Friday 24 September 2021 03:53 PM IST

കാലം കഴിഞ്ഞെന്നു വിധിയെഴുതിയവരെ നോക്കിച്ചിരിച്ച കരീമിക്കയും അച്യുത മേനോനും : ഓർമകളിൽ തിലകൻ...

V.G. Nakul

Sub- Editor

thilakn-new

ഒരു നടൻ അയാളുടെ ശരീരത്തെയും ശബ്ദത്തെയും ഭാവചലനങ്ങളെയുമൊക്കെ വേർപെടുത്താനാകാത്ത വിധം കഥാപാത്രങ്ങളിലേക്കു ലയിപ്പിക്കുകയെന്നതത്ര നിസ്സാരമല്ല. മലയാളത്തിൽ ചുരുക്കം ചില അഭിനേതാക്കളാണ് ഈ വിഭാഗത്തിലുള്ളത്. അവരിൽ ആദ്യ നിരയിലുണ്ട് തിലകൻ. മലയാളി കണ്ടറിഞ്ഞതാണ് തിലകന്‍ എന്ന മഹാനടനെ. ഏതു തരം കഥാപാത്രവുമാകട്ടെ, അവയിലൊക്കെ തന്റെതായ, തനിക്കു മാത്രം സാധ്യമാകുന്ന ഒരു ‘തിലകൻ ടച്ച്’ പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഹാസ്യത്തിന്റെയും ഗൗരവപ്രകൃതത്തിന്റെയും ശാന്തതയുടെയും നിസ്സഹായതയുടെയും ക്രൂരതയുടെയും വാൽസല്യത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പല പല തലങ്ങളിലേക്ക്, അവയുടെയൊക്കെ ആഴങ്ങളിൽ നീന്തുന്നവയായിരുന്നു ഓരോ തിലകൻ കഥാപാത്രവും. ഉദാഹരണത്തിന്: ‘കിരീട’ത്തിലെ അച്യുതൻ നായരും ‘സ്ഫടിക’ത്തിലെ ചാക്കോ മാഷും ‘നരസിംഹ’ത്തിലെ ജസ്റ്റിസ് കരുണാകര മേനോനും അച്ഛൻ കഥാപാത്രങ്ങളാണ്. മൂന്നു പേരുടെയും സാഹചര്യങ്ങളും കാലവും വ്യത്യസ്തമായിരിക്കുമ്പോഴും ആന്തരിക ജീവിതത്തിൽ ചില സമാനതകളുണ്ട്. സ്വാഭാവികമായും ഒരേ അച്ചിൽ വാർത്ത പോല അവരെ സ്ക്രീനിൽ കാണേണ്ടതുമായിരുന്നു. എന്നാൽ തിലകൻ അവരെ മൂന്നു മനുഷ്യരാക്കി. മൂന്നു ഭാവങ്ങളും ചലനങ്ങളും നൽകി. അവരുടെ വൈകാരിക പ്രകടനങ്ങളിൽ പോലും ആ വ്യത്യസ്തത പ്രകടമാണ്. ഇങ്ങനെത്തന്നെയാണ് തന്റെ ഓരോ വേഷങ്ങളെയും തിലകൻ പരിചരിച്ചതെന്നു സാരം.

തിലകന്റെ മികച്ച പ്രകടനങ്ങളേതെന്ന ചോദ്യത്തിന് ഏതൊരു സിനിമാ പ്രേമിക്കും വളരെ വേഗം പറയത്തക്ക തരത്തിൽ തെളിഞ്ഞു വരുന്ന എത്രയെത്ര കഥാപാത്രങ്ങൾ... ഒരു നടൻ അയാളുടെ കരിയറിൽ പകർന്നാടിയ കഥാപാത്രങ്ങളൊക്കെയും മറ്റൊരാൾക്കും പുനരവതരിപ്പിച്ചു ഫലിപ്പിക്കാനാകാത്തത്ര പൂർണതയിലേക്കെത്തിയെന്നത് തിലകനെപ്പോലെ ചിലർക്കു മാത്രം ലഭിക്കുന്ന അംഗീകാരമാണ്.

