നടൻമാരായ ലുക്മാന്‍ അവറാനും സണ്ണി വെയ്നും തമ്മിൽ ഹോട്ടൽ മുറിയിൽ തല്ലുകൂടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിറ്റേന്ന് ഇവർ നായകൻമാരാകുന്ന ‘ടർക്കിഷ് തർക്കം’എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്ററും റിലീസായി.
ഇപ്പോഴിതാ, ‘ടർക്കിഷ് തർക്കം’ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൂട്ട് ചെയ്ത വിഡിയോ ആണ് തല്ലിന്റേതെന്നും സിനിമയുടെ പേര് ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് അങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചതെന്നും സണ്ണി വെളിപ്പെടുത്തിയിരിക്കുന്നു. ‘കാസര്‍ഗോൾഡ്’ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത് തീർത്ത സിനിമയാണ് ‘ടർക്കിഷ് തർക്കം’. അത് ഇപ്പോൾ റിലീസിനു തയാറെടുക്കുകയാണ്. ആ സിനിമയുടെ പേരും കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കണമെന്ന് നിർമാതാക്കൾക്ക് ആവശ്യമുണ്ടായിരുന്നു. അവര്‍ പ്ലാൻ പറഞ്ഞു. അങ്ങനെ അത് ഷൂട്ട് ചെയ്തു. ഇനി അതിന്റെ ബിഹൈൻഡ് ദ് സീൻസ് ഇറക്കുന്നുണ്ട്. അപ്പോൾ നിങ്ങൾക്ക് കുറച്ച് കൂടി കാര്യങ്ങൾ മനസ്സിലാകും’–സണ്ണി പറഞ്ഞു.
നവാസ് സുലൈമാൻ ആണ് ‘ടർക്കിഷ് തർക്കം’ രചനയും സംവിധാനവും. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്.