Friday 08 January 2021 11:48 AM IST

‘അമ്മയുടെ ആ ആഗ്രഹം മാത്രം എനിക്കു സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല’! പ്രേക്ഷരുടെ തങ്കു ഇപ്പോൾ വേദനയുടെ ‘ലോക്ക് ഡൗണി’ൽ

V.G. Nakul

Sub- Editor

thankachan-new-1

മലയാളം മിനിസ്ക്രീനിലെ കോമഡി സൂപ്പർസ്റ്റാറാണ് തങ്കച്ചൻ വിതുര. വേദികളിൽ ചിരിയുടെ പെരുമഴ സൃഷ്ടിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട തങ്കു. ‘മറിയേടമ്മേടെ ആട്ടിൻ കുട്ടി’യുമായി ചിരിയുടെ പെരുമഴ പെയ്യിച്ച ‘ഗായക’നായും മഞ്ഞക്കാർഡുള്ള ‘ലൂസിപ്പറാ’യും നാട്ടുകാർ പിടിച്ചു കെട്ടിയിട്ട് കെട്ടിച്ച ‘ഒടിയനാ’യും കൗണ്ടറുകളുടെ പൂരം സൃഷ്ടിക്കുന്ന തങ്കച്ചന്റെ ജീവിതത്തിൽ നിന്ന് ചിരി മാഞ്ഞിട്ട് കുറച്ചു നാളായി. ഒരർഥത്തിൽ പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് തങ്കു കടന്നു പോകുന്നത്. എല്ലാമെല്ലാമായിരുന്ന അമ്മ വിട്ടു പിരിഞ്ഞു, ഒരു വലിയ മോഹം ബാക്കിവച്ച്...

അതേക്കുറിച്ച് തങ്കു തന്നെ പറയട്ടെ, ‘ഡിസംബർ 18 നാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി. എന്റെ വിവാഹം. കുടുംബത്തിൽ ഞാൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുടുംബത്തിലെ ‘ഒറ്റത്തടി’. വിവാഹം മനപൂർവം വേണ്ടെന്നു വച്ചതല്ല. എന്തോ ഒത്തുവന്നില്ല. ആ വലിയ ആഗ്രഹം വാക്കിവച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിൽ ഇല്ല’’.– ‘വനിത ഓൺലൈനു’മായി അമ്മയോർമ്മകൾ പങ്കുവയ്ക്കുമ്പോൾ തങ്കുവിന്റെ മുഖത്തെ ചിരി മാഞ്ഞു, ശബ്ദം ഇടറി...

thankachan-new-2

അതിനപ്പുറം ഒരു സങ്കടമില്ല

അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച് പറയുമായിരുന്നു. അസുഖമായ ശേഷം മരുന്നൊക്കെ എടുത്തു കൊടുക്കുമ്പോൾ, ‘‘എനിക്ക് മരുന്നൊന്നും വേണ്ട, ഒരു അസുഖോം ഇല്ല, നീ എവിടെന്നെങ്കിലും ഒരു പെങ്കൊച്ചിനെ വിളിച്ചോണ്ടു വാ...’’ എന്നാണ് പറയുക. കേൾക്കുമ്പോൾ ഞാൻ ചിരിക്കും. ഇപ്പോൾ അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എന്റെ മനസ്സിൽ എപ്പോഴും. അമ്മ ജീവിച്ചിരിക്കുമ്പോൾ അത് സാധിച്ചു കൊടുക്കാനായില്ലല്ലോ എന്ന സങ്കടം ചെറുതല്ല. എന്തു നേടിയാലും ആ വിഷമം മാറില്ല. ബാക്കിയൊക്കെ അതിനു പിന്നിലേ ഉള്ളൂ. അതൊക്കെ ഇനിയും സാധിക്കാം. പക്ഷേ, അമ്മയുടെ കാര്യം അങ്ങനെയല്ലല്ലോ...കണ്ണിൽ നിന്നു മറഞ്ഞു പോയില്ലേ...

75 വയസ്സായിരുന്നു അമ്മയ്ക്ക്. പത്തുവർഷമായി ഹൃദ്രോഗിയാണ്. അതിന്റെ മരുന്ന് കഴിക്കുകയായിരുന്നു. പക്ഷേ, പെട്ടെന്ന് വയ്യാതായി. ഞാൻ കണ്ണൂരിൽ ഒരു പടത്തിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് പെങ്ങള് വിളിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ ലിവറിന് ചില ഗുരുതരമായ പ്രശ്നങ്ങള്‍. ആർ.സി.സിയിൽ അഡ്മിറ്റായി 2 ദിവസം കഴിഞ്ഞ് അമ്മ പോയി. 8 വർഷത്തോളമായി ഈ അസുഖം ഉണ്ടായിരുന്നു. അറിഞ്ഞില്ല.

