Saturday 27 February 2021 03:10 PM IST

ടെസ്റ്റ് നടത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, വണ്ണം കുറയ്ക്കലാണ് ഏകവഴി! 68 ൽ നിന്ന് 55 ലേക്ക് ശ്രീയ എത്തിയത് ഇങ്ങനെ

V.G. Nakul

Sub- Editor

sr1

വിവാഹ ശേഷം കലാരംഗത്തു നിന്നു വിരമിക്കുന്ന നടിമാരാണ് കൂടുതൽ. എന്നാൽ വിവാഹ ശേഷം സീരിയലിലും സിനിമയിലുമാക്കെ സജീവമായ ഒരു നടിയുണ്ട്. ശ്രീയ രമേഷ്. ജനപ്രീതി നേടിയ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലുമായി ശ്രീയ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചു. കലാപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് സിനിമയോളം വളർന്ന കഥയാണ് ശ്രീയയുടേത്. മാവേലിക്കര സ്വദേശി ശ്രീയ വിവാഹത്തോടെ പ്രവാസിയായി. അതുവരെ അഭിനയ മോഹങ്ങൾ ഇല്ലാതിരുന്ന ശ്രീയയെ വിവാഹ ശേഷം ഭർത്താവാണ് അഭിനയ രംഗത്തേക്കു കടക്കാൻ പ്രേരിപ്പിച്ചത്. സീരിയലിലായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് ശ്രീയ.

‘ഒപ്പം’, ‘ലൂസിഫർ’, ‘ഒടിയൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രീയ തിളങ്ങി. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചില പുതിയ ചിത്രങ്ങളാണ് ഇതിനോടകം ശ്രദ്ധേയമായിരിക്കുന്നത്. പുത്തൻ ഗെറ്റപ്പില്‍ വൻ മേക്കോവറിലാണ് ഇപ്പോൾ ശ്രീയ.

sr4

‘‘ലോക്ക്ഡൗൺ സമയത്ത് തടി കൂടി. ശരീര ഭാരം 68 കിലോ വരെ എത്തി. വർക്കിന്റെ തിരക്കില്ല, എപ്പോഴും വീട്ടിലാണ്. അപ്പോൾ പാചക പരീക്ഷണങ്ങളും ഭക്ഷണം കഴിക്കുന്നതും കൂടി. ഒരു ഘട്ടം കടന്നപ്പോള്‍ എനിക്കു തോന്നി, ഇത് നിയന്ത്രിക്കണം എന്ന്. ഡ്രസുകൾ പോലും ചേരാത്ത അവസ്ഥയിൽ എത്തി. പേടി തോന്നി. ഒരു പരിധിയ്ക്കപ്പുറം വണ്ണം കൂടിയാൽ അത് കുറയ്ക്കാൻ പാടാണ്. ഒരു കിലോ കുറയ്ക്കാൻ ശ്രമിച്ചിട്ടു സാധിക്കുന്നില്ല. പണ്ടൊക്കെ വണ്ണം വച്ചാലും അതെന്റെ നിയന്ത്രണത്തിലായിരുന്നു. ലോക്ക്ഡൗൺ കാലത്തെ അലസത അതിനെ മാറ്റി മറിച്ചു എന്നും പറയാം. ഇനിയിത് കുറയില്ലേ എന്ന പേടിയായി. അതോടെ മാറാൻ കഠിനമായി ശ്രമിച്ചു തുടങ്ങി. രാവിലെ 5 മണിക്ക് എഴുന്നേറ്റു തുടങ്ങി. മെഡിറ്റേഷൻ ശീലമാക്കി. ട്രെഡ്മില്ലിൽ നടപ്പ് പതിവാക്കി. ഫുഡ് നിയന്ത്രിച്ചു. ആവശ്യമില്ലാതെ ഭക്ഷണം കഴിക്കുന്ന ദുശീലം മാറ്റി. ബ്രേക്ക് ഫാസ്റ്റ് പഴങ്ങൾ മാത്രമായി. അങ്ങനെ പതിയെപ്പതിയെ തടി കുറയാൻ തുടങ്ങി. എന്നു കരുതി കഠിനമായ ഡയറ്റൊന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യം ഭക്ഷണം എല്ലാം ആസ്വദിച്ചു കഴിക്കാറുണ്ട്. പക്ഷേ, അത് വളരെ നിയന്ത്രണത്തോടെയായിരുന്നു. ഇപ്പോൾ 68 ൽ നിന്ന് 55 ൽ എത്തി. 10 കിലോയിൽ കൂടുതൽ കുറഞ്ഞു’’. – ശ്രീയ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

