കല്ലിൽ. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്. അന്ന് ഡോക്ടർമാർ പറഞ്ഞു, ‘ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ കിട്ടിയതെ’ന്ന്.

ആ പ്രണയത്തിൽ നിരാശയില്ല   

പ്രണയമുണ്ടായിരുന്നു. പക്ഷേ, പരസ്പര ധാരണയോടെ വേർപിരിഞ്ഞു. വീട്ടിലും വളരെ അടുത്ത സുഹൃത്തുക്കൾക്കും എല്ലാം അറിയുന്ന കാര്യമാണ്. വീട്ടിൽ എല്ലാവരുടെയും സമ്മതത്തോടെ വേണം എന്റെ വിവാഹം എ ന്ന് മമ്മിക്ക് നിർബന്ധമാണ്. ആ പ്രണയത്തിന്റെ കാര്യത്തിൽ അത് നടക്കില്ലെന്ന് ഉറപ്പായിരുന്നു.

അങ്ങനെ ഒരു ആദ്യരാത്രി

ഞാൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ട്. അത് ഓർക്കുമ്പോള്‍ എനിക്ക് പേടിയുമുണ്ട്. കാരണം അവർ ചാലഞ്ച് ചെയ്തിട്ടുണ്ട്, എന്റെ ആദ്യരാത്രി അവരും കുളമാക്കി കയ്യിൽ തരുമെന്ന്. എനിക്ക് നാലു വയസുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം.

 വിവാഹം കഴിഞ്ഞ് ആദ്യ ദിനം രാത്രിയായപ്പോ ൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. ഇതു കണ്ട് ഇക്കാക്ക ആകെ കിളി പോയി. ഞാൻ പറഞ്ഞു, ‘ഇക്കാക്ക കിടന്നോളൂ, ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ’ എന്ന്. എന്റെ മമ്മി ഓടി വന്നു, ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻ പറഞ്ഞ്.
ഞാൻ പറഞ്ഞു, ‘നടക്കൂല്ല, ഞാൻ ഇത്താത്തയുടെ കൂടെ മാത്രമേ കിടക്കൂ’ എന്ന്. ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി. എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഇക്കാക്ക പറഞ്ഞു, ‘സാരമില്ല ഇ വിടെ കിടന്നോട്ടെ’ എന്ന്.

ഇനിയാണ് ട്വിസ്റ്റ്, ചെറുപ്പത്തിൽ എനിക്ക് ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അ ന്നു രാത്രി ഞാനവരുടെ ബെഡ്ഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അതു പറഞ്ഞ് എ ന്നെ കളിയാക്കും.

ഇനി ജയലളിതയുെട ശശികല

മലയാളത്തേക്കാൾ കൂടുതൽ എനിക്ക് സ്നേഹം തന്നത് മറ്റു ഭാഷകളാണ്. ജയലളിതയുടെ കഥ പറയുന്ന ‘ത ലൈവി’ തമിഴ്, തെലുങ്ക്, ഹിന്ദി  എന്നീ മൂന്ന് ഭാഷകളിലാണ്. ബോളിവുഡ് എന്ന ആഗ്രഹം കൂടിയാണ് ഈ സിനിമയിലൂടെ പൂവണിയുന്നത്.  കങ്കണ റാനട്ട് ആണ് ജയലളിത. ഉറ്റതോഴി ശശികലയുടെ റോളിലാണ് ഞാൻ.
എ. എൽ. വിജയ് ആണ് സംവിധായകൻ. കങ്കണയുടെ ആരാധികയാണ് ഞാൻ. ഒന്നിച്ച് അഭിനയിക്കുമെന്നൊന്നും സ്വപ്നത്തിൽ പ്രതീക്ഷിച്ചതല്ല. 2020 തുടക്കം തന്നെ ഭാഗ്യം തന്ന വർഷമാണ്. അതു തുടരണമെന്നു മാത്രമാണ് പ്രാർഥന.

ഒരു കല്യാണ പരസ്യം ‌ആയാലോ

ആവാല്ലോ. എന്നാൽ ഡീറ്റെയ്ൽസ് കുറിച്ചോളൂ....
ഷംന കാസിം, മുപ്പത് വയസ്സ്, കൊച്ചിയിൽ സ്ഥിരതാമസം. കേരളത്തിന് അകത്തോ പുറത്തോ താമസമാക്കിയ വിദ്യാഭ്യാസമുള്ള മുസ്‌ലിം കുടുംബത്തിൽ നിന്ന് അനുയോജ്യനായ വരനെ ആവശ്യമുണ്ട്...
എന്റെ ഡിമാൻഡ്: വിവാഹ ശേഷവും അഭിനയം തുടരണം. കരിയറിനെ സപ്പോർട് ചെയ്യുന്ന പങ്കാളിയാകണം.