Wednesday 27 September 2023 10:29 AM IST : By സ്വന്തം ലേഖകൻ

‘മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് നന്ദി’: മികച്ച നടനുള്ള പുരസ്കാരം നേടി ടൊവിനോ തോമസ്

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം നേടി മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്.

2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്.

‘മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്’.– ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു.