ADVERTISEMENT

കേരളത്തിലെ തിയറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 10 മാസം. കോവിഡ് – 19 പിടിമുറുക്കി, രാജ്യം ലോക്ക് ഡൗണിലേക്ക് പോയപ്പോൾ പൂട്ടിയ തിയറ്ററുകൾ, മറ്റെല്ലാ മോഖലകളും സജീവമായിട്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല. അതിനിടെ സിനിമാ മേഖലയിലും മാറ്റങ്ങൾ വന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ പോലെ പുതിയ കാഴ്ചാ ശീലങ്ങള്‍ പ്രേക്ഷകർക്കും പരിചിതമായിത്തുടങ്ങി. ഒപ്പം കോവിഡ് ഭയവും.... ഇപ്പോൾ കേരളത്തില്‍ സിനിമാ തിയറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തിയറ്റർ സംഘടന മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തമിഴ് ചിത്രം ‘മാസ്റ്റർ’ ജനുവരി 13ന് റിലീസ് ചെയ്യുമ്പോൾ അത് കേരളത്തിലെ തിയറ്ററുകളുടെ പുനർജൻമം കൂടിയാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രവർത്തകരും തിയറ്റർ ഉടമകളും തൊഴിലാളികളും അവയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന ലക്ഷക്കണക്കിന് ആളുകളും.

അപ്പോഴും നിരവധി വെല്ലുവിളികളാണ് തിയറ്റർ ഉടമകളെ കാത്തിരിക്കുന്നത്. പലരും വലിയ സാമ്പത്തിക ബാധ്യതകളിലാണ്. പോയ 10 മാസവും തന്റെ തിയറ്റർ എന്നെന്നേക്കുമായി പൂട്ടിപ്പോകാതെ സംരക്ഷിക്കാൻ ഓരോ ഉടമയും ലക്ഷങ്ങളാണ് മുടക്കിയത്.

ADVERTISEMENT

‘‘കഴിഞ്ഞ 10 മാസത്തിനിടെ ഒരു രൂപ പോലും വരുമാനമില്ലാതെ എന്റെ തിയറ്ററുകൾ നിലനിർത്തിക്കൊണ്ടു പോകാൻ എനിക്ക് 40 ലക്ഷത്തോളം രൂപ ചെലവായി. മിക്ക എ ക്ലാസ് തിയറ്ററുകളെ സംബന്ധിച്ചും ഇതാണ് അവസ്ഥ. ചിലർക്ക് ഇതിലും കൂടും. മൾട്ടി പ്ലക്സുകളെയൊക്കെ സംബന്ധിച്ച് അത് ഇരട്ടിയാകാനും മതി’’. – തിരുവനന്തപുരം നഗരത്തിലെ പ്രധാന തിയറ്ററുകളിലൊന്നായ ‘ശ്രീ പത്മനാഭ’യുടെ ഉടമ ഗിരീഷ് ചന്ദ്രൻ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

‘‘ഈ കഴിഞ്ഞ 10 മാസവും ആഴ്ചയിലൊരിക്കൽ പ്രൊജക്ടറും എ.സിയുമൊക്കെ പ്രവർത്തിപ്പിക്കുന്നുണ്ട്. വൈദ്യുതി ചാർജ് മാത്രം മാസം അരലക്ഷത്തിന് മേലെ വരും. 6 സ്ഥിരം സ്റ്റാഫുകളുണ്ട്. അവരുടെ ശമ്പളം കൊടുക്കണം. വാട്ടൽ ബിൽ വരും. അതിനു പുറമേ ലോൺ ഉണ്ട്. അതിന് ഒന്നര ലക്ഷം രൂപ പലിശ വരും. ഇത് എന്റെ മാത്രം അവസ്ഥയല്ല. മിക്ക തിയറ്ററകളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ തിയറ്റർ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അവസാന ഘട്ട മിനുക്കുപണികൾക്കായി 5 ലക്ഷം രൂപയോളം അധിക ചെലവുണ്ട്’’. – ഗിരി പറയുന്നു.

ADVERTISEMENT

തിയറ്റർ തുറന്നാലും ആളുകൾ കയറുമെന്നതില്‍ തിയറ്റർ ഉടമകൾക്ക് വലിയ ആവലാതിയില്ല. ഒടിടി ഭീഷണിയാണെങ്കിലും അതിനും ധാരാളം പരമിധികളുണ്ടെന്നും പല വലിയ പടങ്ങളും തിയറ്റർ കാഴ്ച ആവശ്യപ്പെടുന്നവയാണെന്നും അവർ പറയുന്നു.

‘‘തിയറ്ററിൽ ആള് വരും. മറ്റെല്ലാ മേഖലയിലും പോലെ ഇവിടവും സജീവമാകും. ജനം തിയറ്റർ പൂർണമായും വിട്ട് ഒടിടിയിലേക്ക് പോകും എന്ന് എനിക്കു തോന്നുന്നില്ല. ഒരു ശതമാനം കുറവ് സംഭവിച്ചേക്കാം. പക്ഷേ, മറ്റൊന്നുണ്ട്. നല്ല പടമാണെന്ന് രണ്ടു വട്ടം ഉറപ്പിക്കാതെ ഇനി തിയറ്ററിൽ ആള് വരില്ല. അത് നേരത്തേയുണ്ടെങ്കിലും ഇനി കുറച്ച് കൂടി കർശനമാകും. നല്ല പടമല്ലെങ്കിൽ ഇനി തിയറ്ററിൽ ആള് വരില്ല. നേരത്തെ ആവറേജ് ആണെങ്കിലും ഒന്നു കണ്ടേക്കാം എന്ന രീതിയുണ്ടായിരുന്നു. അതിൽ മാറ്റം വരും.

ADVERTISEMENT

ഇപ്പോൾ സെക്കൻഡ് ഷോ തൽക്കാലം കളിക്കാനാകില്ല. 50 ശതമാനം ആളുകളെയേ അനുവധിക്കൂ. അങ്ങനെ നോക്കുമ്പോൾ തിയറ്റർ തുറന്നാലും ഈ ആശങ്കകൾ മാറും വരെ വലിയ നഷ്ടമായിരിക്കും സംഭവിക്കുക’’.– ഗിരീഷ് ചന്ദ്രൻ വ്യക്തമാക്കുന്നു.

ADVERTISEMENT