‘പുഷ്പ ടു’ സിനിമ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ്, അല്ലു അർജുന്റെ കടുത്ത ആരാധകൻ. പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ഡാൻസ് കളിക്കുന്ന ഒന്‍പതു വയസ്സുകാരന്‍ ശ്രീതേജിന്റെ നൊമ്പരപ്പെടുത്തുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ശ്രീതേജ് എന്ന കുട്ടി ആരാധകന്റെ നിര്‍ബന്ധം കൊണ്ടാണ് റിലീസ് ദിവസം തന്നെ കുടുംബം ഒന്നാകെ സന്ധ്യാ തിയറ്ററിൽ പ്രിമിയർ ഷോ കാണാനെത്തിയത്.
മാതാപിതാക്കളായ ഭാസ്‌ക്കറിനും രേവതിക്കും പുറമെ സഹോദരി ഏഴു വയസ്സുകാരി സാന്‍വികയും ശ്രീതേജിനൊപ്പം തിയറ്ററിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടു രേവതി മരിച്ചത്. പുഷ്പ സിനിമയോടുള്ള ആരാധന കാരണം തേജിനെ കൂട്ടുകാര്‍ ‘പുഷ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്.
പ്രീമിയര്‍ ഷോയ്ക്കിടെ അപ്രതീക്ഷിതമായാണ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. താരങ്ങള്‍ തിയറ്ററിലെത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു.