അമ്മയുടെ അമ്മയെ കൈകളിലെടുത്ത് വീട്ടിലേക്കു കയറുന്ന നടി സ്മിനു സിജോയുടെ വിഡിയോ ശ്രദ്ധ നേടുന്നു. കുട്ടിക്കാലത്തു ലഭിച്ച സ്നേഹത്തിന്റെ ഓർമകൾക്ക് പകരം കൊടുക്കാൻ ഇതിലും വലുതായി ഒന്നുമില്ലെന്നു കുറിച്ചാണ് താരം ഈ വിഡിയോ പങ്കുവച്ചത്.
‘എന്റെ അമ്മയുടെ അമ്മ. ഭൂമിയിൽ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകൾ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓർമ്മകളിൽ പകരം കൊടുക്കാൻ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തിൽ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാർദ്ധക്യത്തിൽ അമ്മച്ചിയെ ഞാൻ എടുക്കുന്നു. ‘കർമ്മ’ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയിൽ ചെറിയ ഒരു ഓർമ്മപ്പെടുത്തൽ. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആവട്ടെ നമ്മുടെ മാതാപിതാക്കൾ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.