Saturday 24 September 2022 03:05 PM IST

ശോഭ എന്തിന് ജീവനൊടുക്കി...? ചിറകറ്റു വീണ ഒരു ചിത്രശലഭത്തിന്റെ പിടച്ചിൽ...

V.G. Nakul

Sub- Editor

Sobha-CVR

അഭൗമമായ സുഗന്ധം പടർത്തിയ, മനോഹരമായ ഒരു പൂവിന്റെ കൊഴിയൽ പോലെയായിരുന്നു ശോഭയുടെ മരണം. 1980 മേയ് ഒന്നിന്, 17 വയസ്സിൽ അവര്‍ പോയി...നടുക്കുന്ന ആത്മഹത്യ! അതിനകം പ്രതിഭയുടെ മികവിനാൽ അവരെത്തിപ്പെട്ട ഉയരങ്ങൾ സമാനതകളില്ലാത്ത ഒരു അഭിനയയാത്രയെ അടയാളപ്പെടുത്തുന്നതാണ്.

മലയാളത്തിലും തമിഴിലും സജീവമായിരുന്ന ബേബി മഹാലക്ഷ്മി എന്ന ബാലനടിയിയിൽ നിന്നു, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായ ശോഭയിലേക്കുള്ള ആ വളർച്ച സിനിമാക്കഥകളെ തോൽപ്പിക്കുന്നത്ര നാടകീയതകളും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു. ഒക്കെയും 17 വർ‌ഷമെന്ന ഹ്രസ്വകാലത്തിനിടെ! ഇതുകൊണ്ടൊക്കെയാണ്, മരിച്ച് 42 വർഷങ്ങൾ‌ക്കു ശേഷവും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പ്രധാന്യമേറിയ അധ്യായങ്ങളിലൊന്നായി അവരിപ്പോഴും തുടരുന്നത്...

നിറത്തിന്റെ തിളക്കവും അംഗലാവണ്യത്തിന്റെ വശ്യതയുമുൾപ്പടെയുള്ള അക്കാലത്തെ നായികാസങ്കൽപ്പങ്ങൾക്കെല്ലാം വെളിയിലായിരുന്നു ശോഭ. കവിത പോലെ മനോഹരിയായ ഒരു പെൺകുട്ടി. നോട്ടത്തിലെയും ഭാവങ്ങളിലെയും മാറിമറിയലുകൾ കണ്ണെടുക്കാതെ കണ്ടിരിക്കാവുന്ന ഒരനുഭവമാക്കി അവരിലെ നടിയെ പാകപ്പെടുത്തിയിരുന്നു.

‘സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍... ’ എന്ന പാട്ടിനൊപ്പം തിരശീലയിൽ തെളിഞ്ഞ മഞ്ഞുതുള്ളിക്കു സമാനമായ ശോഭയുടെ കുഞ്ഞുമുഖം എത്രയോ കാമുകഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാകും...ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, ഉൾക്കടൽ, എകാകിനി...മലയാളത്തിൽ ശോഭയുടേതായി വന്ന എത്രയെത്ര സിനിമകൾ, കഥാപാത്രങ്ങൾ...

2 ശോഭ ‘ഉത്രാട രാത്രി’യിൽ

കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23നായിരുന്നു മഹാലക്ഷ്മി എന്ന ശോഭയുടെ ജനനം. ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത ‘തട്ടുങ്കൾ തിറക്കപ്പടും’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയജീവിതം തുടങ്ങി. തുടർന്ന് തമിഴിലും മലയാളത്തിലും സജീവമായ ശോഭ ‘ഉത്രാടരാത്രി’ എന്ന മലയാളചിത്രത്തിലാണ് ആദ്യമായി നായികയായത്. ദുരൈ സംവിധാനം ചെയ്ത ‘പശി’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 17 വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. 1980 ഏപ്രിലില്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശോഭ മെയ്‌ 1ന് ആത്മഹത്യ ചെയ്തു.

