‘അതിവേഗം തീരുമാനങ്ങളെടുത്തിരുന്ന ഒരാൾ...’ മലയാളത്തിന്റെ പ്രിയനടി ഷെമി മാർട്ടിൻ സ്വയം വിശേഷിപ്പിക്കുന്നതിങ്ങനെ. പതിനെട്ടാം വയസ്സിൽ കിട്ടിയ, മെച്ചപ്പെട്ട ശമ്പളമുണ്ടായിരുന്ന എയർഹോസ്റ്റസിന്റെ ജോലി നാലു വർഷത്തിനു ശേഷം രാജിവച്ചതും ആദ്യ സീരിയല്‍ നൽകിയ താരപ്രഭാവത്തിൽ നിൽക്കുമ്പോൾ അഭിനയരംഗം വിട്ടതും പ്രണയിച്ചയാളെ വിവാഹം കഴിച്ചതുമൊക്കെ ഇത്തരം തീരുമാനങ്ങളായിരുന്നു...അതിലൊരോന്നും നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് ഇപ്പോഴത്തെ തന്നെ പരുവപ്പെടുത്തിയതെന്ന് ഷെമി മാർട്ടിൻ പറയുന്നു.
ഷെമി മാർട്ടിൻ എന്ന പേര് കേൾക്കുമ്പോൾ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് രണ്ട് കഥാപാത്രങ്ങളാണ്. ‘വൃന്ദാവന’ത്തിലെ ഓറഞ്ചും ‘സ്വന്തം സുജാത’യിലെ ഐഷ ബീഗവും. ഈ കഥാപാത്രങ്ങൾക്കിടയിൽ വർഷങ്ങളുടെ ഇടവേളയുണ്ട്. അതിന്റെ കാരണങ്ങളും അതിനിടയിലെ ജീവിതാനുഭവങ്ങളുമൊക്കെയാണ് ഷെമി ‘വനിത ഓൺലൈനോട്’ പറഞ്ഞത്.

‘‘പതിനെട്ടാം വയസ്സിൽ പഠിച്ചിറങ്ങിയ ഉടൻ ഞാൻ ഇൻഡിഗോയിൽ എയര്‍ഹോസ്റ്റസായി. നല്ല ജോലിയും ശമ്പളവും. നാല് വർഷമായപ്പോഴേക്കും അതു മടുത്തു തുടങ്ങി. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് രാജി വച്ചത്. ജോലിയുടെ ഭാഗമായി ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്. നല്ല ഫൂഡിയായ എനിക്ക് അതൊക്കെ വലിയ ബുദ്ധിമുട്ടായി. സത്യം പറഞ്ഞാൽ, കുറച്ചു കാലം വെറുതേയിരുന്ന് ഇഷ്ടപ്പെട്ടതൊക്കെ കഴിക്കാം എന്ന തീരുമാനത്തോടെയാണ് ജോലി വിട്ടത്’’. – ഷെമി പറഞ്ഞു തുടങ്ങി.
‘തനിനാടൻ’ തുടക്കം
അഭിനയിക്കാന്‍ ഇഷ്‍ടമാണ് എന്നല്ലാതെ അഭിനയം ഒരു ജോലിയായോ പാഷനായോ ഞാൻ അക്കാലത്തൊന്നും ചിന്തിച്ചിട്ടേയില്ല. നാല് വർഷത്തെ പ്രവർത്തിപരിചയം ഉപയോഗിച്ച് ഏതെങ്കിലും ജോലിക്ക് ശ്രമിക്കാം എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്, വളരെ അപ്രതീക്ഷിതമായി ടെലിവിഷൻ രംഗത്തെത്തുന്നത്. ‘മഴവിൽ മനോരമ’ തുടങ്ങിയ സമയത്താണ്. ഞാനും ബയോഡാറ്റയും ഫോട്ടോസും അയച്ചു. അങ്ങനെയാണ് ‘തനിനാടൻ’ എന്ന ഷോയുടെ അവതാരകയായത്. ഭക്ഷണം കഴിക്കാൻ ജോലി കളഞ്ഞ ഞാൻ പാചക പരിപാടിയുടെ ആങ്കറായെന്നതാണ് വലിയ തമാശ.

