Wednesday 01 September 2021 12:06 PM IST

‘അത് വിധിയുടെ കോൾ ആയിരുന്നു’: വർഷങ്ങളുടെ ഇടവേള അവസാനിച്ചു, ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നു...

V.G. Nakul

Sub- Editor

tosh-new-1

മലയാളി കുടുംബപ്രേക്ഷകർക്ക് ‘മുളമൂട്ടിൽ അടിമ’യാണ് ടോഷ് ക്രിസ്റ്റി. ‘കായംകുളം കൊച്ചുണ്ണി’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ഈ കഥാപാത്രം വൻ ജനപ്രീതിയും ആരാധകപിന്തുണയുമാണ് ടോഷിന് നേടിക്കൊടുത്തത്. തുടർന്ന് സിനിമയിലും സീരിയലുകളിലുമൊക്കെയായി ശ്രദ്ധേയ വേഷങ്ങൾ ടോഷിനെ തേടിയെത്തി. ഇടക്കാലത്ത് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ സീരിയൽ മേഖലയിൽ നിന്ന് കുറച്ചേറെക്കാലം മാറി നിൽക്കുകയും ചെയ്തു. 8 വർഷം നീണ്ട ആ ഇടവേള അവസാനിച്ചത് ഈ വർഷമാണ്. ‘സ്വന്തം സുജാത’ എന്ന പരമ്പരയിലൂടെ ടോഷ് വീണ്ടും മിനിസ്ക്രീനിലേക്കെത്തി. ഇതേ പരമ്പരയിലൂടെ വർഷങ്ങളോളം നീണ്ട ഇടവേളയവസാനിപ്പിച്ച് മറ്റൊരാൾ കൂടി അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു – മലയാളത്തിന്റെ പ്രിയ അഭിനേത്രി ചന്ദ്ര ലക്ഷ്മണ്‍. എന്തായാലും ഈ മടങ്ങി വരവ് രണ്ടു പേരുടെയും ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനു കാരണമായിരിക്കുകയാണ്. സ്ക്രീനിലെന്ന പോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കുകയാണ്. നവംബറിലാണ് ടോഷും ചന്ദ്രയും തമ്മിലുള്ള വിവാഹം.

‘‘സ്വന്തം സുജാതയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്. അതിനു മുമ്പ് ഒന്നിച്ച് വർക്ക് ചെയ്തിട്ടില്ല.

സെറ്റിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഓൺസ്ക്രീനിലെ ഞങ്ങളുടെ കെമിസ്ട്രി നന്നായിരിക്കുന്നു എന്നും അഭിപ്രായങ്ങള്‍ കിട്ടിത്തുടങ്ങി. ഇതു പറഞ്ഞ് ലൊക്കേഷനിലൊക്കെ എല്ലാവരും കളിയാക്കാൻ തുടങ്ങി. വീട്ടിലാണെങ്കിലും ‘നല്ല രസമുണ്ടല്ലോ..ഇതെന്താ...’ എന്നൊക്കെ പറ‍ഞ്ഞ് അച്ഛനും അമ്മയും എന്നെ ട്രോളും. ഇതൊക്കെ ഞങ്ങൾ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ വീട്ടിൽനിന്ന് ഗൗരവത്തോടെയുള്ള ഒരു ചോദ്യവും വന്നു – ‘നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിച്ചൂടെ’ എന്ന്. ഞങ്ങൾ തമ്മിൽ അപ്പോൾ അങ്ങനെയൊരു സംസാരം വന്നിരുന്നില്ല. നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു.

tosh-new-2

ചന്തൂന്റെ വീട്ടിലും എന്നെ ഇഷ്ടമായിരുന്നു. പൊകെപ്പോകെ എങ്കിൽ എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ആലോലിച്ചൂടാ എന്ന ചിന്ത വന്നു. നല്ല സുഹൃത്തുക്കളാണ്, വേണ്ട എന്നു പറയേണ്ടതായ ഒരു കാര്യം കാണുന്നുമില്ല. പരസ്പരം മനസ്സിലാക്കുന്നവരുമാണ്. എങ്കിലും ‘ഐ ലവ് യൂ’ എന്നൊന്നും പറയുന്ന തരം മുഹൂർത്തങ്ങളൊന്നും ഉണ്ടായില്ല. വീട്ടുകാർ സംസാരിച്ച് അതിന്റെതായ രീതിയിൽ വിവാഹ ആലോചനയായി മുന്നോട്ടു പോകുകയായിരുന്നു. പക്കാ അറേഞ്ച്ഡ് മാര്യേജ്. ഇനി വേണം പ്രണയിക്കാൻ. ധാരാളം സമയമുണ്ടല്ലോ’’. – ടോഷ് ‘വനിത ഓൺലൈനോട്’ പറയുന്നു.

