Saturday 30 January 2021 12:23 PM IST

‘കോട്ടയം ടു കോളിവുഡ്’! തമിഴിൽ നിറസാന്നിധ്യമാകുന്ന മലയാളി താരം: ശ്രദ്ധ മേനോന്റെ അഭിനയ ജീവിതം

V.G. Nakul

Sub- Editor

l4

‘കോട്ടയം ടു കോളിവുഡ്’ എന്ന് ശ്രദ്ധ മേനോന്റെ അഭിനയ യാത്രയെ വിശേഷിപ്പിക്കാം. മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലും ക്യാരക്ടർ റോളുകളുകളിലെ മുൻനിര സാന്നിധ്യമായി വളർന്ന ശ്രദ്ധ ഇപ്പോൾ റിലീസായെത്തിയ കാളിദാസിന്റെ ‘ഒരു പക്കാ കഥൈ’യിലെ നായികയുടെ അമ്മ വേഷത്തിലൂടെയും, തിയറ്ററിലെത്തിയ ‘കന്നിരാശി’യിലെ യോഗി ബാബുവിന്റെ സഹോദരിയുടെ റോളിലൂടെയും കോളിവുഡിൽ സജീവമാകുകയാണ്. കോട്ടയം സ്വദേശിനിയാണ് ശ്രദ്ധ. ഇതിനോടകം തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഇരുപതിലധികം ചിത്രങ്ങളുടെ ഭാഗമായി.

‘‘ഞാൻ ജനിച്ചു വളർന്നതും പഠിച്ചതുമൊക്കെ കോട്ടയത്താണ്. അഭിനയ മോഹം പണ്ടു മുതലേ മനസ്സിലുണ്ട്. കോളജിൽ പഠിക്കുന്ന കാലത്ത് നാടകത്തിലും കലാപ്രവർത്തനങ്ങളിലുമൊക്കെ സജീവമായിരുന്നു. ആദ്യം അഭിനയിച്ചത് പരസ്യ ചിത്രത്തിലാണ്. ഒരു കാസ്റ്റിങ് കമ്പനി വഴിയാണ് അവസരം ലഭിച്ചത്. ഇതിനോടകം ധാരാളം പരസ്യ ചിത്രങ്ങളുടെ ഭാഗമായി. മാധവൻ, മോഹൻലാൽ എന്നിവർക്കൊക്കെയൊപ്പം അഭിനയിച്ചിട്ടുണ്ട്.

l3

2011 ല്‍ ‘ഒരു സ്മാൽ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇപ്പോൾ 9 വർഷം. സിനിമകളും ഷോർ‌ട് ഫിലിമുകളുമായി 21 പ്രൊജക്ടുകൾ ചെയ്തു. മലയാളത്തിൽ 4 ചിത്രങ്ങളിൽ പ്രധാന വേഷമായിരുന്നു. തമിഴിൽ കൂടുതലും ക്യാരക്ടർ റോളുകളാണ് തേടിയെത്തിയത്. ‘കന്നിരാശി’യാണ് ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്നത്. അതിൽ യോഗി ബാബുവിന്റെ സഹോദരിയുടെ റോളാണ്’’. – ശ്രദ്ധ ‘വനിത ഓൺലൈനോട്’ പറയുന്നു.

l2

പ്രിയപ്പെട്ട ‘സ്വയം’

ഇതു വരെ ചെയ്തതിൽ, നായികയായ ‘സ്വയം’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് പ്രിയപ്പെട്ടത്. ‘ഫെലിസ് നവിഡാഡ്’ എന്ന ഹ്രസ്വചിത്രത്തിലെ വേഷവും മനസ്സിനോട് ചേർന്നു നിൽക്കുന്നതാണ്. അതിലെ അഭിനയത്തിന് പത്മരാജൻ പുരസ്കാരം കിട്ടി. ‘ഫെലിസ് നവിഡാഡ്’ ലെ അഭിനയം കണ്ടാണ് ‘ഒരു പക്കാ കഥൈ’യിലേക്ക് വിളിച്ചത്. ഓഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്. കാളിദാസ് ജയറാമിന്റെ ആദ്യ സിനിമയാണ്. പിന്നീട് തമിഴിൽ നിന്ന് ധാരാളം അവസരങ്ങൾ വന്നു.

l1

പേര് മാറ്റിയ കഥ

ഇടയ്ക്ക് രണ്ട് വർഷം ഭർത്താവിന്റെ ജോലി സംബന്ധിയായി ജർമനിയിലായിരുന്നു. എന്റെ യഥാർത്ഥ പേര് ലക്ഷ്മിപ്രിയ മേനോൻ എന്നാണ്. സിനിമയ്ക്ക് വേണ്ടിയാണ് ശ്രദ്ധ മേനോൻ എന്ന പേര് സ്വീകരിച്ചത്. സംഖ്യാ ശാസ്ത്ര പ്രകാരം ഭർത്താവ് രാജേഷ് നായർ ആണ് ഈ പേര് കണ്ടെത്തിയത്. അദ്ദേഹം ചെന്നൈ ഐ.ഐ.ടിയിൽ അധ്യാപകനാണ്. ശ്രദ്ധയുടെ അർഥം മഹാലക്ഷ്മി എന്നാണ്. മകൾ ഇഷിത. ഭർത്താവ് വളരെ സപ്പോർട്ടീവാണ്. ചെന്നൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. നല്ല റോളുകൾ നോക്കി തിരഞ്ഞെടുക്കാനാണ് തീരുമാനം.