sr6

വെയിറ്റ് കുറയ്ക്കുന്നതാകും നല്ലത്, വേറെ ഒരു വഴിയുമില്ല...

വണ്ണം കൂടിയപ്പോൾ ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. കടുത്ത ശരീരവേദനയായിരുന്നു. ടെസ്റ്റുകൾ നടത്തിയപ്പോൾ ഒരു പ്രശ്നവുമില്ല. വെയിറ്റ് കുറയ്ക്കുന്നതാകും നല്ലത്, വേറെ ഒരു വഴിയുമില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പേടിയായി. അതോടെ വണ്ണം കുറയ്ക്കണമെന്നത് അത്യാവശ്യമായി.

ഇപ്പോൾ ഒരു തെലുങ്ക് പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അവിടെയുള്ളപ്പോൾ പതിനഞ്ച് ദിവസത്തോളം വെജിറ്റേറിയന്‍ മാത്രമാണ് കഴിച്ചത്. തിരിച്ചു വന്നാണ് വീണ്ടും നോൺ വെജ് കഴിച്ചത്.

sr3

നീന്തലും നടപ്പുമായിരുന്നു പ്രധാന വർക്കൗട്ട്. ഒപ്പം വീട്ടിലെ എല്ലാ ജോലികളും ഞാൻ സ്വയം ചെയ്യാൻ തുടങ്ങി. അതും ഒരു പ്രധാന വ്യായാമമാണ്. എന്റെ അനുഭവത്തിൽ നിന്നു മനസ്സിലായതാണ്. എല്ലാത്തിനും ഒരു നിയന്ത്രണം വേണം എന്നേയുള്ളു. ശരീരത്തിനൊപ്പം മനസ്സും പ്രധാനമാണ്. മനസ്സിനെയും എപ്പോഴും സന്തോഷത്തോടെ നിലനിർത്താൻ ശ്രദ്ധിക്കണം.

നേരത്തേ, ഭക്ഷണം കഴിച്ച ശേഷം ഉച്ചയ്ക്ക് ഞാൻ ഉറങ്ങുമായിരുന്നു. ഇപ്പോൾ അത് പൂർണമായും ഒഴിവാക്കി. ക്ഷീണം തോന്നുന്നെങ്കിൽ കുറച്ച് സമയം ഇരിക്കും. അത്രേയുള്ളൂ.

കുടുംബം തന്നെ വലുത്

ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല. സിനിമയാണ് പ്രധാനം. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. അപ്പോൾ ഡേറ്റ് ക്ലാഷാവാതിരിക്കാൻ സീരിയലിൽ നിന്നു മാറി നിൽക്കുകയാണ്. സീരിയലിൽ ശ്രദ്ധേയമായ വേഷങ്ങൾ കിട്ടിയാൽ മാത്രം ഇനി അഭിനയിക്കും. ഒപ്പം കുടുംബ കാര്യങ്ങളുണ്ട്. വീട്ടിലെയും  കുട്ടികളുടെയും കാര്യങ്ങളെല്ലാം ചെയ്ത്, തയാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനായി പോകുക. അമ്മയെന്ന നിലയിൽ ഒരു കോംപ്രമൈസിനും തയാറല്ല. ഭർ‌ത്താവ് രമേഷ് നായർ ഒമാനിലാണ്. മക്കൾ അദ്രജയും അദ്രിതും. 

sr5