Thursday 02 September 2021 11:27 AM IST

ഒന്നര വയസ്സിൽ പോളിയോ തളർത്തി, നടക്കുന്നത് കൈകള്‍ കുത്തി: വിധിയെ തോൽപ്പിച്ച് ശ്രീലാലിന്റെ ‘ആക്ഷൻ’

V.G. Nakul

Sub- Editor

sreelal-narayanan-3

സെപ്റ്റംബർ നാലാം തീയതി മൂന്നാറിൽ ‘സ്പ്രിങ്’ ന്റെ ആദ്യ ടേക്കിന് ആക്ഷൻ പറയുമ്പോൾ ശ്രീലാൽ നാരായണൻ എന്ന ചെറുപ്പക്കാരൻ ഒരിക്കൽ കൂടി തെളിയിക്കും – ശരീരത്തിന്റെ പരിമിതികള്‍ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ ഒരിക്കലും തടസ്സമല്ലെന്ന് ! സ്വപ്നങ്ങള്‍ കാണാൻ ആരോഗ്യമുള്ള ഒരു മനസ്സും അതു യാഥാർഥ്യമാക്കാന്‍ പതറാത്ത മനസ്സുറപ്പുമുണ്ടെങ്കിൽ ഒന്നും ഒരിക്കലും തടസ്സമല്ലെന്ന് ശ്രീലാലിന്റെ ജീവിതം സാക്ഷ്യം പറയും. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ നിരാശരായി ജീവിക്കുന്നവർ ഈ മുപ്പത്തിനാലുകാരന്റെ ജീവിതം ഒരു പാഠപുസ്തകമാക്കണം.

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘സ്പ്രിങ്’ എന്ന സിനിമയുടെ സംവിധായകനും രചയിതാവുമായ ശ്രീലാൽ 80 ശതമാനം ശാരീരിക പരിമിതികളുള്ളയാളാണ്. കൈകൾ കുത്തിയാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും ശ്രീലാലിന്റെ ലക്ഷ്യബോധത്തെ തളർത്തുന്നില്ല.

sreelal-narayanan-2

‘‘എനിക്കിതൊന്നും ഒരു പരിമിതിയായി തോന്നുന്നില്ല. നിങ്ങളുടെ കോൾ വരുമ്പോൾ ഞാൻ കാറോടിക്കുകയായിരുന്നു. ഒതുക്കി നിർത്തിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്’’. – ശ്രീലാലിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.

‘‘കോളജിൽ പഠിക്കുമ്പോൾ നാടകങ്ങളൊക്കെ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് എഴുത്തിനോടായി താൽപര്യം. ഒരു ചർച്ചയ്ക്കിടെ, സംവിധായകരായ പ്രമോദ് പപ്പനിലെ പ്രമോദേട്ടനാണ് ‘നിനക്ക് ‌എഴുത്തിനൊപ്പം സംവിധാനം കൂടി വഴങ്ങും’ എന്ന് പറഞ്ഞത്. അതാണ് ആത്മവിശ്വാസം നൽകിയത്.

സലിം കുമാറേട്ടനാണ് എന്റെ പ്രചോദനം. ഞങ്ങൾ ഒരു നാട്ടുകാരാണ്. വളരെ അടുപ്പമുണ്ട്. കുടുംബവുമായും സൗഹൃദത്തിലാണ്. അദ്ദേഹത്തിന്റെ നിർദേശങ്ങളും പ്രോത്സാഹനവുമൊക്കെയാണ് വലിയ ഊർജമായത്’’. – ശ്രീലാൽ ‘വനിത ഓൺലൈനോട്’ പറയുന്നു.

എം.ബി.എ ബിരുദധാരിയായ ശ്രീലാൽ 6 വർഷമായി പരസ്യമേഖലയിൽ പണിയെടുക്കുകയാണ്. സ്വന്തം പരസ്യകമ്പനിക്കു വേണ്ടി ശ്രദ്ധേയമായ നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കി.

‘‘ഒരു സിനിമയുടെ തിരക്കഥ നേരത്തെ പൂർത്തിയാക്കിയിരുന്നു. അത് വലിയ സ്കെയിലില്‍ ചെയ്യേണ്ടതാണ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പിന്നീട് ചെയ്യാം എന്നു തീരുമാനിച്ചു. ശേഷമാണ്, ലോക്ക് ഡൗൺ കാലത്ത് ‘സ്പ്രിങ്’ എഴുതിയത്. ബാദുക്കയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടതോടെ പ്രൊജക്ട് ഓൺ ആയി. ബാദുക്കയുടെ പിന്തുണയാണ് പ്രധാനം’’. – ശ്രീലാൽ പറയുന്നു.

മാറ്റി നിർത്തപ്പെട്ടില്ല

ഒന്നര വയസ്സിന് ശേഷമാണ് പോളിയോ ബാധിച്ച് എന്റെ ശരീരത്തിന് പരിമിതികളുണ്ടായത്. എൺപത് ശതമാനം പ്രശ്നങ്ങളുണ്ട്. കൈകൾ കുത്തിയാണ് നടക്കുന്നത്. എന്നാൽ അതൊന്നും എന്റെ മനസ്സിനെ ബാധിച്ചിട്ടില്ല. വീടും നാടും സുഹൃത്തുക്കളുമൊക്കെ നൽകിയ പിന്തുണയാണ് എന്റെ അതിജീവനത്തിനുള്ള ഔഷധം. കുട്ടിക്കാലം മുതൽ എന്നെ പരിമിതികളുള്ള ഒരാളായി ആരും പരിഗണിച്ചിട്ടില്ല. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കാനുൾപ്പടെ ഞാനുമുണ്ടാകാറുണ്ട്. എവിടെയും മാറ്റി നിർത്തപ്പെട്ടില്ല. പഠനകാലത്തും ഒപ്പം നിൽക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടായി. അതിലൊരാളായ സുനിലാണ് ‘സ്പ്രിങ്’ ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

എം.ബി.എ കഴിഞ്ഞ് പരസ്യ മേഖലയിലേക്കെത്തി. ചേട്ടന്റെ സ്ഥാപനത്തിലാണ് തുടക്കം. പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങി. അതിനിടെ ‘നിഴൽ’, ‘കീ’ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു.

sreelal-narayanan-1

എറണാകുളം ജില്ലയിലെ നോർത്ത് പരവൂരാണ് ശ്രീലാലിന്റെ നാട്. നാരായണൻ – ശാന്ത ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയയാള്‍. ചേട്ടൻ – നിധിൻ, ചേച്ചി – നൈസ് മോൾ.

‘‘വീട്ടുകാരുടെ പിന്തുണ എടുത്തു പറയണം. നാലാം ക്ലാസ് വരെ അമ്മ എടുത്താണ് എന്നെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. അച്ഛൻ വില്ലേജ് ഓഫീസറായിരുന്നു. അദ്ദേഹവും എന്നെ ഒത്തിരി മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്’’.

ഒരു റൊമാന്റിക് ത്രില്ലറാണ് ‘സ്പ്രിങ്’. ആദിൽ, ആരാധ്യ, അരുന്ധതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയാണ് ചിത്രം നിർമിക്കുന്നത്.