Thursday 02 April 2020 11:44 AM IST

പാട്ടിനെ വിമർശിച്ചവർക്കു പാട്ടും പാടിയൊരു മറുപടി! ’സോങ് ഓഫ് വാലറു’മായി സിത്താരയും സംഘവും

V N Rakhi

Sub Editor

sitharafgvhbb

കൊറോണ സമയത്താണോ പാട്ടു പാടുന്നത് എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി ഇതാ കൊറോണയ്‌ക്കെതിരായ സന്ദേശവുമായി ഒരു പാട്ട്. സോങ് ഓഫ് വാലര്‍ അഥവാ പ്രതിരോധമാണ് പ്രതിവിധി എന്ന ടൈറ്റിലിലാണ് ഗായിക സിതാരയും സിതാരയുടെ പ്രോജക്ട് മലബാറിക്കസ് ബാന്‍ഡ് അംഗങ്ങളും പാട്ടിറക്കിയത്. വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തു പോരുമീ വന്‍വിപത്തിനെ തടുത്തു നിര്‍ത്തുവാനുണര്‍ന്നിടാം... എന്നു തുടങ്ങുന്ന പാട്ടിന് 2 മിനിറ്റും 31 സെക്കന്റുമാണ് ദൈര്‍ഘ്യം. ബാന്‍ഡിലെ ഓരോരുത്തരും പരസ്പരം കാണാതെ പലയിടങ്ങളില്‍ ഇരുന്നാണ പാട്ടൊരുക്കിയത് എന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിന്റെ പല ഇടങ്ങളിലായി നടക്കാനിരിക്കുന്ന സംഗീത ടൂറുകള്‍ക്കായുള്ള ഒരുക്കത്തിനിടയില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് കൊറോണയെത്തിയത്. കഴിഞ്ഞമാസം വരെ എല്ലാവരും കഠിനമായ പരിശീലനത്തിലും തയാറെടുപ്പുകളിലുമായിരുന്നു. അന്ന് പിരിഞ്ഞ അംഗങ്ങള്‍ പലയിടങ്ങളിലായി. എന്നു കാണുമെന്നറിയാത്ത സാഹചര്യത്തിലും പാട്ടുണ്ടാക്കാതെ അവര്‍ക്ക് ആകുമായിരുന്നില്ല.

സാങ്കേതികമായ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഫോണ്‍ ആപ്പുകളുടെയും സെല്‍ഫി സ്റ്റിക്കുകളുടെയും വീട്ടുകാരുടെയും സഹായത്തോടെയുണ്ടാക്കിയ ഈ കുഞ്ഞുപാട്ട് നാടിനും വീട്ടിലിരിക്കുന്നവര്‍ക്കും രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസിനും സര്‍ക്കാറിനും സമര്‍പ്പിച്ചിരിക്കുകയാണ് സിതാരയും സംഘവും. മനുമഞ്ജിത്താണ് വരികളെഴുതിയത്. വിവിധ സംഗീതോപകരണങ്ങളുമായി വിജോ ജോബ്, ലിബോയ് പെയ്സ്ലി, ശ്രീനാഥ് നായര്‍, മിഥുന്‍ പോള്‍, അജയ് കൃഷ്ണന്‍ എന്നിവരും അശ്വിന്‍ കൃഷ്ണ, മിഥുന്‍ ആനന്ദ് എന്നിവര്‍ അണിയറയിലുമുണ്ട്.

Tags:
  • Movies