Tuesday 29 December 2020 03:33 PM IST

വിണ്ണിലേക്കു മടങ്ങിയ നക്ഷത്രങ്ങൾ! ഞെട്ടിപ്പിക്കുന്ന വിടവാങ്ങലുകളുടെ 2020

V.G. Nakul

Sub- Editor

2020new

2020 പടിയിറങ്ങുമ്പോൾ മറ്റെല്ലാ മേഖലയിലുമെന്ന പോലെ സിനിമാ രംഗത്തും നഷ്ടങ്ങളും ആശങ്കകളും മാത്രമാണ് ബാക്കിയാകുന്നത്. ലോകത്തെയാകെ ഞെരുക്കിയ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കടുപ്പം വിനോദ വ്യവസായത്തെയും തകർത്തു. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് പ്രതിഭാധനരായ ഒരുകൂട്ടം ചലച്ചിത്ര പ്രവർത്തകർ മരണത്തിന്റെ തണുപ്പിലേക്കു കടന്നു പോയ വർഷം കൂടിയാണ് ലോകമാകെ പ്രതീക്ഷയോടെ വരവേറ്റ 2020. ഇർഫാൻ ഖാൻ, സുശാന്ത് സിങ് രജ്പുത്, എം.കെ അർജുനൻ, ചിരഞ്ജീവി സർജ, സച്ചി, എസ്.പി ബാലസുബ്രഹ്മണ്യം, ഋഷി കപൂർ, ശശി കലിംഗ, ആസിഫ് ബസ്ര തുടങ്ങി അനിൽ നെടുമങ്ങാടും ഷാനവാസ് നരണിപ്പുഴയും ഒടുവിൽ അരുണ്‍ അലക്സാണ്ടറും വരെ ആ നഷ്ടത്തിന്റെ ആഴം കൂട്ടുന്നു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ ജീവൻ നഷ്ടമായവരും കോവിഡ് 19 പ്രതിസന്ധികളിൽ തളർന്ന് ആത്മഹത്യ ചെയ്തവരും വേറെ. ഇതിൽ അപ്രതീക്ഷിതമെന്നോ ഞെട്ടിപ്പിക്കുന്നതെന്നോ വിശേഷിപ്പിക്കാവുന്ന വിടവാങ്ങലുകള്‍ ഏറെ...

ഇന്ത്യൻ സിനിമയിലെ ലോകനടൻ

രോഗകാലത്തിന്റെ കഠിനവേനലുകൾ പിന്നിട്ട് ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് മടങ്ങി വരുന്നു എന്ന പ്രതീക്ഷ നൽകിയ ശേഷമാണ് ഇർഫാൻ ഖാൻ എന്ന നടനവിസ്മയം ഒരു നൊമ്പരപ്പൂവായത്.

വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന താരം തന്റെ 54–ാം വയസ്സിൽ, കഴിഞ്ഞ ഏപ്രിലിലാണ് മരണത്തിനൊപ്പം മറഞ്ഞത്.

irfan-new

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അഭിനയരംഗത്ത് വീണ്ടും സജീവമായി. പക്ഷേ, രോഗം വീണ്ടും വില്ലനായി.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇർഫാന്‍ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി, മുബൈയിലെത്തി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ ‘സലാം ബോംബെ’യാണ് ആദ്യ ചിത്രം. 2013 ൽ ‘പാൻസിങ് തോമറി’ലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മറ്റ് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ‘അമേസിങ് സ്പൈഡർമാൻ’, ‘ജുറാസിക് വേൾഡ്’, ‘ലൈഫ് ഓഫ് പൈ’ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ.

ഇർഫാന്റെ മരണത്തിന് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടത്. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. ഒടുവിൽ അമ്മയുടെ അടുത്തേക്ക് ഇർഫാനും പോയി...

ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ‘ദി സോങ് ഓഫ് സ്‌കോര്‍പിയൻസ്’ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു.

2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് സിങ് ആണ് സംവിധായകന്‍.

വിഷാദം കവർന്ന പ്രതിഭ

ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കുവാനാകാത്ത സത്യമാണ് സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ. ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച മരണം. വിഷാദ രോഗത്തെത്തുടർന്ന് സുശാന്ത് ആതമഹത്യയിൽ അഭയം തേടിയപ്പോള്‍ ബൈളിവുഡ് പ്രതിസ്ഥാനത്തായി. ഒരിക്കലും മായാത്ത നാണക്കേടിലേക്കാണ് സുശാന്തിന്റെ മരണം ബി ടൗണിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമയിലെ വലിയ പേരുകൾ പലതും സംശയത്തിന്റെ പട്ടികയിലെത്തി. പലരും ചോദ്യം ചെയ്യപ്പെട്ടു. ഹിന്ദി സിനിമയിലെ ലഹരിമാഫിയയും നെപ്പോട്ടിസവും ചർച്ചയായി.

അവഗണനയും മാനസിക പ്രയാസങ്ങളും താങ്ങാനാകാതെ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച്, കഴിഞ്ഞ ജൂണിൽ, മുപ്പത്തി നാലാം വയസ്സിൽ സുശാന്ത് പോയത്.

മുംബൈയിലെ വസതിയില്‍ സുശാന്ത് തൂങ്ങിമരിക്കുകയായിരുന്നു. തന്റെ മുന്‍മാനേജര്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്കുള്ളിലായിരുന്നു സുശാന്തും ജീവനൊടുക്കിയത്.

sushanth-new

‘എം.എസ് ധോണി: അണ്‍ടോള്‍ഡ് സ്റ്റോറി’യിലൂടെ ബോളിവുഡിലെ പുത്തൻ താരോദയമായ സുശാന്ത് 2013ൽ ഇറങ്ങിയ ആദ്യ ചിത്രമായ‘കൈ പോ ചെ’യിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസി’ലും ശ്രദ്ധിക്കപ്പെട്ടു. ‘പി.കെ’, ‘കേദാര്‍നാഥ്’, ‘വെല്‍കം ടു ന്യൂയോര്‍ക്’ തുടങ്ങിയ സിനിമകളിലും തിളങ്ങി.

നല്ലൊരു ഡാൻസർ കൂടിയായിരുന്നു സുശാന്ത്. ഡാൻസ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്.

സുശാന്തിന്റെ മരണത്തെത്തുടർന്ന്, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ അഞ്ചിലധികം ആരാധകരാണ് ആത്മഹത്യ ചെയ്തത്.

സുശാന്തിന്റെ മരണ ശേഷം ഒടിടി റിലീസായി എത്തിയ അദ്ദേഹത്തിന്റെ ‘ദിൽ ബച്ചാരോ’യും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

മകനെ കാണാതെ മടക്കം

കന്നഡ സിനിമയിലെ യങ് സൂപ്പർസ്റ്റാറായിരുന്ന ചിരഞ്ജീവി സർജയെ മലയാളികൾക്ക് കൂടുതൽ പരിചയം നടി മേഘ്ന രാജിന്റെ ജീവിത പങ്കാളിയായാണ്. 39–ാം വയസ്സിൽ, കഴിഞ്ഞ ജൂണിൽ ചിരുവിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മേഘ്ന 4 മാസം ഗർഭിണിയായിരുന്നു.

2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം. ‘ആട്ടഗര’ എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കന്നഡയിലെ വലിയ സിനിമാ കുടുംബത്തിലെ അംഗമാണ് ചിരു. തെന്നിന്ത്യൻ ആക്ഷന്‍ കിങ് അർജുൻ സർജ താരത്തിന്റെ അമ്മാവനും കന്നഡയിലെ സൂപ്പർതാരം ധ്രുവ് സർജ അനിയനുമാണ്.

chiru-new

2009 ൽ ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ‘സീസർ’, ‘സിംഗ’, ‘അമ്മ ഐ ലവ് യു’ ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ അഞ്ചോളം ചിത്രങ്ങൾ റിലീസിനൊരുങ്ങിയിരിക്കുന്നു.

ചിരുവിന്റെ മരണം സൃഷ്ടിച്ച ഞെട്ടൽ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും വിട്ടു പോയിട്ടില്ല. ചിരുവിന്റെ മരണ ശേഷം മേഘ്ന ഒരു ആൺകുഞ്ഞിന് ജൻമം നൽകി.

നികത്താനാകാത്ത നഷ്ടം

പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കവേയാണ് ഹൃദയാഘാതം സച്ചിയെ കാണാമറയത്തേക്കു കൊണ്ടുപോയത്. 48 വയസ്സായിരുന്നു.

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ പുതുക്കിയെടുത്ത പുതുതലമുറക്കാരിൽ ആദ്യ പേരുകളിലൊരാളാണ് സച്ചി.

മലയാള സിനിമയിലെ വൻ ഹിറ്റുകളായ ‘അനാർക്കലി’യും ‘അയ്യപ്പനും കോശിയു’മാണ് സച്ചി സംവിധാനം ചെയ്ത ചിത്രങ്ങൾ. ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി സച്ചിയെന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പ്രതിഭ മനസ്സിലാക്കാൻ.

സുഹൃത്തായ സേതുവുമായി ചേർന്ന് എഴുതിയ ‘ചോക്‌ലേറ്റ്’ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് ‘റോബിൻഹുഡ്’, ‘മേക്കപ്പ്മാൻ’, ‘സീനിയേഴ്സ്’,‘ഡബിൾസ്’ എന്നീ സിനിമകള്‍ ഈ കൂട്ടുകെട്ടിൽ തിരക്കഥയായി. ജോഷി സംവിധാനം ചെയ്ത ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥ. ‘ചേട്ടായീസ്’, ‘അനാർക്കലി’, ‘രാമലീല’, ‘ഷെർലക് ടോംസ്’ എന്നിവയാണു മറ്റു തിരക്കഥകൾ.

sachy-new

13 വർഷമായി മലയാള സിനിമയിൽ സജീവമായിരുന്ന സച്ചി ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു സിനിമയിലെത്തിയത്. ഒടുവിൽ അയ്യപ്പനും കോശിയും എന്ന വൻ ഹിറ്റിന്റെ പ്രഭാവത്തില്‍ നിൽക്കേ, പറയാൻ കടലോളം കഥകൾ ബാക്കി വച്ച്, കഴിഞ്ഞ ജൂണിൽ ആ ജീവിതത്തിന്റെ തിരശീല വീണു.

അനിൽ എന്ന നൊമ്പരം

ദിവസങ്ങൾക്കു മുമ്പാണ് നടന്‍ അനിൽ നെടുമങ്ങാട് മരണത്തിന്റെ ആഴങ്ങളിലേക്കിറങ്ങിപ്പോയത്. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു.

‘കമ്മട്ടിപ്പാടം’, ‘അയ്യപ്പനും കോശിയും’, ‘പൊറിഞ്ചു മറിയം ജോസ്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നീ ചിത്രങ്ങളിലൂടെ വൈകിയെങ്കിലും മലയാള സിനിമയുടെ മുഖ്യധാരയില്‍ സജീവമാകവേയാണ് മരണത്തിന്റെ തണുപ്പ് അനിലിനെ പൊതിഞ്ഞത്.

anil-new

‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു...

നാടകരംഗത്തു നിന്നാണ് അനിലിന്റെ വരവ്. സിനിമയില്‍ വർഷങ്ങളോളം ഭാഗ്യപരീക്ഷണം തുടർന്ന അദ്ദേഹത്തിന്റെ തലവര മാറ്റിയത് ‘അയ്യപ്പനും കോശിയു’മാണ്. പക്ഷേ, തന്റെ പ്രതിഭയെ അതിന്റെ പൂർണതയിലവതരിപ്പിക്കാനാകുന്ന കഥാപാത്രങ്ങൾ തേടിവരും മുമ്പേ അനിൽ പോയി...

മലയാളം മിനിസ്ക്രീൻ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടൻ ശബരീനാഥ്, സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഷാനവാസ് നരണിപ്പുഴ, നടൻ അനിൽ മുരളി, രവി വള്ളത്തോൾ, തമിഴ് സീരിയൽ താരം വി.ജെ ചിത്ര, തമിഴ് നടൻ അരുണ്‍ അലക്സാണ്ടർ, നിവിൻ പോളിയുടെ മേക്കപ്പ് സഹായി ഷാബു പുൽപ്പള്ളി തുടങ്ങിയവരും ഈ വർഷത്തിന്റെ അകാല നഷ്ടങ്ങളാണ്....വിട പ്രിയപ്പെട്ടവരേ...