വിവിധ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ശോഭ, മികച്ച നടി, മികച്ച സഹനടി, മികച്ച ബാലതാരം എന്നിങ്ങനെ മൂന്നു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മികച്ച നടിക്കുള്ള രണ്ടു ഫിലിം ഫെയര്‍ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

‘‘1978 ൽ ഇത്രാടരാത്രിയിൽ അഭിനയിക്കുമ്പോൾ അവർക്ക് 14 വയസ്സാണ്. അതേ വർഷം കെ.ജി ജോർജിന്റെ ഉൾക്കടലിലും, എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ഏകാകിനിയിലും അവര്‍ അഭിനയിച്ചു. നായികയായി ഇതിൽ ഏതിലാണ് തുടക്കം എന്നു കൃത്യമായി ഓർക്കുന്നില്ല’’.– സംവിധായകൻ ബാലചന്ദ്ര മേനോൻ പറയുന്നു.

എന്നാൽ കരിയറിലെ അത്യുന്നതിയിൽ വിളങ്ങി നിന്ന ആ ഘട്ടത്തിൽ, തന്റെ മനസ്സിനെ മഥിക്കുന്ന നിരവധി പ്രതിസന്ധികളില്‍ തളർന്നു പോയ ശോഭ ഒരുറച്ച തീരുമാനത്തിലെത്തിയിരുന്നു – അവസാനിപ്പിക്കാം...എല്ലാം!

തിരക്കഥയില്ലാതെയൊരുങ്ങുന്ന ജീവിതമെന്ന വലിയ സിനിമയിൽ ശോഭ നായികയാണെങ്കിൽ ബാലു മഹേന്ദ്രയാണ് വില്ലൻ എന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ. ബാലുവിന്റെ പ്രണയിനിയായിരുന്നു ശോഭ. മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്ന ബാലുവിനെ ശോഭ തന്റേതെന്നു മാത്രം കരുതി സ്നേഹിച്ചു. ഒപ്പം ജീവിച്ചു.

39 വയസ്സുകാരൻ ബാലുവും 15 വയസ്സുകാരി ശോഭയും...പൊതുധാരണകൾക്കപ്പുറം പോയ പ്രണയം!

ക്യാമറയിലൂടെ താന്‍ കണ്ട വലിയ സൗന്ദര്യമായിരുന്നു ബാലുവിന് ശോഭ. ഛായാഗ്രാഹകനായിരുന്ന ബാലു സംവിധാനത്തിലേക്ക് കടന്നപ്പോഴും ശോഭയല്ലാതെ മറ്റൊരു നായികയെ അയാൾക്ക് സങ്കൽപ്പിക്കാനായില്ല. ‘കോകില’ എന്ന കന്നട ചിത്രമായിരുന്നു ആദ്യം. പിന്നീട് തമിഴില്‍ ‘മൂടുപനി’, ‘അഴിയാത കോലങ്കള്‍’ എന്നിവയും.

എന്നാൽ ഇന്നോളം ആർക്കും വേർതിരിച്ചെടുക്കുവാനാകാത്ത പലതരം നോവുകൾ അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കാം. അതുകൊണ്ടാകാം കൂടുതലൊന്നും പറയാനും എല്ലാം ഉള്ളിലൊതുക്കി ജീവിക്കാനുമാകാതെ, ഒരു സാരിത്തുമ്പില്‍ അവർ മരണമെന്ന അഭയം തിരഞ്ഞെടുത്തതും...തന്റെ മരണത്തോളം ബാലുവും അതൊന്നും വിശദീകരിക്കാന്‍ തുനിഞ്ഞിട്ടില്ല...ശോഭ ആത്മഹത്യ ചെയ്തതിന്റെ കാരണം തനിക്കറിയില്ലെന്ന് പിന്നീട് നല്‍കിയ പല അഭിമുഖങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു... എങ്കിലും പ്രിയപ്പെട്ടവളുടെ മൃതശരീരം കണ്ട ശേഷം തളർന്നു പോയ ബാലുവിനെ സുഹൃത്തുക്കൾ ചേർന്നു താങ്ങിയെടുത്തു കൊണ്ടു വരുന്ന ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇപ്പോഴും ചരിത്രത്തിന്റെ ആൽബത്തിൽ മങ്ങാതെയുണ്ട്....ഉണങ്ങാത്ത മുറിവ് പോലെ....

തങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നു ബാലു മഹേന്ദ്ര തന്റെ മകനെ കാണാന്‍ പോയി എന്നതാണ് ശോഭയുടെ ആത്മഹത്യയുടെ കാരണമായി പറയപ്പെടുന്നതിൽ ഒന്ന്. മരണശേഷം നടന്ന അന്വേഷണങ്ങളില്‍ ശോഭയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നൊക്കെയുള്ള പലതരം സംശയങ്ങള്‍ പൊന്തിവന്നു. അഭ്യൂഹങ്ങളും കഥകളും പരന്നു. ഇതിൽ പലതിലും പ്രതിനായകനായി നിന്നത് ബാലുവായിരുന്നു.

1 ബാലചന്ദ്രമേനോൻ, രവി മേനോൻ, ശോഭ എന്നിവര്‍ ‘ഉത്രാട രാത്രി’യുടെ ലൊക്കേഷനിൽ

ബാലുമഹേന്ദ്രയുടെയും ശോഭയുടെയും ജീവിതമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ കെ.ജി ജോര്‍ജിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ വിവാദങ്ങളെ കടുപ്പിച്ചു. സുഹൃത്തിനെ സഹായിക്കാന്‍ ജോർജ് ഒരുക്കിയ കള്ളക്കഥയാണിതെന്നു വരെ വിമർശനമുണ്ടായി.

ശോഭ മരിച്ചതിന്റെ ആഘാതത്തില്‍ നിന്നു വിടുതൽ നേടി പിന്നീടൊരു സിനിമയുമായി ബാലു വന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതാണ് ‘മൂന്‍ട്രാം പിറൈയ്‌’. ഒരു അപകടത്തില്‍ പെട്ട്, മനസ്സു കൊണ്ട് കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ വിജി, ചീനുവിന്റെ സംരക്ഷണയില്‍ കുറച്ചു കാലം ജീവിക്കുകയും പെട്ടന്നൊരു ദിവസം ഓര്‍മ തിരിച്ചു കിട്ടി, ചീനുവിനെ മറന്നു സ്വന്തം ജീവിതത്തിലേക്കു മടങ്ങി പോകുന്നതുമാണ് ‘മൂന്‍ട്രാം പിറൈയ്‌’യുടെ കഥ. കമല്‍ഹാസനും (ചീനു) ശ്രീദേവിയും (വിജി) നായികാനായകൻമാരായ ക്ലാസിക്. അവിചാരിതമായി തന്റെ ജീവിതത്തിലേക്കു വന്ന് അവിചാരിതമായി മടങ്ങിപ്പോയ ശോഭയുടെ ഓർമയിലാകണം ബാലു ആ ചിത്രമൊരുക്കിയതെന്നും കരുതാം....

ജീവിച്ചിരുന്നെങ്കിൽ ശോഭയ്ക്ക് ഇപ്പോൾ 60 വയസ്സ്. എന്നാല്‍ അങ്ങനെയൊരു ശോഭയെ സങ്കൽപ്പിക്കാനാകാത്ത വിധം മധുരപ്പതിനെഴിന്റെ മനോഹാരിതയിൽ അവർ പ്രാണൻ വെടിഞ്ഞു. ചിറകറ്റു വീണ ഒരു ചിത്രശലഭത്തിന്റെ പിടച്ചിൽ പോലെ...