ശ്രുതി രജനീകാന്തിനെ അറിയുമോ ? ആലോചിക്കേണ്ടേണ്ട, ‘ചക്കപ്പഴ’ത്തിലെ പൈങ്കിളിയെക്കുറിച്ചാണ് ചോദിച്ചത്. ഇപ്പോൾ മനസ്സിൽ തെളിയുന്ന ഒരു ചിരിനിറഞ്ഞ മുഖമില്ലേ... ആ ചിരിയാണ് ശ്രുതി രജനീകാന്തിനെ മലയാളി കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
അൽപ്പം ബഹളവും അലസതയും മണ്ടത്തരങ്ങളുമൊക്കെയായി ‘ചക്കകുഴഞ്ഞതു പോലെയുള്ള കുടുംബ’ത്തില്‍ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തുന്ന പൈങ്കിളിയെന്ന ശ്രുതിക്ക് സീരിയലും അഭിനയവും പുതിയ മേഖലകളല്ല. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ‘മാനസപുത്രി’ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ‘ആൺകുട്ടിയായാ’ണ് ശ്രുതി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് പല കാലഘട്ടങ്ങളിലായി നാലോളം സീരിയലുകളിലും കുറച്ചു സിനിമകളിലും ഈ അമ്പലപ്പുഴക്കാരി വേഷമിട്ടു. അതിനിടെ പത്രപ്രവർത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടി. പുരസ്കാരങ്ങൾ വാരിയ രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ സംവിധായികയുമായി. ‘വാരിയെല്ല്’, ‘തെളി’, തമിഴിലൊരുക്കിയ ‘നെഗിളിനോയ്’ എന്നിവയാണ് ശ്രുതി സംവിധായികയായ ഷോർട്ട് ഫിലിമുകൾ.
ശ്രുതി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈ’നിൽ മനസ്സ് തുറക്കുന്നു.

രജനീകാന്തിന്റെ മകൾ
അമ്പലപ്പുഴയാണ് എന്റെ നാട്. അച്ഛൻ രജനീകാന്ത് കേബിൾ ഓപ്പറേറ്ററാണ്. അച്ഛന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. അപ്പൂപ്പൻ കർണാടകയിലോ തമിഴ്നാട്ടിലോ ജോലി ചെയ്തിരുന്ന കാലത്ത് കിട്ടിയ പേരാണ് രജനീകാന്ത്. സത്യത്തിൽ നടൻ രജനീകാന്ത് സിനിമയിലേക്ക് വന്ന് സജീവമാകുന്നതിന് മുമ്പേയാണ് അപ്പൂപ്പൻ ഈ പേര് അച്ഛന് വേണ്ടി കണ്ടെത്തിയത്. പലരും കരുതുന്നത് തിരിച്ചാണ്. അമ്മ ലേഖ ബ്യൂട്ടീഷ്യനാണ്. അനിയൻ സംഗീത് പഠിക്കുന്നു.
പഠിക്കുന്ന കാലത്ത് എന്റെ പേര് കൂട്ടുകാർക്കൊക്കെ വലിയ കൗതുകമായിരുന്നു. മുഴുവൻ പേര് പറഞ്ഞാൽ ആരും പിന്നീട് എന്നെ മറക്കാറില്ല. ഇപ്പോ അതൊക്കെ മാറി ‘പൈങ്കിളി’ ആയി. കോളജിൽ ഒപ്പം പഠിച്ചവരൊക്കെ പൈങ്കിളി, പൈങ്കു, കിളി എന്നൊക്കെ വിളിക്കാൻ തുടങ്ങി.
അഭിനയം പാഷനാണ്
ആലപ്പുഴയിലായിരുന്നു സ്കൂൾ പഠനം. ഡിഗ്രിക്ക് ജേണലിസമാണ് പഠിച്ചത്. പിന്നീട് മാസ് കമ്യൂണിക്കേഷനിൽ പി.ജി. ഇടയ്ക്ക് ഏവിയേഷൻ ക്രാഷ് കോഴ്സ് ചെയ്തു.
പഠിച്ചത് ജേണലിസമാണെങ്കിലും എവിടെയും അതുമായി ബന്ധപ്പെട്ട് ഇതുവരെ ജോലി ചെയ്തിട്ടില്ല. പ്രൊഫഷനിൽ എനിക്ക് കൂടുതൽ താൽപര്യം അധ്യാപനമാണ്. അഭിനയം എന്റെ പാഷനാണ്.
പ്ലസ് ടൂ വരെയും എനിക്ക് പ്രൊഫഷനെക്കുറിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽ അഭിനയിക്കുന്നതിനാൽ അത്തരത്തിൽ മുന്നോട്ടു പോകാം എന്നായിരുന്നു. ഒപ്പം പഠിക്കുന്നവരും അതാണ് എന്റെ കരിയർ എന്ന രീതിയിൽ സംസാരിക്കുമായിരുന്നു.
പിന്നീട് മാസ് കമ്യൂണിക്കേഷനെക്കുറിച്ച് വിശദമായി അറിഞ്ഞപ്പോൾ എന്റെ ശൈലിയോട് ചേർന്നു നിൽക്കുന്നതായി തോന്നി. അങ്ങനെയാണ് ജേണലിസം പഠിക്കാൻ തീരുമാനിച്ചത്.

