ADVERTISEMENT

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തെന്ന് വിളിക്കാന്‍ തോന്നുന്ന അത്രയും പ്രിയങ്കരനായ എഴുത്തുകാരനായിരുന്നു സച്ചി. മലയാള സിനിമയുടെ എഴുത്തുവഴികള്‍ ഫിലോസഫിക്കും റിയലിസ്റ്റിക്ക് ശൈലികള്‍ക്കും ഇടയില്‍ നട്ടംതിരിഞ്ഞപ്പോള്‍ , സ്വാഭാവികത നിറയുന്ന സംഭാഷണങ്ങളുമായി സച്ചി
മലയാള സിനിമയുടെ പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലായി മാറുകയായിരുന്നു. പത്ത് പേജ് കഥയുടെ ആവശ്യമില്ലാതെ, രണ്ടു വരിയിലൊതുങ്ങുന്ന കഥയെ രണ്ടര മണിക്കൂർ ആസ്വദിപ്പിക്കാൻ പോന്ന ക്രാഫ്റ്റുള്ള എഴുത്തുകാരൻ.

ഇരട്ട തിരക്കഥാകൃത്തുകളായി തുടങ്ങിയെങ്കിലും സച്ചി തിരച്ചറിയപ്പെട്ടത് റണ്‍ ബേബി റണ്‍ എന്ന ആദ്യ സ്വതന്ത്ര തിരക്കഥയിലൂടെയാണ്. ചാനല്‍ എക്‌സ്‌ക്ലൂസിവുകളെ പറ്റി സംസാരിച്ച സിനിമയിൽ മലയാളി അതുവരെ കണ്ടുശീലിച്ച കഥാമുഹൂർത്തങ്ങൾ ആയിരുന്നില്ല. കോളജില്‍ പഠിക്കുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത കണ്ട ആദ്യ സിനിമയ്ക്കുമപ്പുറം , പുതിയ പശ്ചാത്തലത്തിലേക്ക് മലയാള സിനിമ ചേക്കേറിയതിലെ അത്ഭുതമായിരുന്നു മനസില്‍. റോയ്ടേഴ്സിൻ്റെ വേണു, സ്റ്റിങ് ഓപ്പറേഷൻ, എന്നൊക്കെ കല്ലുകടി തോന്നാതെ ഒരു മലയാള സിനിമയിൽ പറഞ്ഞു കേട്ടതിൻ്റെ വലിയ സന്തോഷം.

ADVERTISEMENT

ഒപ്പം വളരെ ഇൻട്രസ്റ്റിംഗ് പ്ലോട്ട് പോയിന്റിൽ ഡയലോഗ് പിച്ച് ചെയ്യുന്നതിനൊരു സ്റ്റൈലും സച്ചി തുടക്കത്തിലേ സൂക്ഷിച്ചിരുന്നു.
('പൂച്ചെണ്ട് നല്‍കേണ്ടതാ പിള്ളയ്ക്കാണ്. പോയതെല്ലാം അയാള് ഒറ്റ രാത്രകൊണ്ട് തിരി്ച്ചുപിടിച്ചു')

പിന്നീട് , ചേട്ടായീസ്. തിരക്കഥയിൽ പറയാന്‍ ഉദ്ദേശിച്ച വിഷയം, സിനിമയിൽ ചര്‍ച്ചചെയ്യപ്പെട്ടോ എന്നു അറിയില്ല. തിരക്കഥ ആവശ്യപ്പെട്ട ട്രീറ്റ്‌മെന്റ് ലഭിക്കാത്ത സിനിമയായിട്ടാണ് ചേട്ടായിസ് തോന്നിയത്.
കുറച്ച് വെള്ളമടി ഗാങ്ങിന്റെ അലമ്പിനപ്പുറം ആ സിനിമ ഡീപ്പായിരുന്നു. എങ്കിലും രസകരമായ മൂഹൂര്‍ത്തങ്ങളുമായൊരു എന്റര്‍ടെയ്‌നറായിരുന്നു ചേട്ടായീസും
(ഈ ഫ്രണ്ട്ഷിപ്പും 9ഡി ഫ്‌ലാറ്റും പ്രഷര്‍ കുക്കറിന്റെ നോസില് പോലെയാ. ഡെയ്‌ലി ലൈഫിന്റെ സ്‌ട്രെസ്സും മടുപ്പും മൊണോട്ടണിയും ഒക്കെ ചോര്‍ത്തി കളയുന്നൊരു നോസ്സില്‍ )

ADVERTISEMENT

പിന്നീടെത്തിയ അനാര്‍ക്കലിയും സംസാരിച്ചിരുന്നത് രസകരമായൊരു പശ്ചാത്തലത്തെ പറ്റിയായിരുന്നു, ലക്ഷ്വദ്വീപ്. അങ്ങനയൊരു സ്ഥലം തിരഞ്ഞെടുത്ത് വഴി ഒരു സ്ഥിരം പ്രണയക്കഥയ്ക്ക് വളരെ രസകരമായൊരു നരേറ്റിവ് നല്‍കുകയായിരുന്നു സച്ചി. മൂന്നിലധികം കാലഘട്ടം പറഞ്ഞുപോകുമ്പോഴും പ്രേക്ഷകന് ബോറഡിക്കാതിരിക്കാന്‍ പാകത്തിന് ബിജു മേനോന്റെ ക്യാരക്ടറൈസേഷനും മ്യൂസിക്കും ചേര്‍ത്ത് സച്ചിയതിനെ പാകപ്പെടപത്തിയപ്പോള്‍ , കണ്ടുപഴകിയ കാത്തിരിപ്പിന്റെ കഥപോലും ഏറെ രസകരമാവുകയായിരുന്നു.
(സ്‌നേഹത്തിലെന്നല്ല, ഒന്നിലും ആരും 100 പെര്‍സന്റ് ഹോണസ്റ്റ് ആകാന്‍ പാടില്ല. അതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിന്നും പോകുന്നെ)

രാമലീലയുടെ തുടക്കം ഏറെ പ്രിയപ്പെട്ടതാണ്. തോക്കിന് ലൈസന്‍സ് വാങ്ങിവരുന്ന രാമനുണ്ണി. പിന്നീട് കഥയിലേക്ക് ഇറങ്ങുമ്പോൾ ആ സീനിന്റെ ബ്രില്യൻസ് നമുക്ക് മനസിലാകും. അത്രയും മള്‍ട്ടി ലെയേര്‍ഡ് കഥ പറഞ്ഞിട്ടും, ബാലിസ്റ്റിക്‌സും ഹൈഡൗട്ട് ഷൂട്ടിന്റെ ടെക്‌നിക്കാലിറ്റീസും മറ്റ് നിയമവശങ്ങളടങ്ങുന്ന കോംപ്ലിക്കേഷന്‍ ഉണ്ടായിട്ടും നിസ്സാരമായി കയ്യടക്കത്തോടെ മൂന്നേറിയ തിരക്കഥയായിരുന്നു രാമലീലയുടേത്. ഒരു പക്കാ എന്റര്‍ടൈനര്‍. സിനിമയുടെ പ്രധാന ഭാഗങ്ങളില്‍ നായകനും സുഹൃത്തും മാത്രമാകുന്ന ഘട്ടത്തിലും , അത് പിന്നീട് റിപ്പോര്‍ട്ട് ചെയ്ത് ടിവിയിലെത്തുന്ന ഘട്ടത്തിലും രസകരമായ ചില കണക്ഷനുകള്‍ നിലനിര്‍ത്തി ദിലീപിനൊരു ബ്ലോക്ക്ബസ്റ്റര്‍ നല്‍കിയ സച്ചിയുടെ ബ്രില്യന്റ് വർക്ക്.
(പാർട്ടിയിൽ ഇപ്പൊ റേഷനാ. ഒരു വീട്ടില്‍ നിന്ന് ഒരു രക്തസാക്ഷി മതി)

ADVERTISEMENT

ഡ്രൈവിങ് ലൈസന്‍സ് മലയാളി ഏറ്റവും ഇഷ്ടപ്പെടുന്ന അപകടങ്ങളൊട്ടുമില്ലാത്ത ഒരു പാവം ഫീല്‍ ഗുഡ് സിനിമായായിരുന്നു. ലൈസന്‍സ് നഷ്ടപ്പെടുന്ന നായകന്‍ ക്ലൈമാക്‌സില്‍ അത് തിരികെ കിട്ടിയ വാര്‍ത്ത അറിയിക്കുമ്പോള്‍ പണ്ട് സിനിമയില്‍ ശുഭം കാര്‍ഡ് എഴുതികാണിക്കുമ്പോഴുള്ള ചിരി തിയറ്ററില്‍ നിറയ്ക്കാനും സച്ചിയ്ക്കായി. അത്രയധികം പ്രാധാന്യമേറിയ കഥാസന്ദര്‍ഭങ്ങള്‍ ഇല്ലാതിരിക്കുമ്പോളും, ചെറിയ പ്ലോട്ടിലെ ലാഗിലേക്ക് വീഴാതെ താരത്തിന്റെയും ആരാധകന്റെയും ക്ലാസ് സ്ട്രഗിൾ, ഒരുമിച്ചൊരു അഞ്ച് മിനിറ്റിരുന്ന് സംസാരിച്ചാൽ അവസാനിക്കുമായിരുന്നെന്ന് സെൻസിബിളായി പറഞ്ഞുവച്ചു സച്ചി. പക്ഷം ചേരാൻ പ്രേക്ഷകന് അവസരം നൽകാത്തത്ര വേഗതയിൽ , നന്നായി കളിയറിയാവുന്നവന്റെ കണക്കുകൂട്ടലുകളോടെ പ്രേക്ഷകനെ നരേറ്റിവിനൊപ്പം പിടിച്ചിട്ടു സച്ചി. മിയയുടെ കഥാപാത്രത്തെ വളരെ കുറച്ചൂസീനുകള്‍കൊണ്ട് രസിപ്പിച്ചെടുത്ത ക്രാഫ്റ്റിനെ എത്ര കയ്യടിച്ചാലും മതിയാകില്ല.

(ഈ അത്മാഭിമാനം എന്നു പറയുന്നത് ഒരു തരം പോയ്‌സണാണ് സാറെ. അത് തലയില്‍ കേറിയാല്‍ പോയി, നെഞ്ചത്ത് തന്നെ നില്‍ക്കണം)

അയ്യപ്പനും കോശിയും തീ പാറുന്ന പോരാട്ടമായിരുന്നു. ഈഗോയിസ്റ്റായ രണ്ടു കഥാപാത്രങ്ങളെയും , ആദ്യ പത്തു മിനിറ്റിൽ തന്നെ കഥയുടെ കോൺഫ്ലിക്റ്റും തുറന്ന് തന്നിട്ടും ഞെട്ടിക്കുന്നൊരു ഫ്ലാഷ്ബാക്ക് ഓർമപ്പെടുത്തലിലൂടെയുള്ള കത്തിക്കേറലായിരുന്നു സിനിമയുടേത്.
ഒരു നിമിഷം , തിയറ്ററിലിരുന്ന് ഞാന്‍ സുഹൃത്തിനോട് ചോദിച്ചു, ഇത് എവിടെ ചെന്നാകും അവസാനിക്കുകയെന്ന്. അത്രയധികം മുറുക്കി കെട്ടിയ രണ്ടറ്റങ്ങളായിരുന്നു അയ്യപ്പനും കോശിയും. ഇവിടെയും അട്ടപ്പാടി പോലെയൊരു പശ്ചാത്തലത്തെ പ്രയോജനപ്പെടുത്തുകയായിരുന്നു സച്ചി ചെയ്തത്. ജാതി രാഷ്ട്രീയവും മലയാള സിനിമ ഒട്ടും ശ്രദ്ധയില്ലാതെ കോമേഴ്ഷ്യലൈസ് ചെയ്യുന്ന ആദിവാസികളും സച്ചിയുടെ പേനതുമ്പിൽ ജീവസുറ്റതായത് ആ ടെറേയ്നോട് എഴുത്തുകാരൻ എത്രമാത്രം ചേർന്നു നിന്നെന്നുള്ള തെളിവാണ്.
(ഒന്നു പകച്ചുപോയാ പിന്നെ മനുഷ്യനെ പത്തു പൈസയ്ക്കു കൊള്ളത്തില്ല)

കഥയേയും കഥ നടക്കുന്നു ഭുമികയേയും ഏറ്റവും സത്യസന്ധമായി സമീപിക്കുമ്പോളും ഇതിനെല്ലാമൊപ്പം കച്ചവട സിനിമയ്ക്ക് വേണ്ട ചേരുവകളെയും സച്ചി ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.

അതുകൊണ്ട് തന്നെ സച്ചിയെന്ന പേരിന്റെ വിശ്വാസത്തില്‍ തിയറ്ററിലെത്താന്‍, ആ എഴുത്തുകള്‍ ഒരു വലിയ ജനക്കൂട്ടത്തെ തന്നെ സൃഷ്ടിച്ചു. 'ഇനി കണ്ടറിയണം സച്ചിയുടെ എഴുത്തുകൾ' എന്നൊക്കെ ആളുകളെക്കൊണ്ട്, പറയിപ്പിച്ചു . വിശ്വസിപ്പിച്ചു. ആശിപ്പിച്ചു.

എന്നിട്ട് പോയി, പണ്ടാരം വിഷമം തന്നിട്ട്.
ഏറെ ജനപ്രിയതയുള്ള തിരക്കഥാകൃത്തിന്റെ ഒട്ടും ജനപ്രിതി ലഭിക്കാത്ത തീരുമാനം.

YOU WILL BE MISSED!!!

ADVERTISEMENT