Thursday 04 February 2021 09:15 AM IST

‘എന്റെ കരിയറിലെ ഉയർച്ച താഴ്ചകള്‍ അറിയുന്ന, എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന ഒരാളാണ്’! വിവാഹ വാർത്തയുടെ സത്യമെന്ത് ? സ്വാസിക പറയുന്നു

V.G. Nakul

Sub- Editor

swasika

താൻ വിവാഹിതയാകുന്നു, ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നു എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പടർന്ന വാർത്തകൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് സ്വാസിക. എന്റെ കല്യാണമോ...ഞാനറിഞ്ഞില്ലല്ലോ... എന്നാണ് സ്വാസിക ചിരിയോടെ ചോദിക്കുന്നത്. നടനും എഴുത്തുകാരനുമായ സുഹൃത്ത് ബദ്‌രിനാഥിനൊപ്പമുള്ള തന്റെ ഒരു സെൽഫി സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ചിലരെ അതിലൊരു പ്രണയവും കല്യാണവുമൊക്കെ ചികഞ്ഞു കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചത്. ചിത്രത്തിനൊപ്പം സ്വാസിക നൽകിയ കുറിപ്പിനെക്കൂടി വളച്ചൊടിച്ച് ചിലർ വാർത്ത കൊഴുപ്പിക്കുകയായിരുന്നു.

swasika

‘‘അയ്യോ... അത് എങ്ങനെ വന്നു എന്നറിയില്ല. സത്യത്തിൽ ഞങ്ങൾ ഒരു വെബ് സീരിസിൽ ഒന്നിച്ച് അഭിനയിക്കുന്നു. ഫെബ്രുവരി 14 ന് ആണ് അതിന്റെ ടെലിക്കാസ്റ്റ്. ആ ലൊക്കേഷനിൽ വച്ച് എടുത്ത ഒരു ചിത്രം ഞാൻ പോസ്റ്റ് ചെയ്തതാണ്.

ഞങ്ങൾ ‘സിനിമാ കമ്പനി’ എന്ന സിനിമയില്‍ ഒന്നിച്ച് വന്നതാണ്. അന്നു മുതലുള്ള സൗഹൃദമുണ്ട്. പിന്നീട് 10 വർഷത്തിനു ശേഷം ഞങ്ങൾ ഒന്നിച്ചൊരു സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യുന്നു. ആ ഒരു സന്തോഷത്തിൽ ഒരു പോസ്റ്റ് ഇട്ടതാണ്’’. – സ്വാസിക ‘വനിത ഓൺലൈനോട്’ പറഞ്ഞു.

അതൊന്നും അവർ ശ്രദ്ധിച്ചില്ല

അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു സഹപ്രവർത്തകനോ, പരിചയക്കാരനോ അല്ലല്ലോ. ഇത്ര വർഷത്തെ അടുപ്പമുണ്ട്. എന്റെ കരിയറിലെ ഉയർച്ച താഴ്ചകള്‍ അറിയുന്ന, എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന ഒരാളാണ്. അങ്ങനെയാണ് ആ പോസ്റ്റ് ഇട്ടത്. അത് തെറ്റിദ്ധരിച്ചാണ് വാർത്ത വന്നത്. എന്നോട് ആ വാർത്ത കൊടുക്കും മുമ്പ് അവിടെ നിന്ന് ആരും സത്യം തിരക്കിയിട്ടില്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം മാത്രമേയുള്ളൂ. കല്യാണം ഉൾപ്പടെയുള്ള കാര്യങ്ങളൊന്നും ആയിട്ടില്ല. അദ്ദേഹം എന്റെ ജീവിത പങ്കാളിയാണ്, ഞങ്ങള്‍ എൻഗേജ്ഡ് ആയി എന്നൊന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. നല്ല ഒരു വ്യക്തിയാണ് എന്നാണ് കുറിച്ചിരിക്കുന്നത്. അതിന്റെ താഴെ ‘റോളിങ് സൂൺ’ എന്നും ഇട്ടിട്ടുണ്ട്. അതൊന്നും അവർ ശ്രദ്ധിച്ചില്ല.