Tuesday 22 March 2022 11:53 AM IST

‘സ്റ്റെഫിയുമായി സൗഹൃദത്തിലാകുമ്പോൾ 32 വയസ്സ്, വീണ്ടും 10 വർഷത്തെ കാത്തിരിപ്പ്’: സോഹൻ സീനുലാലിന്റെ പ്രണയകഥ

V.G. Nakul

Sub- Editor

sohan-seenulal-2

സംവിധാനത്തിലാണ് തുടങ്ങിയതെങ്കിലും മലയാളികൾക്ക് സോഹൻ സീനുലാലിനെ കൂടുതൽ‌ പരിചയം നട‍ൻ എന്ന നിലയിലാണ്. തനതായ ശൈലിയിൽ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ മനോഹരമാക്കും സോഹൻ. ‘ആക്ഷന്‍ ഹീറോ ബിജു’വിലെ പൊലീസ് കോൺസ്റ്റബിൾ, ‘പുതിയ നിയമ’ത്തിലെ ജൂനിയർ വക്കീൽ, ‘തോപ്പില്‍ ജോപ്പനി’ലെ നായകന്റെ സുഹൃത്ത് തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ...

ബാലനടനായാണ് സോഹന്റെ സിനിമാ പ്രവേശനം. സോഹന്റെ പിതാവും രാഷ്ട്രീയ പ്രവർത്തകനുമായ പി.എൻ സീനുലാൽ സിദ്ദിഖ് ലാലുമാരുടെ സുഹൃത്താണ്. അങ്ങനെയാണ് ‘കാബൂളിവാല’യിൽ അവസരം ലഭിച്ചത്. കന്നാസിന്റെയും കടലാസിന്റെയും സംഘത്തിലെ കുട്ടികളിലൊരാളുടെ വേഷമായിരുന്നു അതിൽ. ശേഷം പഠനത്തിൽ ശ്രദ്ധിക്കാനായി അഭിനയം വിട്ടെങ്കിലും ഇരുപതാം വയസ്സിൽ സോഹൻ വീണ്ടും സിനിമയിലേക്കു മടങ്ങിയത്തി. ‘വൺമാൻ ഷോ’ എന്ന ചിത്രത്തിൽ ഷാഫിയുടെ സംവിധാന സഹായിയായായിരുന്നു പുതിയ തുടക്കം. തുടർന്ന് എട്ടു ചിത്രങ്ങളിൽ ഷാഫിക്കൊപ്പം പ്രവർത്തിച്ചു. ഒരു ചിത്രത്തിൽ സിദ്ദിഖിനൊപ്പവും. 2011 ൽ മമ്മൂട്ടിയും നദിയ മൊയ്തുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഡബിൾസ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടർന്ന് ‘വന്യം’, റിലീസിനൊരുങ്ങുന്ന ‘അണ്‍‌ ലോക്ക്’ എന്നീ ചിത്രങ്ങളുമൊരുക്കി. ഇപ്പോൾ ‘ദി നെയിം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയുമാണ്.

എബ്രിഡ് ഷൈന്‍ നിർബന്ധിച്ചതോടെയാണ് അഭിനയത്തിൽ വീണ്ടും സജീവമായത്. ‘ആക്ഷന്‍ ഹീറോ ബിജു’വിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതോടെ അഭിനയത്തില്‍ തിരക്കായി. നാല്‍പ്പതോളം ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും പല ചിത്രങ്ങളുടെയും ഭാഗമാണ്.

ഇന്നലെയായിരുന്നു സോഹന്റെ വിവാഹം. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. തുടർന്ന് സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.

sohan-seenulal-1

ഇപ്പോഴിതാ, തന്റെ വിവാഹവിശേഷങ്ങളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും സോഹന്‍ ‘വനിത ഓൺലൈനിൽ’ മനസ്സ് തുറക്കുന്നു.

‘‘ലവ് ആൻഡ് അറേഞ്ച്ഡ് മാര്യേജ് ആണ് ഞങ്ങളുടെത്. പത്ത് വർഷമായി തമ്മിൽ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് മാറിയപ്പോഴാണ് കല്യാണം കഴിച്ചാലോ എന്ന് ആലോചിച്ചത്. വീടുകളിൽ പറഞ്ഞപ്പോൾ അവരും സമ്മതിച്ചു.

മതത്തിന്റെയോ ജാതിയുടെയോ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പള്ളിയിൽ വച്ച് മോതിരം മാറിയ ശേഷം എന്റെ വീട്ടിൽ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ടു കുടുംബങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിനൊപ്പം നിൽക്കുന്നത് അനുഭവിക്കാനായി’’. – സോഹന്റെ വാക്കുകളില്‍ സന്തോഷം.

