Thursday 12 November 2020 11:12 AM IST

കൊതിപ്പിക്കുന്ന ചോറിനോടും ചമ്മന്തിയോടും ഒരു വര്‍ഷം 'പിണങ്ങിയിരുന്നു'; 74 ല്‍ നിന്നും 55 ലേക്ക് പുഷ്പം പോലെ എത്തിയ സുബി സുരേഷ്

V.G. Nakul

Sub- Editor

Subi-suresh-1

സുബി സുരേഷിന് ആമുഖങ്ങള്‍ ആവശ്യമില്ല. മലയാളത്തിന്റെ ചിരിയഴകായി, ചിരിപ്പിച്ചും രസിപ്പിച്ചും പതിറ്റാണ്ടുകളായി സുബി പ്രേക്ഷകര്‍ക്കു മുന്നിലുണ്ട്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറസാന്നിധ്യം. എന്നാല്‍ ഇക്കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലം മുതല്‍ സുബി ജീവിതത്തിന്റെ സ്ഥിരം സ്‌റ്റൈല്‍ ഒന്നു മാറ്റിപ്പിടിച്ചിരിക്കുകയാണ്. കര്‍മമേഖലയിലും ജീവിത രീതിയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്ന് സുബി പറയുന്നു. സ്വന്തം യൂ ട്യൂബ് ചാനലും, കൃഷിയും, ഡയറ്റുമൊക്കെയായി വീണ്ടും തിരക്കിന്റെ ദിവസങ്ങള്‍...സുബി വനിത ഓണ്‍ലൈനില്‍ മനസ്സ് തുറക്കുന്നു, ഈ മാറ്റങ്ങളെക്കുറിച്ച്....

വീട്ടുകാരും കൂട്ടുകാരും കട്ടയ്ക്ക് കൂടെയുണ്ട് 

എല്ലാക്കാര്യത്തിലും കുറച്ച് പേടി കൂടുതലുള്ള ആളാണ് ഞാന്‍. അതേ പേടി യൂ ട്യൂബ് ചാനല്‍ തുടങ്ങുന്നതിലും എനിക്കുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാലം വരെ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. പെട്ടെന്ന് അതില്‍ നിന്നൊക്കെ ഒരു നീണ്ട ഇടവേളയിലേക്കു പോയപ്പോള്‍ ആദ്യമൊക്കെ നല്ല രസമായിരുന്നു. മാനസികമായി ഒരു വെക്കേഷന്‍ മൂഡിലായിരുന്നു. പ്രത്യേകിച്ചും എനിക്ക് വീട്ടില്‍ ഇരിക്കാന്‍ വലിയ ഇഷ്ടമാണ്. പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ബോറടിക്കാന്‍ തുടങ്ങി. ഒപ്പം ആശങ്കകളും തോന്നിത്തുടങ്ങി. ഇനി എല്ലാം പഴയതു പോലെയാകുമോ എന്നൊക്കെ ചിന്തിച്ചിരിക്കുന്ന സമയത്താണ് എന്റെ ബന്ധുവായ പ്രശാന്ത് പരവൂരും എന്റെ അമ്മയും തമ്മില്‍ സംസാരിക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ എന്ന ആശയം സജീവമായത്. പല പ്രശസ്തരുടെയും ചാനലുകള്‍ പ്രശാന്താണ് മാനേജ് ചെയ്യുന്നത്. അങ്ങനെ അവനും അമ്മയും തന്ന ധൈര്യത്തിലാണ് സുബി സുരേഷ് ഓഫീഷ്യല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഒരു ദിവസം അവന്‍ ക്യാമറയും കൊണ്ട് വന്ന് എന്റെ ഒരു ഇന്റര്‍വ്യൂ പോലെ ആദ്യത്തെ ഭാഗം ഷൂട്ട് ചെയ്തതോടെ സംഗതി ഉഷാര്‍. ഇപ്പോള്‍ ഒരു മാസത്തിനിടെ ഇതുപതോളം വിഡിയോസ് ഇട്ടു. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീട്ടുകാരും പ്രശാന്തും കട്ടയ്ക്ക് കൂടെ നില്‍ക്കുകയാണ്. 

ചാനല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഫോക്കസ് ചെയ്യണ്ട എന്നാണ് തീരുമാനം. ട്രാവല്‍, ഫൂഡ്, ഫാഷന്‍, ഡയറ്റ്, ചാറ്റ്, ലൈഫ് എക്‌സ്പീരിയന്‍സ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ എന്റെ രീതിയില്‍ അവതരിപ്പിക്കാനാണ് പ്ലാന്‍.

subi-suresh-3

കൊതിപ്പിക്കുന്നത് ത്യജിച്ച് ഒരു ഡയറ്റ് 

ലോക്ക് ഡൗണിന് മുമ്പേ ഞാന്‍ ഡയറ്റ് തുടങ്ങിയിരുന്നു. സ്വയം തിരഞ്ഞെടുത്ത ഡയറ്റ് പ്ലാന്‍ ആണ് ഫോളോ ചെയ്യുന്നത്. ഫുഡ് കണ്‍ട്രോളിനൊപ്പം വര്‍ക്കൗട്ടും ഉണ്ട്. നേരത്തേ ജിമ്മില്‍ പോയിരുന്നു. ലോക്ക് ഡൗണ്‍ ആയപ്പോള്‍ അതു മുടങ്ങി. പകരം ഓടാന്‍ തുടങ്ങി. ട്രെഡ് മില്ലില്‍ കയറാന്‍ പേടിയായതിനാല്‍, ജിമ്മിലേക്കും ഞാന്‍ രണ്ടു കിലോമീറ്ററോളം നടന്നാണ് പോയിരുന്നത്. തിരിച്ചു വീട്ടിലേക്കും നടക്കും. 

