Monday 02 September 2019 06:14 PM IST

അങ്ങനെ ഞാൻ തടിച്ചിയായി! അപ്രതീക്ഷിതമായി കിട്ടിയ പാരവയ്പുകളും പണിയും സിനിക്ക് സമ്മാനിച്ചത്

Unni Balachandran

Sub Editor

siniu-new

പരീക്ഷയെഴുതാൻ കോയമ്പത്തൂര്‍ പോയതായിരുന്നു സിനി. തിരിച്ചു പോരാൻ ബസ് കാത്ത് നിൽക്കവേ, അതാ മുന്നിലൊരു വേളാങ്കണ്ണി ബസ്. മാതാവിനടുത്തേക്ക് പോകാനായി മിന്നി തിളങ്ങി നിൽക്കുയാണ്. സിനി മൊബൈലെടുത്ത് വീട്ടിലേക്കു വിളിച്ചു. ‘അമ്മേ, എനിക്ക് മാതാവിനെ കാണണം, ഞാൻ വേളാങ്കണ്ണിക്ക് പോകുവാ.’ ഇഷ്ടങ്ങൾക്കു പിറകെ ഓടുമ്പോൾ രണ്ടാമത് ചിന്തിക്കാതിരിക്കുന്നതാണ് സിനിയുടെ സ്‌റ്റൈലെന്ന് വീട്ടികാർക്ക് പണ്ടു മുതലേ അറിയാം. ഇങ്ങനെ ഇഷ്ടങ്ങൾക്കു പിന്നാലെ പൂമ്പാറ്റയെ പോലെ പാറി നടക്കുന്നിതിനിടെയാണ് സിനി വർഗീസിന്റെ ജീവിതത്തിൽ ആ വീഴ്ച സംഭവിച്ചത്.

മലയാള സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്ന സിനി രണ്ടു വർഷക്കാലം സീരിയലിൽ നിന്നു മാറി നിന്നത് ആ സംഭവത്തേ തുടർന്നാണ്. ‘‘അപ്രതീക്ഷിതമായാണ് ചില ‘പണികൾ’ കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവർ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോൾ, സുഖകരമായി മുന്നോട്ടു പോയിരുന്ന സീരിയല്‍ മേഖലയിൽ നിന്ന് ഞാൻ പുറത്തായി. രണ്ടു വർഷം സീരിയലിൽ വേഷങ്ങളില്ലാതെ വീട്ടിലിരുന്നു.’’ വീണുപോയതിന്റെയും തിരിച്ചുവരവിന്റെയും ആ കഥ സിനി വെളിപ്പെടുത്തുന്നു.

എവിടെയായിരുന്നു ഇത്രയും നാൾ ?

അങ്ങനെ ഒത്തിരി നാളൊന്നും ഞാൻ സീരിയൽ മറന്ന് എവിടേക്കും പോയില്ല. എന്നെ ആരും വിളിക്കാതിരുന്നപ്പോഴാണ് സീരിയലിനോട് ശരിക്കും ഇഷ്ടം തോന്നിയത്. ആ തിരിച്ചറിവ് നൽകാന്‍ എന്റെ സുഹൃത്തുകൾക്കും എനിക്കു കിട്ടിയ പണികൾക്കും കഴിഞ്ഞു എന്നത് വളരെ പോസിറ്റിവായ കാര്യമാണ്. ആരോടും എനിക്ക് ദേഷ്യമില്ല.

സൂപ്പർഹിറ്റ് സീരിയൽ നടി എങ്ങനെ ഇൻഡസ്ട്രിയിൽ നിന്നു പുറത്തായി?

അതൊരു വീഴ്ചയാണ് എന്നു പറയുന്നതാകും നല്ലത്. കാര്യങ്ങൾ സാഹസികമായി ചെയ്യാൻ ഇഷ്ടമുള്ള കൂട്ടത്തിലാണ് ഞാൻ. എന്നു കരുതി മരത്തിൽ കേറി നടന്നതും പാമ്പിനെ തല്ലികൊന്നതും പോലെയുള്ള കഥകൾ പ്രതീക്ഷിക്കരുതേ.

മൂന്നു വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നു. ഭരതനാട്യമാണ് പ്രധാനയിനം. അച്ഛൻ വർഗീസ് ഇലക്ട്രീഷനാണ്. അമ്മ ഷിജി നഴ്സ്. അനിയൻ സിബിൻ റസ്‌ലറാണ്. എല്ലാവരുടെയും സപ്പോർട്ടുള്ളതുകൊണ്ട് ഡാൻസ് കൂടുതൽ പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അങ്ങനെ റോപ് ഡാൻസ് പോലെയുള്ള സാഹസിക ഡാൻസ് നമ്പറുകൾ എനിക്ക് പ്രിയപ്പെട്ടവയായി.

