മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന അച്ഛന്‍ രമേശന്‍ നായരെയും കൊണ്ട് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ ജനാലയിലൂടെ നോക്കിയ മനു കണ്ടത് മൗനമായി തനിക്ക് യാത്രാമൊഴി നല്‍കുന്ന അയല്‍പക്കത്തെ ആ പെണ്‍കുട്ടിയെയാണ്. അച്ഛനെപ്പോഴും തന്നെച്ചേര്‍ത്ത് കളിയാക്കാറുള്ള, നൃത്തം ചെയ്യുമ്പോള്‍ തന്നെ കണ്ണെറിയുന്ന, കണ്ണടയിട്ട് കൊലുന്നനെയുള്ള ആ കൂട്ടുകാരി. മനസ്സിലെ സങ്കടം മുഴുവന്‍ അവളുടെ മുഖത്തുണ്ട്. എങ്കിലും അവള്‍ അവനെ വേദനയോടെ യാത്രയാക്കുന്നു.
മനുവിന്റെ കൂട്ടുകാരി സിനിമയില്‍ വലിയ മിടുക്കിയൊന്നുമല്ലെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ മിടുമിടുക്കിയാണ്. സിവില്‍ സര്‍വിസ് നേടി ഏറെ തിരക്കുള്ള ചുമതലകള്‍ വഹിക്കുമ്പോഴും ചിത്രരചനയെയും നൃത്തത്തെയും ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന ബഹുമുഖ പ്രതിഭ. സമയം കിട്ടുമ്പോഴെല്ലാം പെയിന്റിങ്ങുകള്‍ ചെയ്യാന്‍ ഇഷ്ടമുള്ള, നൃത്തപഠനവും പരിശീലനവും മുടങ്ങാതെ ശീലിക്കുന്ന കലാകാരി. നന്ദിനി ആര്‍ നായര്‍.
'കുട്ടിക്കാലം മുതലേ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. ചന്ദ്രദാസ് സാറിന്റെ ലോകധര്‍മി എന്ന തിയേറ്റര്‍ ഗ്രൂപ്പിന്റെ കുട്ടികള്‍ക്കായുള്ള മഴവില്ല് എന്ന നാടകക്കളരിയില്‍ പങ്കെടുത്തിരുന്നു. ലോകധര്‍മിയില്‍ വച്ചാണ് ചന്ദ്രദാസ് സാറിന്റെ ശിഷ്യനായ റോഷന്‍ ആന്‍ഡ്രൂസ് സാറിനെ കാണുന്നത്. ബ്ലെസി സാറിന്റെ സുഹൃത്തായ അദ്ദേഹമാണ് തന്മാത്രയില്‍ അഭിനയിക്കാന്‍ ബ്ലെസി സാര്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്ന കാര്യം പറഞ്ഞത്. ഒരു ഓണം വെക്കേഷനായിരുന്നു ഷൂട്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായരുടെ അയല്‍വീട്ടിലെ കുട്ടിയുടെ ചെറിയ റോളായിരുന്നു. തന്മാത്രയ്ക്കു ശേഷം പിന്നെ സിനിമയൊന്നും ചെയ്തില്ല. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഡിഗ്രിയും ചെന്നൈ ലയോള കോളജില്‍ നിന്ന് പിജിയും കഴിഞ്ഞു. ആ സമയത്താണ് ടാ തടിയായിലേക്ക് വിളിച്ചത്. അതില്‍ ശേഖര്‍ മേനോന്‍ അവതരിപ്പിച്ച ലൂക്കാച്ചന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. അതിനു ശേഷം ഒന്ന് രണ്ട് ഓഫറുകളൊക്കെ വന്നു. സിനിമയില്‍ എന്നെക്കണ്ടപ്പോള്‍ വലിയ കോണ്‍ഫിഡന്‍സ് തോന്നിയില്ല. അതുകൊണ്ട് അത്ര താല്‍പര്യം കാണിച്ചില്ല. പിന്നെ ഓഫറുകള്‍ വന്നതുമില്ല. പിന്നെ, സിവില്‍ സര്‍വിസ് നേടണം എന്നൊരാഗ്രഹം ചെറുപ്പം മുതലേയുണ്ടായിരുന്നു. അത് ഉപേക്ഷിക്കേണ്ട എന്നു തോന്നി. അങ്ങനെ സിവില്‍ സര്‍വിസ് എഴുതി. ആദ്യ ചാന്‍സില്‍ തന്നെ കിട്ടി. ഐഎഎസ് ആയിരുന്നു ലക്ഷ്യം എന്നാലും റാങ്കിന്റെ അടിസ്ഥാനത്തില്‍ ഐ ആര്‍ എസ് ( ഇന്ത്യന്‍ റെവന്യു സര്‍വിസ്) തിരഞ്ഞെടുത്തു. ചിത്രരചനയും നൃത്തവുമൊക്കെ ഒപ്പം വേണം എന്നുണ്ടായിരുന്നു. ഐഎഎസിനെ അപേക്ഷിച്ച് കുറച്ചുകൂടി സമയം കണ്ടെത്താനുമാകുമെന്ന മെച്ചം കൂടി ഇതിനുണ്ട് എന്നു തോന്നി. അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് ഇന്‍കം ടാക്‌സ് ആയി തമിഴ്‌നാട്ടിലായിരുന്നു ആദ്യ നിയമനം.' ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് ഇപ്പോള്‍ നന്ദിനി.
'ഒഴിവു സമയങ്ങളില്‍ പെയിന്റിങ് ആണ് പ്രധാന പരിപാടി. രാജഗിരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രരചനാ വര്‍ക് ഷോപ്പുകളില്‍ പങ്കെടുക്കുമായിരുന്നു. സ്റ്റേറ്റ് ലെവല്‍ കലോത്സവങ്ങളില്‍ സ്‌കൂളിന്റെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. അല്ലാതെ ചിത്രരചന പഠിച്ചിട്ടൊന്നുമില്ല. സ്‌കൂള്‍ കാലത്ത് ധരണി സ്‌കൂളിലെ ശ്യാമളടീച്ചറില്‍ നിന്ന് ഭരതനാട്യം പഠിച്ചിരുന്നു. ഇപ്പോള്‍ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ അടുത്ത് മോഹിനിയാട്ടം പഠിക്കുന്നു. ഏതെങ്കിലും ഒരു ജോലി മാത്രം ചെയ്യുന്നവര്‍ ഇന്ന് കുറവാണ്. ഇങ്ങനെയൊക്കെയേ പാടുള്ളൂ എന്നൊക്കെയുള്ള ചില വിശ്വാസങ്ങളുണ്ടായിരുന്നു പണ്ട്. ഇന്നിപ്പോള്‍ ജാക്ക് ഓഫ് ഓള്‍ ട്രേഡ്‌സ്, മാസ്റ്റര്‍ ഓഫ് നണ്‍ എന്ന മട്ടിലാണ് കാര്യങ്ങള്‍. മാത്രമല്ല, ഒരേ ജോലി തന്നെ ചെയ്യുമ്പോഴുള്ള മടുപ്പും ഒഴിവാക്കാം. പണ്ട് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്യുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ മനസ്സിലായി അങ്ങനെ പ്ലാന്‍ ചെയ്തിട്ട് കാര്യമില്ല എന്ന്. അതുകൊണ്ട് ഭാവിയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.'
ഭര്‍ത്താവ് വിഷ്ണു വേണുഗോപാല്‍ തമിഴ്‌നാട് കേഡറില്‍ ഐഎഎസ് ഓഫിസര്‍ ആണ്. സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ മാനേജിങ് ഡയറക്ടര്‍. എച്ച് എം ടിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത അച്ഛന്‍ രഘുവും അമ്മ വിജയലക്ഷ്മിയും എറണാകുളത്തെ വീട്ടിലുണ്ട്. സഹോദരന്‍ വിജയ് കൃഷ്ണന്‍ ഛായാഗ്രാഹകനാണ്.