Thursday 23 February 2023 02:01 PM IST

‘1996 ൽ, റിപ്പബ്ലിക് ഡേ പരേഡിൽ ബെസ്റ്റ് കേഡറ്റ്, ആർമിയിൽ ജോലി നേടാൻ കൊതിച്ച പെൺകുട്ടി’: അറിയാക്കഥകളിലെ സുബി...

V.G. Nakul

Sub- Editor

subi-suresh-new-1

ചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരിയുടെ ഒടുവിൽ സുബി സുരേഷ് ഒരു വലിയ കണ്ണീർ തുള്ളിയായി. ‘ഞെട്ടിക്കുന്ന വിയോഗം’ എന്നത് ചിലപ്പോഴൊക്കെ ഒരു വെറും പ്രയോഗമല്ല, മനസ്സ് മരവിപ്പിക്കുന്ന യാഥാർഥ്യമാണ്. സുബി സുരേഷിന്റെ മരണത്തെ അങ്ങനെയേ വിശേഷിപ്പിക്കുവാനാകൂ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലുമൊക്കെയായി മലയാളി പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച സുബി അകാലത്തിൽ ജീവന്‍ വെടിഞ്ഞിരിക്കുന്നു. തന്റെ പ്രതിഭയ്ക്കൊത്ത ഉയരങ്ങളിലേക്കുള്ള ആ യാത്രയുടെ പാതിയിലെ മടക്കം...

നടി, അവതാരക, നർത്തകി എന്നിങ്ങനെ കലാരംഗത്ത് പലവിധ മേൽവിലാസങ്ങളാണ് സുബിക്ക്. എന്നാൽ സ്കൂൾ–കോളജ് കാല സുഹൃത്തുക്കൾക്ക് മറ്റൊരു സുബിയെയാണ് പരിചയം. എൻ.സി.സിയിൽ സജീവമായിരുന്ന, സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന ആ സുബിയാണ് അവരിൽ പലരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും.

1996 ല്‍, ഡൽഹിയിലെ റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത 100 അംഗ കേരള എൻ.സി.സി ടീമിൽ ഒരാൾ സുബിയായിരുന്നു. ആ സംഘത്തിൽ, ജൂനിയർ വിങ്ങിന്റെ ക്യാപ്റ്റനും മറ്റാരുമായിരുന്നില്ല. സുബിയാണ് ഡൽഹിയിലെ ആ പരേഡ് ലീഡ് ചെയ്തതും.

‘‘1995–96 റിപ്പബ്ലിക് ഡേ ക്യാംപിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഡൽഹിയിൽ വച്ചുള്ള ഒരു മാസത്തെ അവസാന ഘട്ട ക്യാംപ് ഇപ്പോഴും ഓർമയില്‍ തങ്ങിനിൽക്കുന്നു. ആറുമാസത്തിനിടെ, അഞ്ചോ ആറോ ക്യാപുകളിൽ നിന്നായി, വളരെ കർശനമായ തിരഞ്ഞെടുപ്പിലൂടെയാണ് ഓരോ സംസ്ഥാനത്തു നിന്നും ജൂനിയർ – സീനിയര്‍‌ വിഭാഗത്തിൽ 100 എൻ.സി.സി അംഗങ്ങളെ വീതം അവസന ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. ഞാന്‍ പാലക്കാട് വിക്ടോറിയ കോളജിൽ ഡിഗ്രി വിദ്യാർഥിയായിരുന്നതിനാൽ സീനിയർ ടീമിലും സുബി സ്കൂൾ കുട്ടിയായതിനാൽ ജൂനിയർ ടീമിലും ആയിരുന്നു’’. – സുബിയോടൊപ്പം ക്യാംപിൽ ഉണ്ടായിരുന്ന മനോജ് തേലക്കാട്ട് അക്കാലത്തെ ഓർമകളിലേക്ക് തിരികെപ്പോകുന്നു. ഇപ്പോൾ ബാംഗ്ലൂരിൽ സ്ഥിരതാമസമായ മനോജ് അവിടെ സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ്.

‘‘വളരെ ആക്ടീവ് ആയ കുട്ടിയായിരുന്നു സുബി. മെച്യൂരിറ്റിയുള്ള ആള്‍. ജൂനിയർ വിഭാഗത്തിന്റെ ലീഡറായിരുന്ന അവളാണ് പരേഡ് നയിച്ചിരുന്നത്. ചെറിയ കുട്ടിയായിരുന്നു എങ്കിലും എല്ലാം പെർഫെക്ട് ആയി ചെയ്തിരുന്നു. ജൂനിയർ വിങ്ങിലെ ബെസ്റ്റ് കേഡറ്റ് ആയിരുന്നു. എല്ലാക്കാര്യത്തിനും സജീവമായി മുന്നിലുണ്ടാകും. എല്ലാവരോടും വളരെ സ്നേഹത്തില്‍ പെരുമാറുന്ന പ്രകൃതം. ആർമിയിൽ ജോലിയെടുക്കണം എന്ന ആഗ്രഹം അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നീടാണ് അവള്‍ കലാരംഗത്തേക്ക് വഴിമാറിയത്. അതിനു ശേഷവും സുബിയെ പലതവണ കണ്ടിട്ടുണ്ട്. ഞങ്ങളുടെ ആ ടീം ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഗെറ്റ് ടുഗെതറും സംഘടിപ്പിച്ചു. അതിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു. ഇപ്പോൾ അവളുടെ മരണവിവരം അറിയുമ്പോൾ, റിയലി ഷോക്കിങ് എന്നേ പറയാനാകൂ...’’.– മനോജ് പറഞ്ഞു.

subi-suresh-new-2

ബുധനാഴ്ച രാവിലെ 10 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബിയുടെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയില്‍ സജീവമായത്. മികച്ച നർത്തകിയുമായിരുന്നു. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വേദികളിലും ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.