‘‘സ്റ്റെഫി തെരേസാസിലാണ് പഠിച്ചത്. ഞാൻ അവിടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നപ്പോൾ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നു. അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് എന്റെ സിനിമയുടെ കാര്യങ്ങൾക്കൊക്കെ ആളും സുഹൃത്തുക്കളും ആകുംപോലെ സഹായങ്ങളുമായി ഒപ്പം നിന്നു. അങ്ങനെയാണ് ഇത്രയും സൗഹൃദത്തിലായ രണ്ട് പേർക്ക് എന്തുകൊണ്ട് വിവാഹം കഴിച്ചു കൂടാ എന്ന് ആലോചിച്ചത്. സ്റ്റെഫി അതിനു ശേഷം കാനഡയിൽ പോസ്റ്റ് ഗ്രേജ്വേഷൻ ചെയ്യാന്‍ പോയി. മടങ്ങി വന്ന സമയത്താണ് ലോക്ക് ഡൗൺ ആയത്. ഉദ്ദേശിച്ച പോലെ തിരിച്ചു പോകാനുമായില്ല. എങ്കിൽ കല്യാണം നടക്കട്ടേ എന്നു തീരുമാനിക്കുകയായിരുന്നു. അവിടെ സ്റ്റെഫിക്ക് ജോബ് വിസയും വർക്ക് പെർമിറ്റുമൊക്കെയായി’’.– സോഹൻ പറയുന്നു.

sohan-seenulal-3

കൊച്ചി തോപ്പും പടി സ്വദേശിയാണ് സ്റ്റെഫി. സോഹന്റെ നാട് വടുതലയാണ്. അച്ഛൻ, അമ്മ, ചേട്ടൻ, അനിയത്തി എന്നിവരടങ്ങുന്നതാണ് സ്റ്റെഫിയുടെ കുടുംബം. അച്ഛൻ, അമ്മ, അനിയൻ എന്നിവരാണ് സോഹന്റെ വീട്ടിൽ.

10 വർഷത്തെ കാത്തിരിപ്പ്

വിവാഹം വൈകിയോ എന്നു ചോദിച്ചാൽ, സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു ഞാൻ. 32 വയസ്സിലാണ് സ്റ്റെഫിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, ‘മിന്നൽ മുരളി’യിലെ ഷിബു പറയും പോലെ 10 വർഷത്തെ കാത്തിരിപ്പാണ്....

സിനിമയിലെ പുതിയ തീരുമാനം

‘ഡബിൾസ്’ ഉദ്ദേശിച്ചപോലെ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ വിജയപരാജയങ്ങൾ നമ്മുടെ കൈയിലല്ലല്ലോ. പിന്നീട് ‘വന്യം’ ചെയ്തു. അതൊരു ചെറിയ സിനിമയായിരുന്നു. ‘ഡബിൾസ്’ നു ശേഷം ഞാൻ എടുത്ത തീരുമാനം, എനിക്കു പറയാനുള്ളതായിരിക്കും എന്റെ ഇനിയുള്ള സിനിമകൾ എന്നതായിരുന്നു. അത് കൊമേഴ്സ്യലാകാം ഓഫ്ബീറ്റ് ആകാം. ‘അൺലോക്ക്’ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെങ്കിലും രസകരമായ രീതിയിലാണ് കഥ പറയുന്നത്. ‍ചെമ്പൻ വിനോദ്, മംമ്ത മോഹൻദാസ് , ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് എന്നിവരാണ് താരനിരയിൽ.

മമ്മൂക്ക എന്ന കരുത്ത്

‘മായാവി’യിലും ‘തൊമ്മനും മക്കളി’ലുമൊക്കെ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴാണ് മമ്മൂക്കയുമായി അടുപ്പം തുടങ്ങുന്നത്. അങ്ങനെ ‘ഡബിൾസ്’ ചെയ്യാനുള്ള സാഹചര്യം ഒത്തു വന്നു. പിന്നീട് മമ്മൂക്കയോടൊപ്പം ധാരാളം സിനിമകളില്‍ അഭിനയിക്കാനും സാധിച്ചു.

മമ്മൂക്കയ്ക്ക് ധാരാളം സൗഹൃദങ്ങളുണ്ട്. ആ സൗഹൃദങ്ങൾക്ക് അളവുകോലില്ല. ഞാൻ ഒരിക്കൽ മമ്മൂക്കയോടൊപ്പം കാറില്‍ പോകുമ്പോൾ ചോദിച്ചു – ‘‘ഇത്രയും വില കൊടുത്ത് മമ്മൂക്ക വാങ്ങിയ കാറില്‍ ഞങ്ങളൊക്കെയാണല്ലോ കയറുന്നത്. മമ്മൂക്കയ്ക്ക് എന്തെങ്കിലും ഗുണമുള്ള ആളുകളേം കൊണ്ടല്ലല്ലോ നടക്കുന്നത്’’ എന്ന്. അപ്പോള്‍ മമ്മൂക്ക പറഞ്ഞു – ‘‘എടാ തൽക്കാലം ആരെക്കൊണ്ടും ഒരു ഗുണം ഉണ്ടാകുന്ന അവസ്ഥ വരാതിരിക്കട്ടേ...പടച്ചോൻ കാക്കട്ടേ...ഇങ്ങനെയൊക്കെ പോയാപ്പോരേ....’’.

മമ്മൂക്കയുടെ പഴയ സുഹൃത്തുക്കളൊക്കെ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. അതൊന്നും വിട്ടുകളയില്ല. ചേർത്തു പിടിക്കും. അല്ലാതെ വലിയ താരങ്ങളെയോ നിർമാതാക്കളെയോ സുഹൃത്തുക്കളാക്കി ഒപ്പം കൊണ്ടു നടക്കുക എന്ന രീതിയൊന്നും അദ്ദേഹത്തിനില്ല. അതാണ് മമ്മൂക്ക. ഒരു തളർച്ച വന്നാൽ താങ്ങാൻ അദ്ദേഹമുണ്ടാകുമെന്നത് വലിയ ധൈര്യമാണ്. എനിക്കു മാത്രമല്ല പലർക്കും....