വിവാഹമായിരുന്നില്ല പ്രധാനം

എനിക്ക് യോജിക്കുന്ന ഒരാളെ കണ്ടെത്താനായില്ല എന്നതാണ് വിവാഹം ഇത്ര വൈകാനുള്ള ഒരു കാരണം. അതിന്റെ പേരില്‍ ടെൻഷൻ അടിച്ചു നടക്കുന്ന അവസ്ഥയായിരുന്നില്ല. കൂൾ ആയിരുന്നു. വീട്ടുകാർക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. ‘നീയെന്താ ഇങ്ങനെ നടക്കുന്നേ, നീയൊന്നും വിട്ടു പറയുന്നില്ല. നോക്ക്....’ എന്നൊക്കെ പറയും. എങ്കിലും എന്റെ കരിയറിൽ ഞാൻ ഫോക്കസ് ചെയ്യുന്നതിൽ വീട്ടിൽ എല്ലാവരും പൂർണ പിന്തുണ നൽകി. അതിനിടെ കല്യാണം പ്രധാന പരിഗണനയല്ലാതെയാകുകയായിരുന്നു. അതോടൊപ്പം സമയമാകുമ്പോൾ വരും എന്നൊരു ചിന്തയുമുണ്ടായിരുന്നു.

tosh-new-4

അഭിനയത്തിന്റെ രണ്ട് പതിറ്റാണ്ട്

‘കായംകുളം കൊച്ചുണ്ണി’ എന്റെ ആദ്യ പരമ്പരയാണ്. എങ്കിലും അതിനു മുമ്പേ ‘നിറം’ ഉൾപ്പടെയുള്ള സിനിമകളിലും മറ്റും എന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ ഇരുതു വർഷത്തിലേറെയായി. സീരിയലിൽ നിന്നു വിട്ട ശേഷം സിനിമയ്ക്ക് വേണ്ടിയാണ് കൂടുതൽ ശ്രമിച്ചത്. ‘കൊമ്പൻ’ എന്ന സിനിമയില്‍ നായകനുമായി. ഇടയ്ക്ക് ഞാൻ നായകനാകുന്ന ഒരു സിനിമയുടെ എഴുത്തും പരിപാടികളുമായി കുറേക്കാലം തിരക്കിലായി. അത് കോവിഡിന്റെ പ്രശ്നങ്ങൾ തീർന്നാൽ ചിത്രീകരണം തുടങ്ങും.

2013 ൽ ‘സൂര്യകാലടി’ എന്ന സീരിയൽ കഴിഞ്ഞ്, 8 വർഷത്തിനു ശേഷം ഇപ്പോഴാണ് ഒരു മെഗാസീരിയലിന്റെ ഭാഗമാകുന്നത്. അതിനിടെ 3 വർഷം മുമ്പ് കണ്ണൻ താമരക്കുളത്തിന്റെ ‘ജാഗ്ര’തയില്‍ നായകനായി. അത് 18 എപ്പിസോഡായിരുന്നു. ഇപ്പോൾ റാം, ഷാഡോ, കുലുക്കി സർബത്ത് ഉൾപ്പടെയുള്ള സിനിമകള്‍ ചെയ്യുന്നുണ്ട്.

tosh-new-3

എന്റെ പ്രിയസുഹൃത്ത് കൂടിയാണ് സ്വന്തം സുജാതയുടെ സംവിധായകൻ അൻസാർ ഖാൻ. അദ്ദേഹം ഈ കഥാപാത്രത്തിനായി വിളിച്ചപ്പോൾ ഞാൻ സമ്മതിച്ചു. രണ്ടാമതൊന്ന് ആലോചിച്ചതേയില്ല. അദ്ദേഹം എന്നെ വെറുതേ വിളിക്കില്ലെന്നുറപ്പായിരുന്നു. അത് വിധിയുടെ കോൾ ആയിരുന്നു. അങ്ങനെ സീരിയലിലേക്കും തിരികെ വന്നു, ജീവിതത്തിലെ പുതിയ ഒരു അധ്യായം തുടങ്ങുകയും ചെയ്യുന്നു.

തൃശൂർ കുന്നംകുളം സ്വദേശിയാണ് ടോഷ്. ജോസ്–കൊച്ചുസാറ ദമ്പതികളുടെ മകൻ. ടോജും ടിഷയുമാണ് സഹോദരങ്ങൾ.