Tuesday 27 September 2022 12:28 PM IST

മകനെ കൊതിതീരെ കാണാനാകാതെ അവർ പോയി... സിനിമയെ തോൽപ്പിച്ച ‘ജീവിതത്തിന്റെ ക്ലൈമാക്സ്’

V.G. Nakul

Sub- Editor

Smitha

12 വർഷം. ഹിന്ദി, മറാത്തി, ഗുജറാത്തി, കന്നഡ, ബംഗാളി, മലയാളം ഭാഷകളിലായി എഴുപത്തിയഞ്ചോളം സിനിമകൾ. മികച്ച നടിക്കുള്ള രണ്ട് ദേശീയചലച്ചിത്ര പുരസ്കാരങ്ങളും 7 ഫിലിം ഫെയർ അവാർഡുകളും. 1985ൽ പദ്മശ്രീ... ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരിലൊരാളായ സ്മിത പാട്ടിലിന്റെ കരിയർ സമ്മറി ഇങ്ങനെയാണ്. ഇതിനപ്പുറം മറ്റൊരുദാഹരണം വേണ്ട, അവരുടെ പ്രതിഭയെ അടയാളപ്പെടുത്താൻ! എന്നാൽ ആ മനോഹരനടനം പാതിയിലവസാനിച്ച ഒരു ഗാനം പോലെയാണ്...1986 ഡിസംബർ 13നു, തന്റെ 31 വയസ്സിൽ സ്മിത പോയി. ‘മരണം രംഗബോധമില്ലാത്ത കോമാളി’യാണെന്ന പഴകിത്തേഞ്ഞ വാചകം ചിലപ്പോഴെങ്കിലും ഉപയോഗിക്കാതിരിക്കാനാകില്ലല്ലോ...

മകൻ പ്രതീക് ബബ്ബറിനു ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ, പ്രസവാന്തരമുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് സ്മിതയുടെ ജീവൻ കവർന്നത്. സ്മിത പാട്ടീൽ – രാജ് ബബ്ബർ ദമ്പതികളുടെ ഏക മകനായ പ്രതീക് ഇപ്പോൾ ബോളിവുഡിലെ യുവനടൻമാരിൽ ശ്രദ്ധേയനാണ്. മകനെ കൊതിതീരെ കാണാനാകാതെ അമ്മയും അമ്മയുമൊത്തുള്ള ഓർമകൾ സൂക്ഷിക്കുവാൻ ഭാഗ്യം ലഭിക്കാതെ മകനും ഒരേ വിധിയുടെ രണ്ടിരകളായ ദുർവിധി!

smitha-new-2

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശിവാജിറാവു പാട്ടിലിന്റെയും സാമൂഹിക പ്രവർത്തകയായ വിദ്യാതായ് പാട്ടിലിന്റെയും മകളായി, പൂനെയിൽ 1955 ഒക്ടോബർ 17 നായിരുന്നു സ്മിതയുടെ ജനനം.

ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായാണ് സ്മിത കരിയര്‍ ആരംഭിച്ചത്. 1974 ൽ, സുരേഷ് കുമാർ ശർമ സംവിധാനം ചെയ്ത ‘മേരേ സാത് ചൽ’ ആദ്യ ചിത്രം. വിഖ്യാത സംവിധായകൻ ശ്യാം ബെനഗലിന്റെ ‘ചരണ്ദാസ് ചോര്‍‘ (1974) എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ. ശ്യാമിന്റെ ‘ഭൂമിക’, രവീന്ദ്ര ധർമ്മരാജിന്റെ ‘ചക്ര’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്മിതയെ തേടിയെത്തിയത്.

സ്മിതയിലെ നടിയെ പരുവപ്പെടുത്തിയതിൽ പ്രധാനിയാണ് ശ്യാം ബെനഗല്‍. മറ്റൊരു മഹാനടിയായ ശബാന ആസ്മിയ്ക്കും ശ്യാം ആയിരുന്നു ഗോഡ് ഫാദർ‌.

‌ശബാന ആസ്മിയോ ? സ്മിത പാട്ടീലോ ?

ഇവരിൽ ആരാണ് മികച്ച നടി എന്ന ചോദ്യത്തിന്, ഒരിക്കൽ ഒരു അഭിമുഖത്തില്‍ ശ്യാം ബെനഗലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു :

‘സ്മിതാ വാസ് എ ബോൺ ആക്ടറസ്, ശബാന ഈസ് എ ട്രെയിൻഡ് ആൻഡ് ജീനിയസ് ആക്ടറസ്’!

അതായിരുന്നു കൃത്യമായ നിരീക്ഷണം. നടിയാകാൻ ജനിച്ചവളായിരുന്നു സ്മിത. അവരുടെ അഭിനയം സ്വാഭാവികമായ ഒരു ഒഴുക്കുപോലെയായിരുന്നു. കഥാപാത്രത്തിലേക്കു ലയിച്ചു കലരുന്ന പ്രകടനങ്ങൾ. ബുദ്ധിയായിരുന്നില്ല, മനസ്സും ഹൃദയവുമായിരുന്നു അവരിലെ അഭിനേത്രിയുടെ ടൂൾ. കഥാപാത്രത്തെ തന്നിലേക്കു പകർത്തി, താനെന്ന ഭാവത്തിനു മുകളിലേക്കു കഥാപാത്രത്തെ ഉയർത്തി നിർത്തുന്നു സ്മിതയുടെ വേഷപ്പകർച്ചകൾ. ഒരു മനോഹരമായ ഗാനം കേൾക്കും പോലെയാണ് സ്മിതയെ കണ്ടിരിക്കുന്നതെന്നു പ്രേക്ഷകർക്കു തോന്നും...

smitha-new-3

ഒരേ സമയം സമാന്തര – വാണിജ്യ സിനിമകളുടെ ഭാഗമായിരുന്നു സ്മിത. സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം അവർ പ്രവർത്തിച്ചു. ബെനഗലിന്റെ നിഷാന്ത്, ചരൺദാസ് ചോർ, മന്ഥൻ, ഭൂമിക, മണ്ഡി, സത്യജിത് റേയുടെ സദ്ഗതി, മൃണാൾ സെന്നിന്റെ അകേലാർ സന്ധാനെ, കേതൻ മേത്തയുടെ മിർച്ച് മസാല, ഭവാനി ഭവായ്, കെ.എ.അബ്ബാസിന്റെ നക്സലൈറ്റ്സ്, മുസാഫിർ അലിയുടെ ഗമൻ, ഗോവിന്ദ് നിഹലാനിയുടെ ആക്രോശ്, അർദ്ധസത്യ, ഐ.വി.ശശിയുടെ ഹിന്ദി ചിത്രം അനോഷ്കാ റിസ്ത, ഉത്പ്പലേന്ദു ചക്രവർത്തിയുടെ ദേബ്ശിശു തുടങ്ങി എത്രയെത്ര സിനിമകൾ... കഥാപാത്രങ്ങള്‍...1989 ൽ ‘ഗലിയോൺ കെ ബാദ്ഷാ’യാണ് അവസാന ചിത്രം. മരണ ശേഷവും അവർ അഭിനയിച്ച പതിനഞ്ചോളം സിനിമകള്‍ പ്രേക്ഷകരെ തേടിയെത്തി.

മരിക്കുന്നതിന് ഒരു വർഷം മുമ്പായിരുന്നു ജി.അരവിന്ദന്റെ ‘ചിദംബര’ത്തിലെ ശിവകാമിയായി അവർ മലയാളത്തിലേക്കെത്തിയത്. സി.വി ശ്രീരാമന്റെ കഥയാണ് ‘ചിദംബരം’ എന്ന സിനിമയായത്. 1985ല്‍, മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചിദംബരം നേടി. സംസ്ഥാനതലത്തില്‍, മികച്ച സംവിധായകനുള്ള അവാര്‍ഡ് അരവിന്ദനും മികച്ച നടനുള്ള അവാര്‍ഡ് ഭരത് ഗോപിക്കും മികച്ച സംഗീതസംവിധായകനുള്ള അവാർഡ‍് ജി. ദേവരാജനും സ്വന്തമാക്കി.

smitha-new-1

ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍‌ സ്മിതയ്ക്ക് 67 വയസ്സ്. അങ്ങനെയെങ്കിൽ എത്രയെത്ര മികച്ച കഥാപാത്രങ്ങൾക്ക് ഇതിനോടകം അവർ ജീവൻ പകരുമായിരുന്നു. മനുഷ്യന്റെ ആഗ്രഹങ്ങൾക്കൊപ്പമല്ലല്ലോ വിധിയുടെ ഇടപെടൽ...