കല്യാണത്തിനു ശേഷം ഞാൻ ഒരു ഡാൻസ് ഷോ കമ്മിറ്റ് ചെയ്തു. പക്ഷേ, റോപ് ഡാൻസിന് വേണ്ടി പ്രാക്ടീസ് ചെയ്തപ്പോൾ ബെഡ് ഉപയോഗിച്ചിരുന്നില്ല. ഡാൻസ് ചെയ്തുകൊണ്ടിരുന്നപ്പോൾ കൈ തെന്നി ഞാൻ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല. പിന്നെയും പല ദിവസങ്ങളിലായി രണ്ടു വട്ടം കൂടി വീണപ്പോൾ ഡോക്ടറെ കണ്ടു. അപ്പോഴാണ് നട്ടെല്ലിന് പരുക്കുണ്ടെന്ന് മനസ്സിലായത്.

ബോഡി വെയ്റ്റ് നോക്കിയപ്പോൾ അടുത്ത ഞെട്ടൽ. 54 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു. പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു വീഴ്ചയുടെ കാരണം. നടുവിന്റെ ബുദ്ധിമുട്ട് രണ്ടാഴ്ചത്തെ വിശ്രമത്തിൽ മാറിയെങ്കിലും തടി നന്നായി കൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

തടിയായിരുന്നോ വില്ലൻ ?

നമ്മൾ ആഗ്രഹിക്കാതെ വെറുതെ കൂടിപ്പോകുന്ന ഒരൊറ്റ സാധനമേയുള്ളൂ ലൈഫിൽ. അത് തടിയാണ്. കല്യാണത്തിന് മുൻപ് സ്ഥിരമായി ഡാൻസ് പ്രാക്ടീസ് ചെയ്യുമായിരുന്നു. ഒപ്പം കൃത്യമായ വർക്ക് ഔട്ടും. പക്ഷേ, കല്യാണം കഴിഞ്ഞ് കറക്കവും അടിച്ചുപൊളിയുമൊക്കെയായപ്പോൾ ഡയറ്റ് മുഴുവൻ താറുമാറായി. പച്ചവെള്ളം കുടിച്ചാലും തടി വയ്ക്കുന്ന ശരീരപ്രകൃതമുള്ള ഞാൻ സാമാന്യം നല്ല തടിച്ചിയായി.

ഇതിനിടെയാണ് പുതിയൊരു സീരിയലിൽ നിന്നു വിളി വന്നത്. എന്റെ ഫോട്ടോ അയച്ചു തരാമോയെന്ന് അവർ ചോദിച്ചു. ചെറുതായൊന്നു സംശയിച്ചെങ്കിലും ഞാൻ ഫോട്ടോ അയച്ചു കൊടുത്തു. പെട്ടെന്നു തന്നെ മറുപടി പറഞ്ഞു‘ തടി നന്നായി കൂടിയിട്ടുണ്ടല്ലോ, ഈ റോളിനിത് പറ്റില്ല.’ ആ ക്യാരക്ടറിന്റെ ലുക്കിന് തടി ചേരില്ല എന്നു വിചാരിച്ചു സ്വയം ആശ്വസിച്ചെങ്കിലും എനിക്ക് വിഷമം തോന്നി. തടിയൊരു പ്രശ്നമാകുമോയെന്ന് വല്ലാതെ പേടിച്ചു. സീരിയൽ ഇൻഡസ്ട്രിയിൽ തന്നെയുള്ള എന്റെ വളരെയടുത്ത സുഹൃത്തിനോട് തടി കാരണം റോൾ പോയ കാര്യം പറഞ്ഞു. ‘ഇങ്ങനെ പോയാൽ സീരിയൽ തന്നെ നിർത്തേണ്ടി വരുമോ’ എന്നുള്ള എന്റെ വ്യാകുലത ഷെയർ ചെയ്യുകയും ചെയ്തു. എന്നെ അയാൾ ആശ്വസിപ്പിച്ചു.

പിന്നീടൊരിക്കൽ സീരിയൽ രംഗത്തെ മറ്റൊരാൾ എന്നെ വിളിച്ചു ചോദിച്ചു, ‘അഭിനയം നിർത്തിയോ’ എന്ന്. ഞെട്ടിപ്പോയി ഞാൻ. അങ്ങനെയൊരു ചിന്ത മനസ്സിൽ ഉണ്ടായെന്നു വ ച്ച്, സീരിയൽ ഉപേക്ഷിക്കാനുള്ള ആലോചനയൊന്നും എനിക്കുണ്ടായിരുന്നില്ല. ഞാൻ മനസ്സു തുറന്ന അതേ സുഹൃത്ത് തന്നെയാണ് അഭിനയം നിർത്തിയെന്ന് മറ്റുള്ളവരെ അറിയിച്ചതെന്ന് കേട്ടപ്പോൾ എനിക്കതൊരു ഷോക്കായി.