ദൈവം ഒരുക്കിയത്

മരിക്കും മുമ്പ് സുഹൃത്തുക്കൾ സംഘടിപ്പിച്ച എന്റെ പിറന്നാൾ ആഘോഷത്തിൽ അമ്മയ്ക്ക് പങ്കെടുക്കാനായി. ജീവിതത്തിൽ ആദ്യമായാണ് അമ്മയ്ക്ക് അങ്ങനെയൊരു അനുഭവം. അതും യാദൃശ്ചികമായി സംഭവിച്ചതാണ്. ദൈവം ഒരുക്കിയത് എന്നും പറയാം. അമ്മ ഇനി അധിക കാലം ഉണ്ടാകില്ല എന്ന് മനസ്സിലായതോടെയാണ് ഞാൻ ആ ചടങ്ങിന് അമ്മയെയും കൊണ്ടു പോയത്. അമ്മയുമായി കൊല്ലം കൊട്ടിയത്തുള്ള ഡോക്ടറുടെ അടുക്കൽ പോയി മടങ്ങി വരുമ്പോൾ കഴക്കൂട്ടത്ത് അൽസാജിൽ വച്ചു നടന്ന പരിപാടിയിൽ ഞങ്ങൾ ഒന്നിച്ച് പങ്കെടുക്കുകയായിരുന്നു. ആ പരിപാടി കഴിഞ്ഞ് അമ്മ ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് തിരികെ വന്നില്ല. അഞ്ചാം തീയതി അമ്മ ബർത്ത് ഡേ കൂടുന്നു. പതിനെട്ടിന് മരിക്കുന്നു.

ജീവിതം, കരിയർ

വിതുരയാണ് നാട്. അപ്പച്ചന്‍ ജോർജിനും അമ്മ ജാനമ്മയ്ക്കും ഏഴു മക്കളാണ്. നാലും പെണ്ണും മൂന്ന് ആണും. ആദ്യ കാലത്ത് മിമിക്രിയോടൊപ്പം ഹോട്ടൽ പണി, ഓട്ടോഡ്രൈവർ, ടാപ്പിങ് തുടങ്ങി പല ജോലികളും ചെയ്തിട്ടുണ്ട്. മിമിക്രി പ്രഫഷനലായി ചെയ്യാൻ തുടങ്ങിയത് രണ്ടായിരത്തിന് ശേഷമാണ്. ഞാനും എന്റെ ചേട്ടനുമൊക്കെച്ചേർന്ന് തുടങ്ങിയ ന്യൂ സ്റ്റാർ ഓർക്കസ്ട്ര എന്ന ചെറിയ ട്രൂപ്പായിരുന്നു ആദ്യം. ചേട്ടൻ അടുത്തിടെ മരിച്ചു. പിന്നീട് കലാരസിക എന്ന ട്രൂപ്പ് തുടങ്ങി. അവിടെ നിന്നാണ് തിരുവനന്തപുരം ഡിസ്കവറിയില്‍ എത്തിയത്. സുരാജ് ഒക്കെ അവിടെയുണ്ടായിരുന്നു. അതോടെയാണ് സജീവമായി വേദികളിൽ എത്തിയത്. ഷോഗൺസ്, സരിഗ, സമസ്യ എന്നീ ട്രൂപ്പുകൾക്കൊപ്പവും പ്രവർത്തിച്ചു. ടെലിവിഷനിൽ ആദ്യം വന്നത് കൈരളിയിലെ ‘മിമിക്സ് 2010’ യിലൂടെയാണ്. മഴവിൽ മനോരമയിലെ ‘കോമഡി ഫെസ്റ്റ്’ലൂടെയാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. അത് വലിയ അംഗീകാരം നേടിത്തന്നു. ‘സ്റ്റാർ മാജിക്ക്’ കരിയറിൽ വഴിത്തിരിവായി.

ആദ്യം മുഖം കാണിച്ച സിനിമ ‘ലക്കി ജോക്കേഴ്സ്’ ആണ്. അത് തിയറ്റിൽ വന്നില്ല. പക്രുച്ചേട്ടന്റെ ‘കുട്ടീം കോലും’ എന്ന ചിത്രത്തിലും റോള്‍ കിട്ടി. ‘മെമ്മറീസി’ൽ ചാൻസ് വാങ്ങിത്തന്നത് ഷാജോൺ ചേട്ടനാണ്. ജീത്തു സാർ ‘ദൃശ്യ’ത്തിലും ‘ലൈഫ് ഓഫ് ജോസൂട്ടി’യിലും നല്ല വേഷങ്ങൾ തന്നു.

thankachan-new-3

മമ്മൂക്ക എന്ന സ്നേഹം

ഒരു സിനിമാ പ്രമോഷൻ പരിപാടിയില്‍ മമ്മൂക്കയുടെ മുന്നിൽ പെർഫോം ചെയ്യാനുള്ള അവസരം കിട്ടി. അത് ഇഷ്ടപ്പെട്ടിട്ടാണ് ‘പരോളി’ലും, ‘ഒരു കുട്ടനാടൻ ബ്ലോഗി’ലും അദ്ദേഹം നല്ല റോളുകൾ വാങ്ങിത്തന്നത്. ലൊക്കേഷനിൽ ഒപ്പം ചേർത്തു നിർത്തി. വിശേഷ ദിവസങ്ങളിൽ ഇക്കയ്ക്ക് ഒരു മെസേജ് അയയ്ക്കും. കൃത്യമായി മറുപടി തരും. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് അതൊക്കെ.

അനു അനിയത്തി

അനുവുമൊത്തുള്ള തമാശകളൊക്കെ ‌തമാശയായേ കണ്ടിട്ടുള്ളൂ. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെപ്പോലെയാണ് എനിക്ക്. ബാക്കിയൊക്കെ ഫ്ലോറിൽ തമാശയ്ക്കു വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവവുമില്ല.