Friday 31 July 2020 12:13 PM IST

ആദ്യം 7 കിലോ കുറച്ച ദോശ ഡയറ്റ്, ഇപ്പോൾ 10 കിലോ കുറച്ച ഓട്സ് ഡയറ്റ്...! മുകളിലേക്ക് കയറിയ കിലോയെ അതെ പടി താഴേക്ക് ഇറക്കി ശ്രീലക്ഷ്മി ശ്രീകുമാർ

Lakshmi Premkumar

Sub Editor

sreelakshmi

‘‘തടി കൂടുന്നതും കഷ്ടപ്പെട്ട് അതു കുറയ്ക്കുന്നതും എന്റെ ജീവിതത്തിൽ പുതിയ കാര്യം ഒന്നും അല്ല. പക്ഷെ ലോക്ക് ഡൗൺ സമയത്ത് കാര്യങ്ങൾ കുറച്ചു കൈ വിട്ടു പോയി. വെയിറ്റ് സൂചി പട പടേന്ന് മുകളിലേക്ക് കേറി’’. - പറയുന്നത് മലയാളത്തിന്റെ പ്രിയനടി ശ്രീലക്ഷ്മി ശ്രീകുമാർ.

പക്ഷെ ശ്രീലക്ഷ്മി വിടുമോ, കയറിയ കിലോയെ അതെ പടി താഴേക്ക് ഇറക്കി. വെയിറ്റ് കുറച്ച ആ ഡയറ്റ് മാജിക് ‘വനിത ഓൺലൈനോ’ട്‌ പങ്കു വയ്ക്കുകയാണ് താരം.

‘‘കല്യാണത്തിന്റെ സമയത്ത് ഞാൻ 58 കിലോ ആയിരുന്നു. 65 ഇൽ നിന്നാണ് പെട്ടന്ന് അത്രയും കുറച്ചത്. കല്യാണം ഒക്കെ അല്ലേ എന്നോർത്താണ് അന്ന് ഡയറ്റ് ചെയ്തത്. ഞാൻ ഭയങ്കര ഫുഡി ആയിട്ടുള്ള ആളാണ്‌. എന്തു കഴിച്ചാലും വണ്ണം വയ്ക്കുന്ന ശരീരവും. പക്ഷെ കുറച്ചു ചബ്ബി ആയി കഴിഞ്ഞാൽപ്പിന്നെ എന്നേക്കാൾ പ്രശ്നം നാട്ടുകാർക്കാണ്. ‘അയ്യോ വണ്ണം വച്ചല്ലോ...’ എന്നുള്ള ബഹളം കേട്ട് മടുത്തു. അങ്ങനെ കല്യാണത്തോട് അടുപ്പിച്ച്‌ പെട്ടന്ന് 7 കിലോ കുറച്ചു. അതൊരു ദോശ ഡയറ്റ് ആയിരുന്നു’’. – ശ്രീലക്ഷ്മി പറയുന്നു.

വിശപ്പും മാറും തടിയും വെക്കില്ല

ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ഞാൻ നന്നായി ഫുഡ്‌ കഴിച്ചു. ഈ അവസ്ഥയൊക്കെ പെട്ടന്ന് അങ്ങ് മാറും എന്നായിരുന്നു വിശ്വാസം. പക്ഷെ ലോക്ക് ഡൗൺ നീണ്ടു. എന്റെ ഫുഡടിയും തുടർന്നു. അങ്ങനെ ശരീര ഭാരം 68 ൽ എത്തി. 5 - 4 പൊക്കം ഉള്ള ഞാൻ ഇത്രയും തടി കൂടെ വച്ചാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. ഭർത്താവ് ജിജി ഉൾപ്പടെ എല്ലാരും എന്നോട് ചോദിച്ചു ‘ഇതങ്ങോട്ടാ പോകുന്നെ’ എന്ന്. സംഭവം കയ്യിൽ നിന്ന് പോയി എന്ന് എനിക്കും തോന്നി. ഡ്രസ്സ് ഒന്നും കേറുന്നില്ല. ഫോട്ടോ എടുക്കുമ്പോൾ എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ഇല്ലാത്ത പോലെ. പിന്നെ കാത്തു നിന്നില്ല, അടുത്ത ദിവസം തന്നെ പുതിയ ഡയറ്റ് തുടങ്ങി. ഇത്തവണ ദോശക്കു പകരം ഓട്സ് ആയിരുന്നു താരം. ഉപ്പുമാവ്, പുട്ട് അങ്ങനെ പലതരം പലഹാരങ്ങൾ. എല്ലാം ഓട്സ് ഉപയോഗിച്ച്. പാല് പൂർണമായി ഒഴിവാക്കി. പകരം സോയ മിൽക്ക് ആയിരുന്നു. അതുപോലെ ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ട്. സോയ മിൽക്കിൽ തലേന്ന് രാത്രി ഓട്സും ചിയാ സീഡ്‌സും (കസ്‌ക്‌സ് ) മിക്സ് ചെയ്തു വെക്കും. രാവിലെ ആകുമ്പോൾ അതു നല്ല പുഡിങ് പോലെ ആകും. ഇതിലേക്ക് കുറച്ചു ഡ്രൈ ഫ്രൂട്സ് കൂടി മിക്സ് ചെയ്തു കഴിച്ച് നോക്കൂ. വിശപ്പും മാറും. തടിയും വെക്കില്ല.