തുടക്കം ആൺവേഷത്തിൽ
ബാലനടിയായാണ് എന്റെ തുടക്കം. 4 സീരിയലുകളിൽ അഭിനയിച്ചു. ‘മാനസപുത്രി’, ‘എട്ടു സുന്ദരികളും ഞാനും’, ‘കൽക്കത്താ ഹോസ്പിറ്റൽ’, ‘സുന്ദരി സുന്ദരി’. ‘മാനസപുത്രിയിൽ’ കണ്ണൻ എന്ന ആണ്‍ വേഷത്തിലായിരുന്നു. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അതിനു ശേഷം പ്ലസ് ടൂ കഴിഞ്ഞ് സിനിമയ്ക്ക് ശ്രമിച്ചു. കുറേ ഓഡിഷനുകളിലൊക്കെ പങ്കെടുത്തു. ആ സമയത്ത് സീരിയലുകളില്‍ അവസരം വന്നെങ്കിലും സിനിമയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് ബാലചന്ദ്ര മേനോൻ സാറിന്റെ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായത്. അതിനു ശേഷം ഒരു തമിഴ് സിനിമയും മലയാള സിനിമയും ചെയ്തെങ്കിലും ഭേദപ്പെട്ട റോൾ കിട്ടിയത് ആർ.ജെ മാത്തുക്കുട്ടിച്ചേട്ടന്റെ ‘കുഞ്ഞെൽദോ’യിലാണ്. അതിലേക്കെത്താൻ 6 വർഷത്തെ സ്ട്രഗ്ൾ ഉണ്ടായിരുന്നു.
മോഡലിങ്ങിൽ സജീവമായപ്പോഴാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റഗ്രാമിൽ എന്റെ ചിത്രങ്ങൾ കണ്ടാണ് ‘ചക്കപ്പഴ’ത്തിലേക്ക് അവസരം കിട്ടിയത്. ഉണ്ണി സാറിന്റെ പരമ്പരയാണെന്ന് അറിഞ്ഞപ്പോൾ ഓക്കെ പറഞ്ഞു. അടുത്തറിയുന്നവർക്ക് മുന്നിൽ ഞാന്‍ പൈങ്കിളിയാണ്. പക്ഷേ മറ്റുള്ളവരോട് അൽപ്പം സീരിയസാണ് കേട്ടോ...
അച്ഛന്റെ ആഗ്രഹം
അച്ഛനാണ് ഞാൻ അഭിനയരംഗത്തേക്ക് വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. അച്ഛന് സിനിമയും അഭിനയവും ഒക്കെ വലിയ ഇഷ്ടമാണ്. ‘കന’ എന്ന സിനിമയിൽ ‘ഞാൻ ക്രിക്കറ്റ് കാണുന്നത് അച്ഛന്റെ കണ്ണുകളിലാണ്’ എന്ന് നായിക പറയും പോലെ, ഞാൻ സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അച്ഛന്റെ കണ്ണുകളിലൂടെയാണ്. കുട്ടിക്കാലത്ത് എന്നെ ലൊക്കേഷനിലേക്ക് കൊണ്ടുപോയിരുന്നത് അച്ഛനാണ്. ‘മാനസപുത്രി’യിൽ എന്റെ ഓട്ടോമാമനായി അച്ഛൻ അഭിനയിച്ചിട്ടുണ്ട്.
കുടുംബത്തില്‍ എല്ലാവരും ഞാൻ അഭിനയത്തില്‍ സജീവമാകുന്നതിൽ വലിയ സന്തോഷത്തിലാണ്. എനിക്ക് അവസരങ്ങൾ കിട്ടാൻ വേണ്ടി അവരൊക്കെ പ്രാർഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്തത് ചില്ലറയൊന്നുമല്ല.

പ്രണയം
പ്രണയമുണ്ടായിരുന്നു. 5 വർഷത്തെ റിലേഷന്‍. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ, പരസ്പര ധാരണയോടെ പിരിഞ്ഞു. ‘ചില സാങ്കേതിക തകരാറുകള്‍’ കാരണം എന്നും പറയാം. ഇപ്പോൾ വീട്ടിൽ വിവാഹ ആലോചനകൾ സജീവമാണ്.