അത്തരമൊരു പെരുമാറ്റം ആ സുഹൃത്തിൽ നിന്നുണ്ടാകുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. പിന്നെ, ചിന്തിച്ചു തടി കൂടിയതുകൊണ്ടല്ലേ എനിക്ക് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. വെറുതേ ആരുടെയും തലയിൽ പഴി ചാരുകയോ കുറ്റം പറയുകയോ ചെയ്യണ്ടെന്ന് തീരുമാനിച്ചു. തടി കുറയ്ക്കാനുള്ള തീരുമാനവുമായി മുൻപോട്ടിറങ്ങി.

പിന്നീടെങ്ങനെ തടി കുറച്ചു?

ആ സമയത്ത് പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ വന്നിരുന്നു. പെട്ടെന്നു ഭക്ഷണം കുറയ്ക്കാനോ, നന്നായി വർക്ക് ഔട്ട് ചെയ്യാനോ ശരീരം അനുവദിക്കാത്ത അവസ്ഥ. അ സുഖങ്ങളിൽ നിന്നു രക്ഷപെടാൻ ഒരു വർഷം വേണ്ടി വന്നു. പിന്നീടാണ് ഡയറ്റും വർക്ക് ഔട്ടും തുടങ്ങിയത്.

2018ൽ തടി കുറഞ്ഞു വരുന്ന സമയത്ത് ഒരു സീരിയലിലേക്ക് വിളി വന്നു. ‘അടുത്ത ബെല്ലോടു കൂടി’ എന്നായിരുന്നു സീരിയലിന്റെ പേര്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയുടെ വേഷം. റോൾ പറഞ്ഞപ്പോൾ വല്ലാതെ വിഷമമായി.

പിന്നെ, സീരിയലിൽ നിന്നും വിട്ടു നിൽക്കേണ്ടി രണ്ടു വർഷം ഞാൻ തള്ളിനീക്കിയതിനെ കുറിച്ച് ഒാർത്തു. ഒരു റോൾ കിട്ടാൻ എത്ര ആഗ്രഹിച്ചതാണ് ആ സമയത്ത്. അതുകൊണ്ട് ഈ റോൾ വിട്ടുകളയില്ല എന്നു തീരുമാനിച്ചു.

12 വർഷത്തോളമെത്തിയ എന്റെ സീരിയിൽ കരിയറിലെ തന്നെ ഏറ്റവും നല്ല വേഷങ്ങളിലൊന്നായിരുന്നു അത്. പിന്നീടിപ്പൊ, ‘സീതാകല്യാണം’. ഞാൻ സീരിയലിൽ തിരിച്ചു വരുന്നതറിഞ്ഞാണെന്നു തോന്നുന്നു, ‘തടി’ വീണ്ടും തിരിച്ചു വരാൻ ശ്രമിച്ചു. പക്ഷേ, കൊഴുപ്പുള്ള ഒരു ഭക്ഷണവും കഴിക്കാൻ സ മ്മതിക്കാതെ എന്റെ സുഹൃത്ത് രശ്മി ചേച്ചി (രശ്മി ബോബൻ) കട്ടയ്ക്കു കൂടെ നിന്നതുകൊണ്ട് ഞാൻ പിടിച്ചുനിന്നു. ഇപ്പൊ, 60 കിലോയായി, ഇനി ആറു കിലോ കൂടി കുറച്ചാൽ ഞാൻ പ ഴയ സിനിയാകും.

സീരിയലിനെ നന്നായി സ്നേഹിച്ചു തുടങ്ങിയത് രണ്ടാം വരവോടെയാണ്?

സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യം തിരുവനന്തപുരത്ത് വരുന്നത്. കാസർകോട്ടുകാരിയായ എനിക്ക് ആ വലിയ യാത്രയായിരുന്നു ഏറ്റവും വലിയ സന്തോഷം. യാത്രയിലുടനീളം നൃത്തച്ചുവടുകളെ പറ്റിയാണ് ആലോചിച്ചതു മുഴുവൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന യുവജനോത്സവത്തിൽ നാടോടി നൃത്തത്തിന് രണ്ടാം സമ്മാനം ലഭിച്ചു. അതു കണ്ട് ഒരു കോ– ഓർഡിനേറ്റർ വഴിയാണ് സീരിയലിലേക്കു കാസ്റ്റ് ചെയ്യുന്നത്. ‘കൂട്ടുകാരി’യായിരുന്നു ആദ്യ സീരിയൽ.