ഫുഡ്‌ ഡയറ്റും നടത്തവും

ഈ തവണത്തെ ഡയറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കാര്യം ഫുഡിന്റെ ടൈമിങ് ആണ്. വൈകിട്ട് 6മണിയാകുമ്പോൾ തന്നെ ഡിന്നർ കഴിക്കും. പിന്നെ ഒന്നും കഴിക്കില്ല. പിറ്റേ ദിവസം രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ആണ് അടുത്ത ഫുഡ്‌. ഇടയിൽ ഗ്രീൻ ടീയോ വെള്ളമോ മാത്രം കുടിക്കും.

എന്നും രാവിലെ 5 കിലോമീറ്റർ നടക്കാൻ പോകും. അതു പണ്ടേ ഉള്ള ശീലം ആണ്. അതു കൊണ്ട് തടി കുറയണം എന്നില്ല. എന്റെ കാര്യത്തിൽ ഈ ഫുഡ്‌ ഡയറ്റും നടത്തവും കൂടി വന്നപ്പോഴാണ് ഫലം കണ്ടത്.

ചുമ്മാ ഒന്ന് പരീക്ഷിച്ചു നോക്കാലോ

ലോകം ഇങ്ങനെ ഒരു പ്രതിസന്ധിയിൽ ജീവിക്കുമ്പോൾ ഞാൻ 10 കിലോ ഭാരം കുറച്ചതൊന്നും വല്യ കാര്യം അല്ല. പക്ഷെ ഓരോരുത്തർക്കും ജീവിതത്തിൽ സന്തോഷിക്കാൻ ഓരോ കുഞ്ഞു കാര്യങ്ങൾ വേണ്ടേ. മാത്രമല്ല, എന്നെ പോലെ തന്നെ തടി വച്ച് ‘അയ്യോ തടി വെച്ചല്ലോ’ എന്നു കേൾക്കേണ്ടി വരുന്നവർക്ക് ചുമ്മാ ഒന്ന് പരീക്ഷിച്ചു നോക്കാലോ എന്നും കരുതി.

സോഷ്യൽ മീഡിയയിൽ കുറേ മെസേജ് വരും. നന്നായി ചബ്ബി ആയല്ലോ, ഇത്രയും വണ്ണം വേണ്ട എന്നൊക്കെ. ആദ്യമൊന്നും ഞാൻ മൈൻഡ് ചെയ്യില്ല. പക്ഷെ ഇങ്ങനെ റിപ്പീറ്റ് അടിക്കുന്നവരുണ്ട്. അവരോട് ഞാൻ പറയും, ഞാൻ കഷ്ടപ്പെട്ടു ജോലി ചെയ്ത് എന്റെ പൈസയ്ക്ക് നല്ലപോലെ ആഹാരം കഴിക്കുന്നു. അതു കൊണ്ടാണ് തടി വയ്ക്കുന്നത്. അതിനിപ്പോൾ ചേട്ടന് എന്തേലും പ്രശ്നം ഉണ്ടോ...?

വേറെ ചിലരുണ്ട്, ഉപദേശം പോലെ നമ്മളെ കുത്തി നോവിക്കുന്നവർ. നമുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ അയാൾ വണ്ണം വച്ചു എന്ന് കരുതി സ്നേഹം പോകുമോ? എനിക്ക് അറിയില്ല. എനിക്ക് ആകെ ഒരേയൊരു കാര്യമേ പറയാനുള്ളൂ. വണ്ണം വെക്കുന്നതും കുറയ്ക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം ആണ്. ചിലർക്ക് ഹോർമോൺ പ്രശ്നം കാരണം വണ്ണം വെക്കുന്നവർ കാണും. അവരുടെ പ്രശ്നം അറിയാതെ ആയിരിക്കും ബോഡി ഷെയിമിങ് നടത്തുന്നത്. ദയവു ചെയ്ത് പുറത്തുള്ളവർ അതിൽ അഭിപ്രായ പ്രകടനം നടത്തരുത്.

ലോകം മുഴുവൻ നമ്മളോട് ‘തടിച്ചല്ലോ ’എന്ന് ചോദിക്കുന്നതു കേൾക്കാനേ വല്യ രസം ഒന്നും ഇല്ല... കേട്ടോ...