Thursday 23 September 2021 03:29 PM IST

സ്മിത എന്തിന് ആത്മഹത്യ ചെയ്തു ? 25 വർഷത്തിനു ശേഷവും ഉത്തരം കിട്ടാതെ ആ ചോദ്യം

V.G. Nakul

Sub- Editor

silk_1

25 വർഷം മുമ്പായിരുന്നു ആ മരണം...അല്ല ആത്മഹത്യ...1996 സെപ്റ്റംബര്‍ 23 ന്, തന്റെ 36 വയസ്സിൽ, തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിലയേറിയ, ആരാധക പിന്തുണയുണ്ടായിരുന്ന ‘ഗ്ലാമർതാരം’ സ്വന്തം ജീവിതം സ്വയം അവസാനിപ്പിച്ചു. ഇത്രയും വിശദീകരണങ്ങൾ ധാരാളമാണ്, വശ്യമായി ചിരിക്കുന്ന, ലഹരി പടർത്തുന്ന ഭാവവൈവിധ്യങ്ങൾ നിറഞ്ഞ ആ മുഖം മനസ്സിൽ തെളിയാൻ...സിൽക്ക് സ്മിത!

ജീവിച്ചിരുന്നെങ്കിൽ സിൽക്കിന് ഇപ്പോൾ 61 വയസ്സ്. വാർധക്യത്തിന്റെ അടയാളങ്ങൾ പേറിയ അങ്ങനെയൊരു സിൽക്കിനെ പ്രേക്ഷകർക്ക് സങ്കൽപ്പിക്കാനാകില്ല. അതിനു കാത്തു നിൽക്കാതെ മടങ്ങിയതിനാല്‍ ഇവരിപ്പോഴും യൗവനം കടക്കാത്ത, എക്കാലത്തേക്കും ജീവിക്കുന്ന സൗന്ദര്യ സങ്കൽപ്പമാണ് – മരണമില്ലാത്ത താരസുന്ദരി!

ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെക്കടന്നാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവരുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിർക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്...അല്ലെങ്കിൽ ദുരന്തപര്യവസായിയായ ഒരു ജീവിത നാടകം.

എന്നാൽ മുകളിൽ എഴുതിയ ഒരു വിശേഷണത്തെ തിരുത്തിക്കൊണ്ടു മാത്രമേ ഇനി മുന്നോട്ടു പോകുവാനാകൂ... സ്മിത ഒരു ‘ഗ്ലാമർതാരം’ മാത്രമായിരുന്നോ....? ‘അല്ല’ എന്നാണുത്തരം. തെന്നിന്ത്യയിലെ അക്കാലത്തെ ഏതൊരു നായികാ നടിയോടും മത്സരിക്കുവാൻ തക്ക അഭിനയശേഷിയും സൗന്ദര്യവും സ്മതയ്ക്കുണ്ടായിരുന്നു. അത്തരത്തിൽ ലഭിച്ച ചുരുക്കും ചില സിനിമകളില്‍ അവരത് സംശയലേശമന്യേ തെളിയിച്ചതുമാണ്. എന്നാൽ സ്മിതയുടെ താരമൂല്യം അതായിരുന്നില്ല. അവരുടെ മാദകത്വം തുളുമ്പുന്ന ശരീര ഭാഷഷും അത്തരം വേഷങ്ങളിൽ അവർ സൃഷ്ടിച്ച അഭൗമമായ ഭാവചനലങ്ങളും സ്മിതയെ ഒരു ഗ്ലാമർ താരം എന്ന വൃത്തത്തിലേക്ക് ചുരുക്കുകയായിരുന്നു, അല്ലെങ്കിൽ, കച്ചവട നേട്ടം മാത്രം ലക്ഷ്യമാക്കിയ മുഖ്യധാരാ സിനിമ സ്മിതയെ അങ്ങനെ ആക്കിത്തീർക്കുകയായിരുന്നു.

silk_3

‘ആട്ടക്കലാശ’ത്തിലെ ബാർ‌ ഡാൻസർ, ‘നാടോടി’യിലെ ഐറ്റം ഡാൻസർ, ‘സ്ഫടിക’ത്തിലെ ലൈല എന്നിങ്ങനെ പേരുകൾ മാറിയെങ്കിലും ഒരേ അച്ചിൽ വാർത്ത, ശരീര പ്രദർശനം ലക്ഷ്യമാക്കിയുള്ള കഥാപാത്രങ്ങളായിരുന്നു എക്കാലവും സ്മിതയ്ക്ക് മലയാളത്തിൽ കൂടുതൽ കിട്ടിയത്. ഇതിനിടയിൽ ‘അഥർവ’ത്തിലെ പൊന്നി മാത്രമാണ് വേറിട്ട് നിൽക്കുന്നത്. തമിഴിൽ, ചുരുക്കം സിനിമകളിലെങ്കിലും അഭിനയ പ്രധാനമായ നായിക വേഷങ്ങള്‍ അവർക്കു കിട്ടിയെന്നതും മറക്കാനാകില്ല. വേഷം ഏതായാലും മറ്റൊരാൾക്കും അവതരിപ്പിച്ചു ഫലിപ്പിക്കാനാകാത്തത്ര പൂർണതയാണ് തന്റെ കഥാപാത്രങ്ങൾക്ക് സ്മിത എക്കാലവും നൽകിയത്. അവരുടെ നോട്ടങ്ങളിൽ, കണ്ണുകളുടെ കാന്തികതയിൽ ഒരു തലമുറ കുടുങ്ങിപ്പോയെന്നു പറഞ്ഞാൽ അതിശയോക്തിയില്ല...

