Tuesday 10 May 2022 03:23 PM IST

സോഷ്യൽ മീഡിയയിലെ ‘പ്രാർഥനാ സംഘം’ അറിയാൻ: ശ്രീനിവാസനോട് ഇത് വേണമായിരുന്നോ ?

V.G. Nakul

Sub- Editor

sreenivasan-social-focus

രോഗക്കിടക്കിയിൽ നിന്നു ജീവിതത്തിലേക്കു തിരികെ വരികയാണ് ശ്രീനിവാസൻ. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും ചലച്ചിത്ര മേഖലയിൽ സജീവമാകട്ടേയെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്.

ആശുപത്രി വിട്ട് അദ്ദേഹം വീട്ടിലെത്തിയെന്നതും സാധാരണ നിലയിലേക്ക് തിരികെ വരുന്നുവെന്നതും ഏറെ ആശ്വാസം പകരുന്ന വിവരങ്ങളാണെങ്കിലും ആ പ്രതീക്ഷകൾക്കു മേൽ അനാവശ്യമായ പരുക്കുകളേൽപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലെ ‘പ്രാർഥനാ സംഘം’.

വീട്ടിൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധാപൂർണമായ പരിചരണത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. രോഗത്തിന്റെ അവശതകൾ ഒഴിഞ്ഞു പോയിട്ടില്ലാത്ത ശ്രീനിവാസനാണ് ചിത്രത്തിൽ. ഈ ചിത്രം നിരവധി സോഷ്യൽ മീഡിയ ഐഡികളിലും പേജുകളിലുമാണ് കുറഞ്ഞ സമയത്തിനുള്ളിൽ പങ്കുവയ്ക്കപ്പെട്ടത്.

ഈ ചിത്രം ലീക്കായത് ശ്രീനിവാസന്റെ പ്രിയപ്പെട്ടവർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വലിയ നൊമ്പരമായെന്നതിൽ തർക്കമില്ല.

ഒരാളുടെ സ്വകാര്യതയെയും അയാളുടെ ദുരിതത്തെയും പ്രദർശനവൽക്കരിക്കുന്നത് ഒരു സാംസ്ക്കാരിക സമൂഹത്തിന് യോജിച്ചതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ‘അല്ല’ എന്നു തന്നെയാണ് ഉത്തരം. പ്രത്യേകിച്ചും അവരുടെ അനുമതി ഇല്ലാതെയാണെങ്കിൽ. അടുത്തിടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദരാഞ്ജലികള്‍ തയാറാക്കിയതും മറ്റാരുമല്ല.

നേരത്തെയും ഇത്തരം ചർച്ചകൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. കിട്ടുന്നതൊക്കെ ഇടം വലം നോക്കാതെ ഫോർവേഡ് ചെയ്യപ്പെടുകയാണ്. അതുണ്ടാക്കുന്ന അനന്തരഫലങ്ങളോ അതിനാൽ വേദനക്കുന്നവരുടെ മാനസിക നിലയോ ഒന്നും ഇവർക്ക് പ്രശ്നമല്ല. വകതിരിവോടെ, കൃത്യമായ ധാരണയോടെ വേണം ഇത്തരം ഇടപെടലുകൾ. മറിച്ചൊന്ന് ചിന്തിച്ചാൽ, സങ്കടത്തിന്റെ കരിനിഴൽ പടർത്താമെന്നല്ലാതെ ഈ ഫോർവേഡ‍ുകൾ കൊണ്ട് എന്ത് ഗുണം ?