നാടോടിക്കാറ്റ്, മൂന്നാം പക്കം, പെരുന്തച്ചൻ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, പിൻഗാമി, ഗോഗ് ഫാദർ, മൂക്കില്ലാ രാജ്യത്ത്, യവനിക, പഞ്ചവടിപ്പാലം, കാട്ടുകുതിര, ചക്കിക്കൊത്ത ചങ്കരൻ, കിലുക്കം, സന്ദേശം കണ്ണെഴുതിപ്പൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടൽ...എന്നിങ്ങനെ തിലകന്റെ മികച്ച പ്രകടനങ്ങളുള്ള എത്രയെത്ര സിനിമകൾ...പട്ടിക നീളും...ഇവയിലൊക്കെയും ഓരോരോ തിലകനെയാണ് പ്രേക്ഷകർ കണ്ടത്. ഒരിക്കലും സ്വയം ആവർത്തിക്കാത്ത നടന്‍ എന്നതിന് ഇതിൽ കൂടുതൽ ഉദാഹരങ്ങൾ ആവശ്യമില്ല. ഗൗരവപ്രകൃതമുള്ള കഥാപാത്രങ്ങളെയാണ് കൂടുതൽ അവതരിപ്പിച്ചതെങ്കിലും ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളായി നിറഞ്ഞാടുന്ന തിലകനെയാണ് മൂക്കില്ലാ രാജ്യത്തിലും പഞ്ചവടിപ്പാലത്തിലും ചക്കിക്കൊത്ത ചങ്കരനിലും നാടുവാഴികളിലുമൊക്കെ പ്രേക്ഷകർ കണ്ടത്. തന്നിൽ ആരോപിക്കപ്പെടുന്ന ഗൗരവക്കാരനെ കുടഞ്ഞെറിയുകയായിരുന്നു ഈ വേഷങ്ങളിലൂടെയൊക്കെ അദ്ദേഹം.

thilakan

നാടകവേദികളിൽ നിന്നു ലഭിച്ച ശിക്ഷണമായിരുന്നു തിലകനിലെ നടന്റെ ബലം. ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിലെ വ്യക്തിയെയും രൂപപ്പെടുത്തി. തന്നിലെ അഭിനേതാവിനോട് തികഞ്ഞ ബഹുമാനമായിരുന്നു തിലകന്. തന്നിലെ നടന്റെ കരുത്തും സാധ്യതകളും തിലകനോളം തിരിച്ചറിഞ്ഞ മറ്റൊരാളില്ല. അതിനെ വേണ്ടും വിധം ആവശ്യമുള്ളപ്പോൾ എടുത്തുപയോഗിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മികവ്.

കരിയറിന്റെയും ജീവിതത്തിന്റെയും ഇടക്കാലത്ത് സിനിമയിൽ അർഹിക്കുന്ന അവസരങ്ങൾ തിലകനെ തേടിയെത്തിയില്ല. സിനിമയ്ക്ക് പുറത്ത് താരസംഘടനയുമായുണ്ടായ തർക്കങ്ങളും തന്റെ മൂർച്ചയേറിയ നിലപാടുകളും തിലകനെ പലർക്കും അനഭിമതനാക്കി. രോഗങ്ങളും പ്രതിസന്ധികളും കടുത്തപ്പോൾ തിലകന്റെ കാലം കഴിഞ്ഞെന്നും പലരും വിധിയെഴുതി. എന്നാൽ അത്തരം കണ്ടെത്തലുകളെയൊക്കെ കാറ്റില്‍ പറത്തി തിലകനിലെ നടൻ വിശ്വരൂപം പ്രാപിച്ച് വീണ്ടും വെള്ളിത്തിരയിൽ നിറഞ്ഞു...ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ തിലകനെ തേടി ആദരവു പോലെ ചില ഉഗ്രന്‍ വേഷങ്ങള്‍ വന്നു. ‘ഇന്ത്യന്‍ റുപ്പി’യിലെ അച്യുത മേനോനും ‘ഉസ്താദ് ഹോട്ടലി’ലെ കരീമിക്കയും തിലകനിലെ നടനെ അതിന്റെ തീവ്രതയിൽ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. ഒടുവില്‍ മലയാള സിനിമയുടെ ചരിത്രത്തിൽ തനിക്കു മാത്രമായി ഒരു സിംഹാസനം തീർത്ത്, 2012 സെപ്റ്റംബർ 24ന് തന്റെ 77 വയസ്സിൽ തിലകൻ പോയി... ആ ഓർമ്മയ്ക്ക് ഇന്ന് 9 വർഷം...