1979ല്‍ ‘വണ്ടിചക്രം’ എന്ന തമിഴ് ചിത്രത്തില്‍ ‘സിലുക്ക്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സ്മിത, സിലുക്ക് സ്മിതയും അത് പരിഷ്കരിക്കപ്പെട്ട് സിൽക്ക് സ്മിതയുമായത്.

തെലുങ്ക്,മലയാളം, ഹിന്ദി, കന്നട ചിത്രങ്ങളില്‍ അതിവേഗം തിരക്കേറിയ നടിയായി അവർ വളർന്നു. അതിനിടയിലെപ്പോഴോ ഗ്ലാമർതാരം എന്ന ടാഗ് അവരിൽ ചാർത്തപ്പെട്ടിരുന്നു.

‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സ്മിത മലയാളത്തിൽ താരമായത്. ലയനം, മിസ് പമീല, തുമ്പോളി കടപ്പുറം എന്നിങ്ങനെ ഒരു പിടി ചിത്രങ്ങൾ മലയാളത്തിൽ സ്മിതയുടെതായി പറയുവാനുണ്ട്. ഇതിലെത്രയോ ഇരട്ടിയുണ്ട് തമിഴിലും തെലുങ്കിലും. ബോളിവുഡിലും ശ്രദ്ധേയ ചിത്രങ്ങളിൽ സ്മിതയുടെ സാന്നിധ്യമുണ്ട്.

silk_2

എന്നാൽ താരപ്രഭയുടെ ഉന്നതിയില്‍ നിൽക്കേ അവർ മരണത്തെ പുണർന്നു. ഇപ്പോഴും മറനീക്കി പുറത്തു വരാത്ത പല പല കാരണങ്ങൾ ആ മരണത്തിനു ദുരൂഹതയുടെ ഛായ പകർന്നു. പ്രണയവും, ചതിക്കപ്പെട്ടതിന്റെ വേദനയും ഒറ്റപ്പെട്ടെന്ന തോന്നലുമൊക്കെ സ്മിതയെ വേട്ടയാടിയിരുന്നത്രേ....ഉത്തരമില്ലാത്ത ചോദ്യങ്ങളെത്രയെത്ര.

ഇപ്പോഴും സ്മിതയെന്നോർക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന എത്രയെത്ര പാട്ടുകൾ...അവരുടെ നൃത്തപാടവത്തിന്റെ, ശരീര ചലനങ്ങളുടെ മടുക്കാത്ത കാഴ്ചാനുഭവങ്ങള്‍ സമ്മാനിച്ച പാട്ടു രംഗങ്ങൾ...ഒടുവിൽ അതിന്റെയൊക്കെ നിറം മങ്ങിത്തുടങ്ങിയ കുറേയധികം റീലുകൾ മാത്രം ബാക്കി വച്ച് സ്മിത പോയി....

മരണ ശേഷവും സിനിമ സ്മിതയെ ആഘോഷിച്ചു.

ബോളിവുഡിൽ സ്മിതയുടെ ജീവിതകഥയെന്ന് അവകാശപ്പെടുന്ന ‘ഡേർട്ടി പിക്ചർ’ എന്ന സിനിമയാണ് അതിലേറ്റവും പ്രധാനം. എന്നാൽ ആ സിനിമാക്കഥ സ്മിതയുടെ ജീവിതത്തിന്റെ എത്രയോ അകലെ നിൽക്കുന്നതാണെന്ന് സ്മിതയെ അടുത്തറിഞ്ഞവർ പറഞ്ഞിട്ടുണ്ട്. സ്മിതയായി തിളങ്ങി നടി വിദ്യാ ബാലൻ ദേശീയ പുരസ്കാരം സ്വന്തമാക്കിയെന്നതാണ് ആ സിനിമയുടെ നേട്ടം. മലയാളത്തിലും സ്മിതയെക്കുറിച്ച് ‘ക്ലൈമാക്സ്’ എന്ന ചിത്രം വന്നു. പ്രമുഖ നിരൂപകരുൾപ്പടെ സ്മിതയെക്കുറിച്ച് പടുകൂറ്റൻ പ്രബന്ധങ്ങൾ തയാറാക്കിയെന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. സ്മിതയുടെ കരിയറും ജീവിതവുമൊക്കെ പഠനവിധേയമായി. ജീവിച്ചിരുന്നപ്പോള്‍ കിട്ടിയിട്ടില്ലാത്ത അംഗീകാരങ്ങൾ മരണ ശേഷം സ്മിതയുടെ ആത്മാവിനെ ഞേരുക്കിയെന്ന് ചുരുക്കം...അപ്പോഴും ആ ചോദ്യം ബാക്കി...സ്മിത എന്തിന് ആത്മഹത്യ ചെയ്തു ?