Tuesday 29 June 2021 02:26 PM IST

‘ഞാൻ ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണം...’! അദ്ദേഹം എനിക്കു മെസേജ് അയച്ചു: പോസ്റ്റിന് വിശദീകരണവുമായി ഷിയാസ്

V.G. Nakul

Sub- Editor

shiyas

ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനെ വിമർശിച്ച് നടൻ ഷിയാസ് കരീം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ ആയിരുന്നു.

‘സ്വന്തം പെങ്ങള്‍ ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വിഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങള്‍ക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരന്‍ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാന്‍ ഉള്ളു’.– ഷിയാസ് കുറിച്ചു.

വിസ്മയയുടെ സഹോദരന്‍ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോസിനെതിരെയായിരുന്നു ഷിയാസിന്റെ പ്രതികരണം. ഷിയാസിന്റെ പോസ്റ്റ് വളരെ വേഗം വൈറൽ ആയതോടെ വിസ്മയയുടെ സഹോദരൻ ക്ഷമ ചോദിച്ച് ഷിയാസിന് സന്ദേശമയച്ചു. വിഡിയോസ് മാറ്റി. പിന്നാലെ ഷിയാസ് ഫെയ്സ്ബുക്കിൽ നിന്നു തന്റെ പോസ്റ്റും നീക്കം ചെയ്തു.

‘‘അദ്ദേഹം ക്ഷമ ചോദിച്ച് എനിക്ക് മെസേജ് അയച്ചു. വിഡിയോസ് മാറ്റി. തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തത്. സ്വന്തം പെങ്ങൾ പീഡനമേറ്റ് മരിച്ച്, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ഇങ്ങനെ ബി.ജി.എം ഒക്കെ ചേർത്ത് ആ കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തത് ശരിയാണെന്ന് എനിക്കു തോന്നിയില്ല.

ആദ്യം ഞാൻ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. നമ്പർ കിട്ടിയില്ല. ഒടുവിൽ ഈ പോസ്റ്റ് കണ്ടെങ്കിലും അതു മാറ്റട്ടേ എന്നു കരുതിയാണ് ഞാൻ ഫെയ്സ്ബുക്കിൽ അതേക്കുറിച്ച് എഴുതിയത്.

‘ഞാൻ ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണം’ എന്നാണ് അദ്ദേഹം മെസേജ് അയച്ചത്. അദ്ദേഹത്തിന് ചെയ്തത് തെറ്റാണെന്ന് മനസ്സിലായതിലും ആ വിഡിയോസ് മാറ്റിയതിലും സന്തോഷം. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്ന് പറഞ്ഞു. ഒരുപാട് പേർ എന്റെ പോസ്റ്റിന് പോസിറ്റീവായി പ്രതികരിച്ചു. ഈ വിഡിയോസ് പോസ്റ്റ് ചെയ്തത് ശരിയായില്ല എന്നാണ് പലരും പറഞ്ഞത്’’. – ഷിയാസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ഷിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം –

സ്വന്തം പെങ്ങള്‍ ( വിസ്മയ ) ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങള്‍ക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരന്‍ ഇല്ലേ ? കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാന്‍ ഉള്ളു എന്റെ പെങ്ങള്‍ക്കൊ അല്ലെങ്കില്‍ എനിക്ക് അറിയാവുന്ന ഒരാള്‍ക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കില്‍ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ ...

വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികള്‍ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കില്‍ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട് , അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ ഇടുമ്പോള്‍ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം ...എനിക്ക് ചിന്തിക്കാന്‍ കഴിയില്ല എനിക്ക് ചെയ്യാന്‍ കഴിയില്ല എന്റെ പെങ്ങള്‍ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കില്‍...