ADVERTISEMENT

‘വാനമ്പാടി’യിലെ പത്മിനി എന്നു മാത്രം പറഞ്ഞാൽ മതി, സുചിത്ര നായരെ മലയാളി പ്രേക്ഷകർ തിരിച്ചറിയാൻ. അത്രത്തോളം ആ പരമ്പരയും കഥാപാത്രവും കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ, കൂടുതൽ മെലിഞ്ഞ് പുത്തൻ ലുക്കിലുള്ള തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. തകർപ്പൻ മേക്കോവർ എന്നാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്.

ADVERTISEMENT

മെലിയാൻ തീരുമാനിച്ചതിനെക്കുറിച്ച് അടുത്തിടെ ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം മനസ്സ് തുറന്നിരുന്നു.

‘‘മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. 10 കിലോ കുറയ്ക്കണം. ഇതിനോടകം 4 കിലോയോളം കുറച്ചു. ‘വാനമ്പാടി’യിൽ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതിൽ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോൾ ഉള്ളതിനേക്കാൾ വണ്ണം ഫ്രെയിമിൽ തോന്നിക്കും.

ADVERTISEMENT

ഡാൻസിനു വേണ്ടിയാണ് ഇപ്പോൾ മെലിയാൻ തീരുമാനിച്ചത്. ‘വാനമ്പാടി’ ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഞാൻ തന്നെ ഒരു ഫുഡ് കൺട്രോൾ സ്റ്റൈൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങൾ കൂടുതൽ കഴിക്കാൻ തുടങ്ങി. കുറച്ചു മെലി‍ഞ്ഞ ശേഷം വർക്കൗട്ട് ചെയ്യാം എന്നു കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം 41 ദിവസത്തെ വ്രതവും തുടങ്ങി. അതിനാൽ നോൺ വെജ് പൂർണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോൾ നല്ല റിസൾട്ട് കിട്ടുന്നുണ്ട്’’. 2020 സെപ്റ്റംബർ 15 ന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ.

‘വാനമ്പാടി’ നൽകിയ പ്രശസ്തിയിലും അംഗീകാരത്തിലും തിളങ്ങി നിൽക്കേ സുചിത്രയുടെ പുതിയ തീരുമാനം ആരാധകരെ നിരാശരാക്കും. തൽക്കാലം സീരിയലിൽ നിന്നു വിട്ടു നിൽക്കാനാണ് താരത്തിന്റെ തീരുമാനം. ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ അതിന്റെ കാരണവും പുതിയ വിശേഷങ്ങളും സുചിത്ര പങ്കുവച്ചിരുന്നു.

ADVERTISEMENT

‘‘വീണ്ടും നൃത്തത്തിൽ സജീവമായതും തൽക്കാലം സീരിയലിൽ നിന്നു കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനിച്ചതുമാണ് പുതിയ വിശേഷം. പത്മിനി എന്ന കഥാപാത്രത്തിൽ നിന്ന് വളരെ വേഗം മറ്റൊരു കഥാപാത്രത്തിലേക്ക് പോകുക എന്നത് എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. അതാണ് തൽക്കാലം സീരിയൽ ചെയ്യുന്നില്ല എന്നു തീരുമാനിക്കാൻ കാരണം. മാത്രമല്ല, പ്രേക്ഷകർക്കും അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും സിനിമയിൽ നിന്നും സീരിയലിൽ നിന്നുമൊക്കെ അവസരങ്ങൾ വരുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി സമീപിക്കുന്നവർ പറയുന്നത് ഉടൻ സീരിയൽ ഒന്നും ചെയ്യരുത് എന്നാണ്. അപ്പോൾ ഞാനും കരുതി, എങ്കിൽ സിനിമയിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് ബാക്കി പിന്നീട് ആലോചിക്കാം എന്ന്. എന്തായാലും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. എന്തായാലും തൽക്കാലം സീരിയൽ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചു. തമിഴിൽ നിന്ന് ഖുശ്ബുവിന്റെ പ്രൊഡക്ഷനിൽ ഓഫർ വന്നിട്ടും സ്വീകരിച്ചില്ല. എല്ലാം സ്നേഹപൂർവം ഒഴിവാക്കുകയാണ് കേട്ടോ...’’.– സുചിത്ര പറഞ്ഞു.



ADVERTISEMENT