മധുരമുള്ള ‘ഓറഞ്ച്’
‘തനിനാടൻ’ കുറച്ച് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും എനിക്ക് ‘വൃന്ദാവന’ത്തില്‍ അവസരം കിട്ടി. അതിലെ ഓറഞ്ച് എന്ന കഥാപാത്രം ഹിറ്റായി. ‘വൃന്ദാവനം’ സീരിയൽ ഇടയ്ക്കു വച്ച് ‘നന്ദനം’ എന്ന പേരിൽ മറ്റൊരു ചാനലിലേക്ക് മാറ്റി. അതിന്റെ ‘ഇത്തിരിപ്പൂവേ പൂങ്കിനാവേ പതിയെ പതിയെ ഉണരുന്നതോ’ എന്ന ടൈറ്റിൽ സോങ് ശ്രദ്ധേയമായിരുന്നു. രണ്ടു ചാനലിലുമായി വർഷങ്ങളോളം ആ സീരിയൽ ടെലികാസ്റ്റ് ചെയ്തു. ‘നന്ദനം’ വിജയകരമായി മുന്നോട്ടു പോകവേയാണ്, ഞാൻ പെട്ടെന്നുള്ള മറ്റൊരു തീരുമാനത്തിലേക്കെത്തിയത് – വിവാഹം! അഭിനയം അപ്പോഴേക്കും എനിക്കു മടുത്തിരുന്നു. എനിക്കു പറ്റിയ മേഖലയല്ല എന്നൊക്കെ തോന്നി.
വീട്ടിലിരിക്കാൻ തീരുമാനിച്ചു
2013ൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചു. വിവാഹ ശേഷവും ‘നന്ദനം’ ചെയ്യുന്നുണ്ടായിരുന്നു. അതു തീർന്നതോടെ പുതിയ ഓഫറുകൾ സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചു. മറ്റൊരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡിൽ അഭിനയിക്കവേയാണ് ഗർഭിണിയായത്. അതോടെ പൂർണമായും അഭിനയരംഗം വിട്ടു. 18 വയസ്സ് മുതൽ ജോലി ചെയ്യുകയല്ലേ, ഇനി കുറച്ചു കാലം വീട്ടിലിരിക്കാം എന്നു വച്ചു. 2015 ൽ മകൾ എമ്മ ജനിച്ചു. അടുത്ത വർഷം മകന്‍ ഈദനും. അങ്ങനെ 5 വർഷം കുടുംബജീവിതവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോയി.
ഇപ്പോള്‍ ആലോചിക്കുമ്പോൾ പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്ത ആ സീരിയലിൽ നിന്നു ഞാൻ പിൻമാറിയതൊക്കെ വലിയ തെറ്റായി എന്നു തോന്നുന്നുണ്ട്. ഷൂട്ട് ചെയ്തതത്രയും അവർക്ക് റീ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ വിഷമം വരും. എന്റെ ജോലിയോട് ഞാൻ കാട്ടിയ ആത്മാർഥതയില്ലായ്മയാണ് അത്.
മക്കളാണ് എന്റെ ലോകം
അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവുമായി ചില പൊരുത്തക്കേടുകളുണ്ടായി. ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. എങ്ങനെയാണ് അതിനെക്കുറിച്ചു മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുകയെന്ന് എനിക്കറിയില്ല. ഒരുപക്ഷേ എന്റെ ഉള്ളില്‍ അതിന്റെ വേദന ഇപ്പോഴും നിൽക്കുന്നതുകൊണ്ടാകാം.
മക്കളാണ് ഇപ്പോൾ എന്റെ ലോകം. അവരുടെ സന്തോഷമാണ് പ്രധാനം. മക്കളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അവരിലൂടെയാണ് ഞാൻ വിഷമഘട്ടങ്ങളെ അതിജീവിച്ചത്. വിവാഹബന്ധത്തിലെ വേദനകളെ ഞാൻ മറികടന്നത് അവരിലൂടെയാണ്.

ഉത്തരവാദിത്വങ്ങളെ ഉൾക്കൊണ്ടു
അഭിനയരംഗത്തേക്ക് മടങ്ങിയെത്തണം എന്ന് ശക്തമായി തീരുമാനിച്ചതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്റെ മക്കളെ നന്നായി വളർത്താനുള്ള വരുമാനം വേണം. മറ്റൊന്ന്, അഞ്ച് കൊല്ലം വീട്ടിലിരുന്നപ്പോൾ ഞാൻ അനുഭവിച്ച മടുപ്പ്. രണ്ടാമത് അഭിനയരംഗത്തെത്തി അഞ്ചാറ് മാസം കഴിഞ്ഞാണ്, എന്റെ ദാമ്പത്യം സപ്പറേഷനിലേക്ക് തന്നെയാണ് പോകുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഇനി ഞാന്‍ ഒറ്റയ്ക്കാണ്, അത് കൈകാര്യം ചെയ്യാനുള്ള പക്വതയിലേക്കും പ്രാപ്‍തിയിലേക്കും വരണം എന്നു തോന്നിത്തുടങ്ങിയ നിമിഷമാണ്. അവിടം മുതൽ ഞാൻ ഉത്തരവാദിത്വങ്ങളെ ഉൾക്കൊള്ളാൻ തുടങ്ങി.
ഡിപ്രഷനിൽ നിന്നൊരു തിരിച്ചു വരവ്
രണ്ടാം വരവിൽ ആദ്യം കിട്ടിയ പല അവസരങ്ങളും നന്നായില്ല. പ്രേക്ഷകർ തള്ളിക്കളയുന്ന ഘട്ടം എത്തി. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഞാൻ ഡിപ്രഷനിലേക്ക് പോയിരുന്നു. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നൊരു തോന്നൽ. അങ്ങനെ മനസ്സ് മടുത്തു തുടങ്ങിയപ്പോഴാണ് ഞാൻ സ്വയം പുതുക്കാൻ തീരുമാനിച്ചത്. ആ മാറ്റം മുന്നോട്ടു പോകുന്നതിനിടെയാണ് ‘സ്വന്തം സുജാത’യിലെ റോൾ വന്നത്. അതൊരു വലിയ ബ്രേക്ക് ആയി. അവിടം മുതലാണ് ജീവിതം മാറിയത്. അണിയറ പ്രവർത്തകർക്ക് നന്ദി. വലിയ കടപ്പാടുണ്ട്.
ആലപ്പുഴ അർത്തുങ്കൽ സ്വദേശിയാണ് ഷെമി.