ലോക്ക് ഡൗണ്‍ ആയപ്പോള്‍ ജീവിത ക്രമത്തിലും മാറ്റം വന്നു. രാവിലെ നേരത്തേ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ദിവസേന മൂന്നര ലിറ്ററോളം ഇളം ചൂടു വെള്ളം കുടിക്കാന്‍ തുടങ്ങി. ഞാന്‍ പൊതുവേ ബ്രഞ്ചിന്റെ ആളാണ്. ആഹാരത്തില്‍ എന്നെ ആകെ കൊതിപ്പിക്കുന്നത് ചോറും ചമ്മന്തിയും മോര് കാച്ചിയതുമൊക്കെയാണ്. നോ്ണ്‍ വെജ് ഉള്‍പ്പടെയുള്ള മറ്റൊരു ഭക്ഷണത്തോടും എനിക്ക് വലിയ താല്‍പര്യമില്ല. പ്രൊഗ്രാമൊക്കെ കഴിഞ്ഞ് എത്ര വൈകി വന്നാലും അമ്മ എനിക്ക് ചോറ് എടുത്ത് വച്ചിട്ടുണ്ടാകും. പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കാറാണ് പതിവ്. തടി കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ ചോറാണ് പ്രശ്‌നമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ, സങ്കടത്തോടെയാണെങ്കിലും കുറച്ചു കാലത്തേക്ക് ചോറ് ഒഴിവാക്കി. ഓട്‌സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. ഒപ്പം വര്‍ക്കൗട്ടും കൂടിയായപ്പോള്‍ ഞാന്‍ ഒരു വര്‍ഷം കൊണ്ട് 74 ല്‍ നിന്ന് 55 കിലോയിലെത്തി. മധുരം ഞാന്‍ നേരത്തേ കഴിക്കാറില്ല. ചായയും കാപ്പിയും ഉപയോഗിക്കില്ല. ബേക്കറി പലഹാരങ്ങളും പതിവില്ല. ലോക്ക് ഡൗണ്‍ സമയത്ത് 6 കിലോയോളം പെട്ടെന്ന് കുറഞ്ഞു. ഇപ്പോള്‍ വീണ്ടും കുറേശ്ശെ ചോറ് കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും തടി കൂടാതെ ശ്രദ്ധിക്കുന്നുണ്ട്. തടി കുറഞ്ഞപ്പോള്‍ പലരും ചോദിക്കുന്നത് ഷുഗര്‍ ആണോന്നാ. ദൈവം സഹായിച്ച് എനിക്ക് അസുഖങ്ങളൊന്നുമില്ല. സത്യത്തില്‍ എനിക്ക് വണ്ണം വച്ചത് ആഹാരം കഴിച്ചിട്ടല്ല. തൈറോയിഡ് പോലെ ചില ആരോഗ്യപ്രശ്‌നങ്ങളാണ് അതിന് കാരണം. ഇപ്പോള്‍ അതില്‍ നിന്നൊക്കെ പുറത്തു വന്നു. 

subi-suresh-2

സ്വന്തം വീടും കൃഷിയും 

വരാപ്പുഴയിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിച്ച ശേഷം 6 വര്‍ഷം മുമ്പാണ് സ്വന്തമായി വീട് വാങ്ങിയത്. എന്റെ വീട് എന്നാണ് പേര്. ആ പേര് നിര്‍ദേശിച്ചത് രമേഷ് പിഷാരടിയാണ്. മമ്മിയ്ക്ക് കൃഷിയോടൊക്കെ വലിയ താല്‍പര്യമാണ്. അങ്ങനെ വീടിന്റെ ടെറസില്‍ ചെറിയ തോതില്‍ കൃഷി തുടങ്ങി. അടുത്തിടെയാണ് പരിചയമുള്ള ഒരു അങ്കിളിന്റെ വസ്തുവില്‍ ഞങ്ങള്‍ കുറച്ചു കൂടി വിപുലമായി കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഞങ്ങളുടെ വീടിന്റെ മുന്നില്‍ തന്നെയാണ് ഈ സ്ഥലം. ഇപ്പോള്‍ അവിടെ വാഴയും കപ്പയും ചീരയുമൊക്കെ കൃഷി ചെയ്യുന്നു. അടുത്ത വീട്ടിലെ മറ്റൊരു അങ്കിളും സഹായിക്കുന്നുണ്ട്. അവിടെ നിന്നുള്ള വിളവുകളുടെ ചിത്രമാണ് ഞാന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വിവാഹം 

അനിയന്‍ എബിയുടെ വിവാഹം അടുത്തിടെയായിരുന്നു. ഇപ്പോള്‍ അവന്‍ തമാശയ്ക്ക് പറയാറുണ്ട്, എടീ എന്റെ കല്യാണം നടന്നപ്പോള്‍ ഭയങ്കര ചെലവായിരുന്നു. നീ ഈ കൊറോണക്കാലത്ത് കല്യാണം കഴിക്ക്. വളരെ ലാഭമാണ്. അധികം ആഘോഷവും വേണ്ട, തിരക്കും കാണില്ല എന്ന്. എന്തായാലും ഞാന്‍ തല്‍ക്കാലം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വരട്ടെ, നോക്കാം....