Wednesday 07 April 2021 03:48 PM IST

അന്ന് ആടുതോമയെ കുത്തിവീഴ്ത്തിയ ‘തൊരപ്പൻ ബാസ്റ്റിൻ’, ഇപ്പോള്‍ ‘ജോജി’യുടെ അപ്പൻ! 25 വർഷത്തെ കാത്തിരിപ്പ് സഫലം: സണ്ണി പറയുന്നു

V.G. Nakul

Sub- Editor

s1

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലും പ്രിയ സംവിധായകൻ ദിലീഷ് പോത്തനും തുടർച്ചയായ മൂന്നാം തവണയും ഒന്നിച്ച ‘ജോജി’ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരെ തേടിയെത്തി. പ്രതീക്ഷകളെ തീരെ പരുക്കേൽപ്പിക്കാത്ത മികച്ച സിനിമ എന്നാണ് എല്ലാ വിഭാഗം പ്രേക്ഷകർക്കും ‘ജോജി’യെക്കുറിച്ചുള്ള അഭിപ്രായം.

ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ തുടങ്ങി മികച്ച അഭിനേതാക്കൾക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. എന്നാല്‍ ചിത്രത്തിലെ ജോജിയുടെ അപ്പൻ കുട്ടപ്പനെ കണ്ടപ്പോൾ പ്രേക്ഷകർക്കൊരു സംശയം – ഈ നടനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...? അധികം ആലോചിച്ചു തല പുകയും മുൻപേ അവരുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു – ‘തൊരപ്പൻ ബാസ്റ്റിന്‍’! അതേ, മലയാളത്തിന്റെ മാസ് ക്ലാസിക് ‘സ്ഫടിക’ത്തില്‍ ഇരട്ടച്ചങ്കുള്ള നായകൻ ആടുതോമയെ കുത്തി വീഴ്ത്തിയ തൊരപ്പൻ ബാസ്റ്റിൻ തന്നെ. തൊരപ്പൻ ബാസ്റ്റിൻ എന്ന തകർപ്പൻ വില്ലനെ അനശ്വരമാക്കിയ വാകത്താനം സ്വദേശി പി.എൻ സണ്ണിയാണ് ‘ജോജി’യില്‍ ഫഹദിന്റെ അപ്പന്‍ വേഷത്തിൽ കയ്യടി നേടുന്നത്.

s2

‘‘ഇയ്യോബിന്റെ പുസ്തകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ലൊക്കേഷനിൽ വച്ചാണ് ശ്യാം പുഷ്കരനെ പരിചയപ്പെട്ടത്. പിന്നീട് ജോജിയിലെ കഥാപാത്രം വന്നപ്പോൾ അവർ എന്നെ തിരക്കിക്കണ്ടു പിടിക്കുകയായിരുന്നു. ഫഹദ്–ദിലീഷ്–ശ്യാം ടീമിനൊപ്പം ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായതിൽ വലിയ സന്തോഷം. സിനിമ കണ്ട് ഒരുപാട് പേർ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായങ്ങളാണ് പറയുന്നത്’’.– സണ്ണി ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ഈ പ്രായത്തിലും ചെറുപ്പക്കാരെ വിസ്മയിപ്പിക്കുന്ന ശരീരസൗന്ദര്യമാണ് സണ്ണിക്ക്. ‘സ്ഫടിക’ത്തിൽ കണ്ടതിൽ നിന്നു വലിയ മാറ്റമില്ല. 1987ൽ മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ള സണ്ണി ചെറുപ്പം മുതൽ കളരിയിലും അയോധന കലകളിലും തല്‍പരനാണ്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിരിക്കെയാണ് ‘സ്ഫടിക’ത്തില്‍ എത്തുന്നത്. ചിത്രത്തിലെ തൊരപ്പൻ ബാസ്റ്റിൻ ഹിറ്റായതോടെ പിന്നീടു കൂടുതലും തേടിയെത്തിയത് ഗുണ്ടാ വേഷങ്ങൾ. അതിനാൽ കരിയറില്‍ പിന്നീടൊരു ബ്രേക്ക് ലഭിച്ചില്ല. ഇരുപത്തി അഞ്ചോളം സിനിമകൾക്കു ശേഷം ജോജിയിലൂടെ അതു സാധ്യമായതിന്റെ സന്തോഷത്തിലാണ് സണ്ണി.

s3

‘‘മുൻപ് ഡബിൾ ബാരലില്‍ ഒരു നല്ല വേഷം കിട്ടി. പക്ഷേ, പടം ശ്രദ്ധിക്കപ്പെട്ടില്ല. ബിഗ് ബി ഉൾപ്പടെയുള്ള ചിത്രങ്ങളിലും ഗുണ്ടാ വേഷത്തിലുണ്ടായിരുന്നു. 25 വർഷത്തെ കാത്തിരിപ്പ് ഇപ്പോൾ സഫലമായി.

സ്ഫടികത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് 38 വയസ്സുണ്ടായിരുന്നു. ഇപ്പോൾ 64. എസ്.ഐ ആയാണ് സർവീസിൻ നിന്നു വിരമിച്ചത്. ഇപ്പോൾ നാട്ടിൽ സിറ്റിസൺ ഹെൽത്ത് ക്ലബ് എന്ന ജിം നടത്തുന്നു. ദിവസവും ഒന്നര മണിക്കൂർ വർക്കൗട്ട് ചെയ്യും.

ഭാര്യ റമ്മി. 3 മക്കളാണ്. അഞ്ജലിയും ആതിരയും ടെക്നോ പാർക്കില്‍ ജോലി ചെയ്യുന്നു. മകന്‍ അലക്സി എം.ബി.എയ്ക്ക് പഠിക്കുന്നു’’.– സണ്ണി പറയുന്നു.

‘മഹേഷിന്റെ പ്രതികാരത്തിലൂ’ടെ ജാഫർ ഇടുക്കിക്കും ‘തൊണ്ടിമുതലും ദൃക്സാക്ഷിയി’ലൂടെ വെട്ടുകിളി പ്രകാശിനും വൻ ബ്രേക്കുകൾ നൽകിയ പോത്തേട്ടൻ ബ്രില്യൻസിന്റെ ‘ജോജി’യിലെ കണ്ടെത്തലാണ് പി.എൻ സണ്ണിയെന്ന് പ്രേക്ഷകരും പറയുന്നു.