ഒരു സീരിയൽ ചെയ്തു തീരുമ്പോൾ ഉടനെ അടുത്തത് വരും. ആദ്യമൊക്കെ പാവം കുട്ടി റോളായിരുന്നു. വില്ലത്തി വേ ഷം കിട്ടിയപ്പോഴാണ് അഭിനയിക്കാനൊരു രസമൊക്കെ തോന്നിയത്. അതു കഴിഞ്ഞ് കോമഡി ട്രാക്കിലേക്കും പോയി.

സീരിയൽ അഭിനയത്തിനിടെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പറ്റിയില്ല. ബികോം ചെയ്തെങ്കിലും പകുതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട്, കറസ്പോണ്ടൻസായി കലൈകാവേരി കോളജിൽ ബിഎ ഭരതനാട്യം ചെയ്തു.

സീരിയലിൽ മാത്രമല്ല, ആഴക്കടൽ, ഹാപ്പി ജേർണി, അ പ്പോത്തിക്കരി എന്നീ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. എല്ലായിടത്ത് നിന്നും തടി കാരണം പുറത്തു പോയപ്പോഴാണ് ശരിക്കും സങ്കടമായത്. കുറേദിവസം വെറുതെ വീട്ടിലിരുന്നപ്പോ ൾ മനസ്സിലായി, അഭിനയം എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന്.

വണ്ണം കൂടിയപ്പോഴോ കുറഞ്ഞപ്പോഴോ, ഭർത്താവിന്റെ സപ്പോർട്ട് കൂടുതൽ കിട്ടിയത്?

തടി കൂടിയത് ഞാൻ ശ്രദ്ധിക്കാതിരുന്നത് എന്റെ ഭർത്താവ് ആ ന്റണി കാരണമാണ്. പ്രണയിച്ച് കല്യാണം കഴിച്ചതിന്റെ ഗുണമാണത്. ചേട്ടനിപ്പോൾ ബെംഗളൂരുവിൽ ടീച്ചറാണ്. സ്നേഹക്കൂടുതൽ കൊണ്ടാകാം, തടി കൂടിയതും എന്റെ മുഖം മാറിയതും ഒന്നും അദ്ദേഹം ശ്രദ്ധിച്ചതേയില്ല. അതൊരു കുറവായി ചൂണ്ടിക്കാട്ടുകയോ, തടി കുറയ്ക്കണം എന്ന് ഉപദേശിക്കുയോ ചെയ്തില്ല. തടി കുറയ്ക്കാൻ പോകുന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ശരിയെന്നു പറഞ്ഞു. അത്ര തന്നെ.

ഞാനും ആന്റണിച്ചേട്ടനും ബികോം പഠിച്ചിരുന്ന ‘മുന്നാട് പീപ്പിൾസ് കോളജ്’ ഒരു ഗ്രാമത്തിലായിരുന്നു. അവിെട എല്ലാ കുട്ടികളും ചുരിദാറും ഷാളും ഒക്കെയായി അച്ചടക്കത്തോടെ നടക്കും. ഞാൻ മാത്രം ജീൻസും ടോപ്പുമിട്ടാണ് വരവ്. അങ്ങനെ ഒരിക്കൽ സീനിയർ ചേട്ടൻമാര് എന്റെ ക്ലാസിലുള്ള ആന്റണിച്ചേട്ടനോട് പറഞ്ഞു, ‘മേലാൽ ജീൻസിട്ടോണ്ടു വരരുത്’ എന്ന് എന്നോട് പറയണമെന്ന്. ചേട്ടൻ പറഞ്ഞപ്പൊ, ഞാൻ എടുത്തടിച്ച് മറുപടി കൊടുത്തു, ‘ഞാൻ ചുരിദാറിട്ടു കാണണമെങ്കിൽ വാങ്ങി തരണ’മെന്ന്.

പിന്നെ, ചേട്ടൻ എന്നെ കേറിയങ്ങ് പ്രേമിച്ചു. ഞാൻ തിരിച്ചും. ഒരുപാട് ചുരിദാറും അതിൽ കൂടുതല്‍ സ്നേഹവും തന്ന് ഇപ്പോൾ എന്നെ പൊന്നു പോലെ നോക്കുന്നു. ആ സ്നേഹം കൂടെയുള്ളതുകൊണ്ടു തന്നെ തിരിച്ചടി കിട്ടിയാലും ആരെങ്കിലും പാര വച്ചാലും ഞാൻ വീണുപോകില്ല. അതാണ് എന്റെ ബലവും ഊർജവും.